| Sunday, 30th January 2022, 11:08 pm

കമ്മ്യൂണിസ്റ്റുകാര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാമോ? എന്ന വലതുപക്ഷ വാദങ്ങള്‍ പോലെയാണ് കാരശ്ശേരി മാഷിന് ട്രെയിനില്‍ കയറാമോ എന്ന പോസ്റ്ററൊട്ടിപ്പ് : കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെ വ്യക്തിപരമായി തെരഞ്ഞുപിടിച്ച്, അപവാദങ്ങള്‍ പ്രചരിപ്പിച്ച് ഒറ്റപ്പെടുത്തി ആക്രമിക്കുകയും ആത്മവിശ്വാസം തകര്‍ക്കുകയുമാണ് സി.പി.ഐ.എം സൈബര്‍ സംഘങ്ങള്‍ ചെയ്യുന്നതെന്ന് കെ.കെ. രമ എം.എല്‍.എ.

ഒരു പാര്‍ട്ടി സംവിധാനമാകെ നാളിതുവരെ കണ്ടിട്ടില്ലാത്തത്രയും അക്രമോത്സുകതമായ സൈബര്‍ അവഹേളനത്തിന് നേതൃത്വം നല്‍കുന്ന കാഴ്ചയ്ക്കാണ് കുറച്ച് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് അവര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

കവി റഫീഖ് അഹമ്മദും എം.എന്‍. കാരശ്ശേരിയും, സി.ആര്‍. നീലകണ്ഠനുമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരായത്. ഡോ. ആസാദ് അടക്കമുള്ള പലരും നേരത്തേ പല വിഷയങ്ങളിലും ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

സങ്കല്പിക്കാനാവാത്ത പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി, കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതത്വം തകര്‍ത്ത്, കേരളത്തിന് താങ്ങാനാവാത്തത്രയും കടം വരുത്തി വച്ച്, വലിയ രൂപത്തില്‍ ഇരകളെ സൃഷ്ടിച്ചു കൊണ്ട് നടപ്പാക്കാന്‍ പോവുന്ന പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം എതിര്‍പ്പുമായി രംഗത്തുണ്ട്. ഇതിനുപിന്നിലെ താല്പര്യങ്ങളെന്ത്? എന്ന ജനാധിപത്യപരമായ ചോദ്യത്തിനു മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കുന്നതിന്റെ ജാള്യം മറച്ചുവെക്കാനാണ് ഈ കടന്നാക്രമണങ്ങളെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അറിയാമെന്നും രമ പറഞ്ഞു.

സ്വകാര്യ സ്വത്തുടമസ്ഥത തകര്‍ത്ത് സോഷ്യലിസം നടപ്പാക്കല്‍ പ്രഖ്യാപിത നയമായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വകാര്യ സ്വത്ത് പാടുണ്ടോ? ബൂര്‍ഷ്വാ വ്യവസ്ഥിതിയെ എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ആ വ്യവസ്ഥിതിയിലെ നിയമങ്ങളും ചട്ടങ്ങളും അംഗീകരിക്കാമോ? കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ എതിര്‍ത്ത കമ്മ്യൂണിസ്റ്റുകാര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാമോ? തുടങ്ങിയ വാദങ്ങളുമായി വലതുപക്ഷം നാളിതു വരെ കമ്മ്യൂണിസ്റ്റുകാരെ അപഹസിക്കാന്‍ ഉപയോഗിച്ച അതേ മാര്‍ഗവും രീതിയുമാണ് കാരശ്ശേരി മാഷ് ട്രെയിനില്‍ കയറാമോ എന്ന തങ്ങളുടെ പോസ്റ്ററൊട്ടിപ്പിലും ഉള്ളതെന്ന് ഇവരോര്‍ക്കുന്നില്ലെന്നും രമ പറഞ്ഞു.

പരിസ്ഥിതിയെപ്പറ്റി പറയുന്നവര്‍ വാഹനങ്ങളിലും വിമാനത്തിലും കയറിക്കൂടെന്നും വിദേശ യാത്ര നടത്തിക്കൂടെന്നും വീടുണ്ടാക്കിക്കൂടെന്നുമൊക്കെയുള്ള ബാലിശമായ വാദം സൃഷ്ടിക്കുകയും അതിനെ ഒരു സിദ്ധാന്തമാക്കി വച്ച് പദ്ധതിയെ എതിര്‍ക്കുന്നവരെ ഞങ്ങള്‍ ഓഡിറ്റ് ചെയ്തു കളയും എന്നാണ് സി.പി.ഐ.എം സൈബര്‍ സംഘങ്ങള്‍ പറയുന്നതെന്നും അവര്‍ പറഞ്ഞു.

