കോഴിക്കോട്: സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചതിന് പിറകില്‍ എടുത്തു പറയേണ്ട അദ്ദേഹത്തിന്റെ ജീവിതപങ്കാളി റൈഹാനത്തിന്റെ ഇടപെടലുകളാണെന്ന് കെ.കെ. രമ എം.എല്‍.എ. ഒരു ഭരണകൂടത്തോടാണ് ഏറ്റുമുട്ടുന്നത് എന്നത് റൈഹാനത്തിനെ ഒരിക്കലും ഭയപ്പെടുത്തിയില്ല എന്നും കെ.കെ. രമ പറഞ്ഞു. റൈഹാനത്തിന്റെയും മകന്റെയുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചായിരുന്നു കെ.കെ. രമയുടെ പ്രതികരണം.
ഭരണഘടനാപരമായ ധാര്‍മികതക്കും നീതിബോധത്തിനും മുകളില്‍ അന്യവിദ്വേഷത്തിന്റെ മുന്‍വിധികള്‍ നീതി നിശ്ചയിക്കുന്ന ഫാസിസത്തിലേക്ക് ഭരണകൂടങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍, വേട്ടയാടപ്പെടുന്ന ദളിതര്‍ക്ക്, ന്യൂനപക്ഷങ്ങള്‍ക്ക്, ജനാധിപത്യവാദികള്‍ക്ക് ഇത്തരം കോടതി വിധികളും നിരീക്ഷണങ്ങളും ഇരുട്ടിലെ നക്ഷത്രങ്ങള്‍ പോലെ പ്രത്യാശാഭരിതമാണെന്നും കെ.കെ. രമ പറഞ്ഞു.
‘നീണ്ട രണ്ട് വര്‍ഷത്തെ ഇരുട്ടറയിലെ ദുരിത ജീവിതത്തിന് വിരാമമിട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നു. ഈ നേട്ടത്തിന് പിറകില്‍ എടുത്തു പറയേണ്ട ഒന്നാണ് സിദ്ദിഖിന്റെ ജീവിതപങ്കാളി റൈഹാനത്തിന്റെ ഇടപെടലുകള്‍.
ഒരു ഭരണകൂടത്തോടാണ് ഏറ്റുമുട്ടുന്നത് എന്നത് ഒരിക്കലും അവരെ ഭയപ്പെടുത്തിയില്ല. അതിവൈകാരികതയിലേക്ക് വഴിമാറിപ്പോകാവുന്ന ഒരോ സന്ദര്‍ഭത്തിലും അതീവ പക്വതയോടെ അവര്‍ പ്രതികരിച്ചു. ഭരണകൂടത്തിന്റെയും സര്‍ക്കാരുകളുടെയും സ്ഥാപിത താല്പര്യങ്ങള്‍ക്കുമപ്പുറം നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളില്‍ അവര്‍ വിശ്വാസം പുലര്‍ത്തി.
സുപ്രീം കോടതിയില്‍ നടന്ന ഈ കേസിന്റെ വിചാരണയും വിധിയും അതീവ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
‘ഏതൊരു വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് അവകാശമുണ്ട്. ഹത്രാസില്‍ ബലാത്ക്കാരം ചെയ്ത് കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടാനും അത് അന്വേഷിക്കാനും ഒരു പൗരന് അവകാശമില്ലേ? അതെങ്ങനെയാണ് നിയമത്തിന്റെ കണ്ണില്‍ കുറ്റകൃത്യമാവുക? ‘ എന്നാണ് പ്രോസിക്യൂഷനോട് കോടതി ചോദിച്ചത്,’ കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: KK Rema MLA said that the reason behind Siddique Kappan getting bail was his spouse Raihanam’s interventions