തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റിലുള്ള കുറവ് പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് വടകര എം.എല്‍.എ കെ.കെ. രമ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി.
മലബാര്‍ മേഖലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ തുടര്‍പഠനം നടത്തുന്നതിന് സീറ്റുകള്‍ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രമ ഇക്കാര്യം അറിയിച്ചത്.
സീറ്റ് ഇല്ലാത്തത് മൂലം വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകള്‍ മങ്ങുകയാണ്. ഓരോ വര്‍ഷവും വിജയശതാമാനത്തിലുണ്ടാവുന്ന വര്‍ധനവിനനുസരിച്ചു ഉപരിപഠന സാധ്യതകള്‍ കൂടെ വര്‍ധിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ആവശ്യാനുസരണമുള്ള സീറ്റുകള്‍ മലബാര്‍ മേഖലയിലില്ലെന്നതായിരുന്നു യാഥാര്‍ഥ്യമെന്നും രമ പറഞ്ഞു.
‘ഈ വര്‍ഷമുണ്ടായ ഉയര്‍ന്ന വിജയശതമാനം കുട്ടികളുടെ ഹയര്‍ സെക്കണ്ടറി പ്രവേശനം കൂടുതല്‍ പ്രയാസമുള്ളതാക്കി തീര്‍ക്കും. ഈ സാഹചര്യത്തില്‍ പത്താം ക്ലാസ് ജയിച്ചു വന്ന മുഴുവന്‍ കുട്ടികള്‍ക്കും അവരവര്‍ക്കിഷ്ടമുള്ള വിഷയങ്ങളില്‍ തന്നെ ഉപരിപഠനം നടത്താന്‍ കഴിയുന്ന തരത്തില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു സര്‍ക്കാരിനോടാവശ്യപ്പെടുകയാണ്.