തിരുവനന്തപുരം: പൊലീസ് സേവനങ്ങള്‍ക്ക് നിരക്ക് കൂട്ടിയ നടപടിയില്‍ വിമര്‍ശനവുമായി കെ.കെ. രമ എം.എല്‍.എ. വാഹന അപകടത്തില്‍പ്പെട്ടവരുടെ എഫ്.ഐ.ആര്‍ കോപ്പിക്കുപോലും 50 രൂപ വാങ്ങുന്ന ഈ സര്‍ക്കാര്‍ എന്ത് ജനകീയതയാണ് മുന്നോട്ടുവെക്കുന്നതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ.കെ.രമ പറഞ്ഞു.
പതിറ്റാണ്ടുകളുടെ സമരങ്ങള്‍കൊണ്ട് നേടിയെടുത്ത അവകാശങ്ങള്‍ക്ക് വിലയിടുന്ന ജനവിരുദ്ധ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
‘നൂറ്റാണ്ടുകള്‍ അടക്കിവാണ ഒരു രാജ്യത്തിനെതിരെ തെരുവുയുദ്ധം നടത്തിയും പ്രതിഷേധിച്ചും പ്രകടനം നടത്തിയും സ്വതന്ത്രമായൊരു രാജ്യമാണ് നാം. ആ രാജ്യം അംഗീകരിച്ച ഭരണഘടനയില്‍തൊട്ട് സത്യംചെയ്ത് അധികാരത്തിലേറിയവരാണ് ഇപ്പോള്‍ പ്രതിഷേധിക്കാനും പ്രകടനം നടത്താനുമുള്ള ജനാധിപത്യ അവകാശത്തിന് വിലയിടുന്നത്. നവോത്ഥാന കേരളമെന്നും നമ്പര്‍ വണ്‍ എന്നും തള്ളിമറിക്കുന്നവര്‍ നാടിന്റെ വിഭവങ്ങളെല്ലാം ഭരണത്തിന്റെ കെടുകാര്യസ്ഥതയാലെ ഇല്ലായ്മചെയ്ത് ജനങ്ങളില്‍ അടിക്കടി നികുതി ഭാരം കൂട്ടുകയാണ്.
ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് പൊലിസിന്റെ സേവനങ്ങള്‍ക്ക് അതിഭീകരമായി വിലകൂട്ടുകയും പ്രകടനങ്ങള്‍ക്കും സംഘടിക്കാനുള്ള പ്രസ്ഥാനങ്ങളുടെ അവകാശത്തിനും വിലയിടുകയും ചെയ്തിരിക്കുന്നത്. വാഹന അപകടത്തില്‍പെട്ടവരുടെ എഫ്.ഐ.ആര്‍ കോപ്പിക്കുപോലും 50 രൂപ വാങ്ങുന്ന ഈ സര്‍ക്കാര്‍ എന്ത് ജനകീയതയാണ് മുന്നോട്ടുവെക്കുന്നത്? തൊഴിലാളിവര്‍ഗ സര്‍ക്കാരെന്ന പേര് മേമ്പൊടി ചേര്‍ത്ത് ഭരിക്കാനിറങ്ങിയവര്‍ എത്രയേറെ ജനവിരുദ്ധരാകാം എന്ന ഗവേഷണം നടത്തുകയാണ്. പതിറ്റാണ്ടുകളുടെ സമരങ്ങള്‍കൊണ്ട് നേടിയെടുത്ത അവകാശങ്ങള്‍ക്ക് വിലയിടുന്ന ജനവിരുദ്ധ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്,’ കെ.കെ. രമ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസില്‍ നിന്നു ലഭിക്കേണ്ട രേഖകള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ഇനി പണം നല്‍കണം. നേരത്തെ ഈ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടിയിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കേണ്ട ജനറല്‍ ഡയറി, എഫ്‌ഐആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, വൂണ്ട് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഓരോന്നും ലഭിക്കാന്‍ 50 രൂപ വീതം ഇനി മുതല്‍ നല്‍കണം.
പൊലീസ് നായയെ വാടകയ്ക്ക് ലഭിക്കാന്‍ 7280 രൂപ നല്‍കണം. വര്‍ലെസ് സെറ്റ് ഒന്നിനു 2425 രൂപ.പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജാഥ നടത്തുന്നതിനു അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. സബ് ഡിവിഷന്‍ പരിധിയില്‍ 4000 രൂപയും ജില്ലാ തലത്തില്‍ 10000 രൂപയായും ഫീസ് നിരക്ക് ഉയര്‍ത്തി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലൈബ്രറികള്‍, ശാസ്ത്ര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക്പണം നല്‍കേണ്ടതില്ലെന്നും ഉത്തരവിലുണ്ട്.
Content Highlight: KK Rema MLA has criticized the increase in the rate of police services