തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് ജാമ്യം ലഭിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായ വടകര എം.എല്‍.എ കെ.കെ. രമ. ജനാധിപത്യ ബോധമുള്ള സകല മനുഷ്യര്‍ക്കും ഈ വിധി പകരുന്ന ആഹ്ലാദവും ശുഭാപ്തിവിശ്വാസവും ചെറുതല്ലെന്നും രാജ്യത്തെ ഉന്നത നീതിപീഠത്തില്‍ നിന്ന് ഇനി ഈ കേസില്‍ സ്വാഭാവിക നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും രമ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രമയുടെ പ്രതികരണം.
ചായ കുടിക്കാനല്ലാതെ ഈ കുട്ടികള്‍ എന്തിന് പോയതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. അന്വേഷണ സംഘം കുറ്റം തെളിയിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി അലനെയും താഹയെയും കുറ്റവാളികളാക്കിയിരുന്നു. ഇവര്‍ ചായ കുടിക്കാന്‍ പോയതല്ലെന്ന പിണറായിയുടെ പ്രസ്താവന ഇതിന് തെളിവാണ്.
രണ്ട് വര്‍ഷമായിട്ടും ലഘുലേഖ കൈവശം വച്ചുവെന്ന ബാലിശമായ വാദം മാത്രമാണ് അന്വേഷണ സംഘത്തിന് ഇപ്പോഴും ലഭിച്ചിട്ടുള്ളു. തിനപ്പുറം ഇവര്‍ രാജ്യസുരക്ഷയ്ക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. അതുതന്നെയാണ് സുപ്രീം കോടതിയുടെ ജാമ്യത്തിനും കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഈ കേസിന്റെ പ്രാരംഭഘട്ടം മുതല്‍ ഈ വിദ്യാര്‍ത്ഥികളെ മാവോയിസ്‌ററുകളെന്ന മുദ്രകുത്തുകയായിരുന്നു സി.പി.ഐ.എം.
കള്ളക്കടത്തുകള്‍ നടത്തുകയും ആയുധങ്ങളുമായി ആളുകളെ കൊല്ലുകയും ചെയ്യുന്നവരല്ല, പകരം അറിവുനേടുന്ന പുതു തലമുറയാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും കുറ്റവാളികള്‍. പന്തീരാങ്കാവിലെ യുവാക്കളെ രണ്ടു വര്‍ഷമായി സമൂഹത്തില്‍ കൊടും കുറ്റവാളികളാക്കി നിര്‍ത്തിയ ആഭ്യന്തര വകുപ്പ് മാപ്പ് പറയണം,’ കെ.കെ. രമ പറഞ്ഞു.
യാതൊരു തെളിവോ മാവോയിസ്റ്റ് പ്രവര്‍ത്തനമോ കണ്ടെത്താതെ രണ്ട് ചെറുപ്പക്കാരെ സമൂഹത്തിനു മുന്നില്‍ കൊടും കുറ്റവാളികളാക്കി മുദ്രകുത്തി കേന്ദ്ര ഏജന്‍സിക്ക് കൈമാറിയ കേരള സര്‍ക്കാര്‍ ഇരുവരുടെയും കുടുംബത്തോടും സമൂഹത്തോടും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും രമ കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ.എം അരുംകൊല ചെയ്ത നിരവധി യുവാക്കളുടെ കുടുംബങ്ങള്‍ കേന്ദ്ര എജന്‍സികളുടെ അന്വേഷണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പണം ഉപയോഗിച്ച് അത്തരം ആവശ്യങ്ങളെ കോടതിയില്‍ എതിര്‍ക്കുന്നവരാണ് വെറും ലഘുലേഖകള്‍ കൈവശം വച്ചുവെന്ന ആരോപണവുമായി രണ്ടു ചെറുപ്പക്കാരെ പിടികൂടി കേന്ദ്ര എജന്‍സിക്ക് കൈമാറിയതെന്നതാണ് വലിയ വിരോധാഭാസം. ഈ ഇരട്ടത്താപ്പിനേറ്റ തിരിച്ചടി കൂടിയാണ് ഈ കോടതി വിധിയെന്നും രമ പറഞ്ഞു.
അതേസമയം, പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം കോടതി ശരിവെക്കുകയും ചെയ്തു. ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: KK Rema responds to Supreme Court verdict on Thaha Fazal’s bail in Panteerankavu UAPA case.