| Wednesday, 5th January 2022, 5:15 pm

ആറ് വര്‍ഷത്തിന് ശേഷവും ഞാന്‍ 'അസഭ്യം' പറഞ്ഞ ഓഡിയോ കോടതിയില്‍ സമര്‍പ്പിച്ചില്ല; വ്യാജ പ്രചരണത്തില്‍ കൈരളിക്കെതിരെ നിയമ നടപടി തുടരുമെന്ന് കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 2016 നിയമസഭാ തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് കൈരളി പീപ്പിള്‍  തനിക്കെതിരെ നടത്തിയ വ്യാജ പ്രചരണത്തിനെതിരെയുള്ള നിയമ നടപടി തുടരുമെന്ന് വടകര എം.എല്‍.എ കെ.കെ. രമ.

കേസുമായി ബന്ധപ്പെട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഗൗരവമേറിയ കാര്യങ്ങളാണ് തെളിയിക്കപ്പെടുന്നതെന്ന് കെ.കെ. രമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

പെണ്‍കുട്ടി സ്വന്തം ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് എന്ന പേരില്‍ കൈരളി പീപ്പിള്‍ ടി.വി ഞാന്‍ അസഭ്യം പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുകയായിരുന്നു. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ ‘തെളിവോ’ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോള്‍ അനുഭവിച്ച വേദനയും നിസ്സഹായതയും വിവരണാതീതമായിരുന്നെന്നും കെ.കെ. രമ പറഞ്ഞു.

ഒരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേദിവസം പൊതുമധ്യേ അപകീര്‍ത്തിപ്പെടുത്താനും അധിക്ഷേപിക്കാനും പാര്‍ട്ടി ചാനലും സി.പി.ഐ.എം നേതൃത്വവും നടത്തിയ ഗൂഢാലോചനയാണിത്. വ്യാജ വീഡിയോ നിര്‍മിച്ച് ചാനല്‍ വഴി നടത്തിയ പരസ്യപ്രചാരണം അതിഗുരുതരമായ കുറ്റകൃത്യമാണെന്നും കെ.കെ. രമ പറഞ്ഞു.

കേസിന്റെ ഭാഗമായി, ഫോറന്‍സിക് പരിശോധനങ്ങള്‍ക്ക് വിധേയമാക്കുന്നതിന് ഈ നുണപ്രചാരണത്തിനായി ഉപയോഗിച്ച ഒറിജിനല്‍ വീഡിയോ ടേപ്പ് പൊലീസിലോ, കോടതിയിലോ ഹാജരാക്കാന്‍ കൈരളി ടി.വി മേധാവികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ആറ് വര്‍ഷത്തിന് ശേഷം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

നാണംകെട്ട ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ കൈരളി ചാനലും, സി.പി.ഐ.എം നേതൃത്വവും കേരളീയ പൊതുസമൂഹത്തോട് ഇനിയെങ്കിലും മാപ്പുപറയാന്‍ തയ്യാറാവുമോ എന്നും കെ.കെ. രമ ചോദിച്ചു.

‘2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിച്ചപ്പോഴാണ് സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്ന് എല്ലാ അര്‍ത്ഥത്തിലും ഏറ്റവും ഭീകരമായ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിനത്തില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായ എന്റെ വോട്ടഭ്യര്‍ത്ഥന ബലം പ്രയോഗിച്ച് തടയുകയും, ഞാനും കൂടെയുണ്ടായിരുന്ന സഖാക്കളും പൊതുവഴിയില്‍ കായികാക്രമണത്തിന് ഇരയാവുകയും ചെയ്തു.

എന്നാല്‍ ആ ആക്രമണത്തേക്കാള്‍ എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നാള്‍ സി.പി.ഐ.എം ഉന്നത നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ നടന്ന അതിക്രൂരമായ അപവാദപ്രചാരണമായിരുന്നു.
വടകരയിലെ വോട്ടറും സി.പി.ഐ.എം പ്രവര്‍ത്തകയുമായ ഒരു പെണ്‍കുട്ടിയെ ഞാന്‍ അസഭ്യം പറഞ്ഞു എന്ന പ്രചാരണമാണ് ഒരു ദിവസം മുഴുവന്‍ സി.പി.ഐ.എം നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ പാര്‍ട്ടി ചാനലുപയോഗിച്ച് സംഘടിതമായി നടത്തിയത്,’ കെ.കെ. കൂട്ടിച്ചേര്‍ത്തു.

കെ.കെ. രമയുടെ വാക്കുകള്‍

സി.പി.ഐ.എം സൈബര്‍ സെല്ലുകള്‍ സാമൂഹ്യ മാധ്യമങ്ങളിലാകെ ക്രൂരമായ ആ നുണപ്രചരണം അക്ഷരാര്‍ത്ഥത്തില്‍ കൊണ്ടാടുക തന്നെ ചെയ്തു. മുഴുദിന ചാനല്‍ ചര്‍ച്ചയില്‍ എളമരം കരീം, പി. സതിദേവി തുടങ്ങിയ ഉന്നത സി.പി.ഐ.എം നേതാക്കള്‍ ‘രമയുടെയും സംഘത്തിന്റെയും അഴിഞ്ഞാട്ടത്തെപ്പറ്റി’ കണ്ടകാര്യങ്ങള്‍ പറയുന്നതു പോലെ വാചാലരായത് നാം കണ്ടു.