പരിസ്ഥിതിപഠനം ഒരു ആധുനിക ശാസ്ത്രശാഖയാണെന്നും, സുസ്ഥിരവും പുനരുല്പാദന സ്വഭാവമുള്ളതും പരമാവധി പ്രകൃത്യാഘാതം കുറച്ചുള്ളതുമായ പദ്ധതികളിലൂടെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിച്ചുകൊണ്ടുളള സാമൂഹ്യ പുരോഗതി ഉറപ്പുവരുത്തുക എന്നതാണ് അതിന്റെ താല്പര്യമെന്നും ഇവര്‍ക്കറിയില്ലേ എന്നും രമ പരിഹസിച്ചു.

അങ്ങനെ വരുമ്പോള്‍ പ്രാകൃത യുഗത്തിലേക്കുള്ള തിരിച്ചു പോക്കല്ല, ഏറ്റവും അത്യാധുനിക യുഗത്തിലേക്കുളള കുതിപ്പാണ് പരിസ്ഥിതി പഠനം ഉറപ്പു വരുത്തുന്നത്. മാര്‍ക്‌സിസവും പരിസ്ഥിതിവാദവും പരസ്പര വിരുദ്ധമായ ആശയഗതികളുമല്ല.

‘കേരളത്തേക്കാള്‍ ജനസാന്ദ്രത കുറഞ്ഞ ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന പദ്ധതികള്‍ പലതിനോടും അതാതിടത്തെ സി.പി.ഐ.എം ഘടകങ്ങള്‍ വിയോജിപ്പും എതിര്‍പ്പും പ്രഖ്യാപിച്ചതില്‍ പരിസ്ഥിതി പ്രശ്‌നങ്ങളും മാനദണ്ഡമായിട്ടുണ്ട്.

സീതാറാം യെച്ചൂരി തന്നെ അത്തരം നിലപാടുകള്‍ പലഘട്ടങ്ങളില്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
അതുകൊണ്ട് ഒരു മുതലാളിത്ത കാലത്ത് ജീവിക്കുന്ന വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിച്ചുനോട്ടയുക്തിയില്‍ അതിക്രമിച്ചു കയറുന്ന ഓഡിറ്റിംഗ് അല്ല, മോഹന വാഗ്ദാനങ്ങളുമായി വരുന്ന പദ്ധതികളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സാമൂഹ്യ പുരോഗതിയില്‍ അവയുടെ ഗുണങ്ങളും മുന്‍നിര്‍ത്തിയുള്ള ഓഡിറ്റിംഗാണ് കാലം ആവശ്യപ്പെടുന്നത്,’ കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.

പലതരം എതിര്‍പ്പുകളെ നേരിട്ട് മതേതര- ജനാധിപത്യ കേരളത്തിനായി പൊരുതുന്ന മനുഷ്യരെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് കെ റെയിലിനെതിരെയുള്ള ജനകീയ സമരത്തെ പരാജയപ്പെടുത്താമെന്നത് അധികാരത്തിന്റെ അഹന്തയില്‍ നിന്നുള്ള അതിരുകടന്ന ആത്മവിശ്വാസമല്ലാതെ മറ്റൊന്നുമല്ല. അത് വൃഥാവിലാണെന്ന് കാലം തെളിയിക്കും.

പൗരത്വ സമരകാലത്ത് സമരക്കാരുടെ പട്ടിക തയ്യാറാക്കിയ സംഘപരിവാര യുക്തി തന്നെയാണ് കേരളത്തിലെ സി.പി.എഐമ്മിനെയും നയിക്കുന്നത്. ഇപ്പോള്‍ സൈബറിടത്തിലും നാളെ തെരുവിലും ആക്രമിച്ചില്ലാതാക്കേണ്ടവരുടെ ഹിറ്റ്‌ലിസ്റ്റാണ് തയ്യാറാവുന്നത്. ജനാധിപത്യ സമൂഹം ജാഗ്രതയോടെ ഈ സംഘടിത ക്രിമിനല്‍ അക്രമണങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

CONTENT HIGHLIGHTS :  KK Rema MLA said that the CPI (M) cyber groups were personally targeting those who opposed the K Rail project, spreading rumors, isolating them and attacking them, undermining their confidence. 

We use cookies to give you the best possible experience. Learn more