| Tuesday, 6th September 2016, 3:54 pm

യു.എ.പി.എ ചുമത്തി പൂനെയിലെ ജയിലിലടച്ചിരിക്കുന്ന മുരളി കണ്ണമ്പള്ളിക്ക് ചികിത്സയും വിചാരണയും ഉറപ്പാക്കണം: കെ.കെ രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: യു.എ.പി.എ ചുമത്തി വിചാരണുപോലുമില്ലാതെ കണ്ണമ്പിള്ളി മുരളിയെ പൂനെ യേര്‍വാദാ ജയിലില്‍ അടച്ചിട്ട് അഞ്ഞൂറ് ദിവസങ്ങള്‍ പിന്നിടുന്നതായി ആര്‍.എം.പി നേതാവ് കെ.കെ രമ.

ഒരു കാര്‍ഡിയാക് സര്‍ജറി കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് മുരളി പൊലീസ് കസ്റ്റഡിയിലാകുന്നത്. ഇപ്പോള്‍ കഠിനമായ നെഞ്ചുവേദനയെ തുടര്‍ന്ന് മുരളിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൃദ്രോഗിയായ ഒരാള്‍ക്ക് ലഭിക്കേണ്ടുന്ന പരിഗണനകള്‍ യേര്‍വാദയിലെ അണ്ടാസെല്ലില്‍ മുരളിക്ക് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നതെന്നും കെ.കെ രമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മനുഷ്യത്വവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് ഈ സമീപനം. പോലീസ് കസ്റ്റഡിലാകുന്നതു വരെ മുരളിയുടെ പേരില്‍ ഒരു പെറ്റികേസ് പോലുമുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. രാഷ്ട്രീയമായ കാരണങ്ങളുടെ പേരില്‍ മാത്രമാണ് യു.എ.പി.എ ചുമത്തി ഒരു വര്‍ഷത്തിലധികമായി മുരളിയെ തടവിലിട്ടിരിക്കുന്നത് എന്നതാണ് വാസ്തവം.

അതുകൊണ്ട് തന്നെ അവരെ രാഷ്ട്രീയതടവുകാരായി ഭരണകൂടം പരിഗണിക്കേണ്ടതുണ്ട്. കേരളത്തില്‍, ആദിവാസി പെണ്‍കുട്ടിയായ ഗൗരിയും മികച്ച കര്‍ഷകനുള്ള അംഗീകാരത്തിന് അര്‍ഹനായ ചാത്തു എന്ന സഖാവും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തൊകൊണ്ടുള്ള പോസ്റ്റര്‍ പതിച്ച കുറ്റത്തിന് ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയാണ്.

മാവോയിസ്റ്റ് എന്നൊരു മുദ്ര ചാര്‍ത്തിയാല്‍ സര്‍വ്വ മൗലിക മനുഷ്യാവകാശങ്ങളും റദ്ദ് ചെയ്ത് ഒരാളെ അനന്തകാലം ഇരുട്ടറയില്‍ തള്ളാമെന്ന് വരുന്നത് തീര്‍ച്ചയായും ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ച് ആപല്‍സൂചന തന്നെയാണ്.

മനുഷ്യാവകാശങ്ങളെ നോക്കുകുത്തിയാക്കുന്ന കരിനിയമങ്ങള്‍ക്കും ഭരണകൂട അമിതാധികാരപ്രയോഗങ്ങള്‍ക്കുമെതിരായ ജനാധിപത്യപക്ഷത്തിന്റെ പ്രതിരോധം അടിയന്തിരമായിരിക്കുന്നെന്നും രമ പറയുന്നു.

മുരളിക്ക് ഏറ്റവും ആധുനികമായ ചികിത്സയും ആരോഗ്യകരമായ ജയില്‍ജീവിതവും കാലവിളംബമില്ലാത്ത വിചാരണയും ഉറപ്പാക്കാന്‍ ജനാധിപത്യ വിശ്വാസികളും മനുഷ്യസ്‌നേഹികളും ഒരുമിച്ച് ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നെന്നും കെ.കെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

We use cookies to give you the best possible experience. Learn more