കേവല ജനാധിപത്യ മര്യാദകളും മാനുഷിക പരിഗണനകളുമെല്ലാം കാറ്റില്‍ പറത്തി, നട്ടാല്‍കിളിര്‍ക്കാത്ത ഒരു ഗീബല്‍സിയന്‍ നുണ പാര്‍ട്ടി ചാനലും, പാര്‍ട്ടി സംഘടനയും, പാര്‍ട്ടി സൈബര്‍ വെട്ടുകിളിക്കൂട്ടങ്ങളേയും ഉപയോഗിച്ച് സി.പി.ഐ.എം ഉന്നതനേതൃത്വം കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ സത്യമെന്ന് വരുത്തിതീര്‍ത്തതിന്റെ അനുഭവം തീര്‍ച്ചയായും ഭയാനകമായിരുന്നു.

ആരെയൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞാലും, എന്റേത് എന്ന പേരില്‍ അതില്‍ കേള്‍ക്കുന്ന ശബ്ദം വ്യാജമാണ് എന്ന് എനിക്കും, സഖാക്കള്‍ക്കും, എന്നെ അറിയുന്നവര്‍ക്കും സംശയിക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെയാണ് അന്നുതന്നെ സി.പി.ഐ.എം പാര്‍ട്ടി ചാനലിന്റെ നെറികെട്ട ഈ വ്യാജ പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കാനും സത്യാവസ്ഥ പുറത്തു കൊണ്ടുവരാനും നിയമ നടപടികള്‍ സ്വീകരിച്ചത്.

സംസ്ഥാന ആഭ്യന്തര വകുപ്പ് അവഗണിച്ച് ചവറ്റുകൊട്ടയിലെറിയാന്‍ ശ്രമിച്ച ഈ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലയളവിനിടയില്‍ എത്ര തവണയാണ് വടകര പൊലീസ് സ്റ്റേഷനില്‍ ഞാന്‍ കയറിയിറങ്ങിയതെന്ന് ഓര്‍മ്മയില്ല.

പരാതി നല്‍കിയ അന്നുമുതല്‍ കേരളത്തിന്റെ ആഭ്യന്തര ഭരണം സി.പി.ഐ.എമ്മിന്റെ കൈകളിലാണ്. ഈ വീഡിയോ സ്വന്തം ഫോണില്‍ ചിത്രീകരിച്ചതായി അവകാശപ്പെട്ടത് സി.പി.ഐ.എം പ്രവര്‍ത്തകയാണ്.

ഈ നുണ വാര്‍ത്ത പ്രചരിപ്പിച്ചത് സി.പി.ഐ.എമ്മിന്റെ സ്വന്തം പാര്‍ട്ടി ചാനലും നേതാക്കളുമാണ്. പൊലീസ് മനസ്സുവെച്ചാല്‍ മണിക്കൂറുകള്‍ കൊണ്ട് കണ്ടെത്താവുന്ന ഇലക്ട്രോണിക്, ഫോറന്‍സിക് തെളിവുകളും വെളിച്ചത്തുകൊണ്ടുവരാവുന്ന വസ്തുതകളും മാത്രമേ ഈ കേസിന് ആധാരമായുള്ളുവെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്? എന്നിട്ടും നിയമ നടപടി സര്‍ക്കാരിന്റെയോ പൊലീസിന്റെയോ ഭാഗത്തുനിന്നും ഉണ്ടായില്ല.

തങ്ങളുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തോട് സന്ധി ചെയ്യാത്തവരെ, ആണ്‍-പെണ്‍ ഭേദമില്ലാതെ കൈകാര്യം ചെയ്യാനും വേട്ടയാടാനും കേരളത്തിലെ സി.പി.ഐ.എം നേതൃത്വം നെറികേടിന്റെ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവുകൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വ്യാജ വീഡിയോ നിര്‍മ്മാണവും, സംഘടിത അപവാദപ്രചാരണത്തിലെ രാഷ്ട്രീയ ഗൂഢാലോചനയുമടക്കം ഈ കേസിലെ ഗുരുതരകുറ്റകൃത്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ നിയമനടപടികളുമായി ഇനിയും മുന്നോട്ടുപോവുക തന്നെ ചെയ്യും.

നുണയുടെ പാഴ്മുറം കൊണ്ട് സത്യത്തിന്റെ വെളിച്ചത്തെ ഏറെനാള്‍ മറയ്ക്കാനാവില്ലെന്ന് തന്നെയാണ് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: KK Rema says legal action will be taken against Kairali channel for fake propaganda.

We use cookies to give you the best possible experience. Learn more