| Thursday, 28th April 2022, 12:52 pm

വിജയ് ബാബുവിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ആശങ്കാജനകമായ സാമൂഹ്യാവസ്ഥയുടെ അടയാളം: കെ.കെ രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒരു അഭിനേത്രിയില്‍ നിന്നും ലൈംഗികാതിക്രമണ ആരോപണം നേരിട്ട സിനിമാ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അതിജീവിതയുടെ പേരും വിശദാംശങ്ങളും നവമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയത് അങ്ങേയറ്റത്തെ ആണത്ത ഹുങ്കിന്റെ ഭാഗമായാണെന്ന് ആര്‍.എം.പി നേതാവും എം.എല്‍.എയുമായ കെ.കെ. രമ.

ജനാധിപത്യ ബോധമുള്ള ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ഈ നടപടി അതിനിശിതമായ ധാര്‍മ്മിക, നിയമവിചാരണകള്‍ക്ക് വിധേയമാവേണ്ടതുണ്ടെന്നും കെ.കെ രമ പറഞ്ഞു.

താനാണ് യഥാര്‍ത്ഥ ഇരയെന്നും തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും കരിയറില്‍ വളരാന്‍ പിന്തുണച്ചിട്ടുണ്ടെന്നും പറഞ്ഞു കൊണ്ടാണ് വിജയ് ബാബു അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്.

ആരാണ് ഇര എന്നത് നീതിന്യായ വ്യവസ്ഥയാണ് തീരുമാനിക്കേണ്ടത്. നമ്മുടെ സാമൂഹ്യ / സാംസ്‌കാരിക പശ്ചാത്തലത്തില്‍ റേപ്പ് കേസിലെ അതിജീവിതകളാവുന്ന സ്ത്രീകള്‍ക്ക് വ്യക്തിപരമായ സ്വകാര്യത മറച്ചുവെച്ച് നീതി നേടാനുള്ള അവകാശം നിയമപരമായി ഉറപ്പിക്കപ്പെട്ടതാണ്. സ്വയം തീരുമാനമെടുക്കുന്നവരെ ആ സ്വകാര്യത സംരക്ഷിക്കപ്പെടുക തന്നെ വേണം.

വിജയ് ബാബുവിന്റെ ഈ സമീപനത്തിന് ലഭിക്കുന്ന വലിയ സോഷ്യല്‍ മീഡിയാ പിന്തുണയും അതിജീവിതയ്‌ക്കെതിരെ നില്‍ക്കുന്ന പ്രതികരണങ്ങളും ആശങ്കാജനകമായ സാമൂഹ്യാവസ്ഥയുടെ അടയാളമാണ്. വളരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്ക് പോലും ജന്‍ഡര്‍ സെന്‍സിറ്റീവ് ആയ ഒരു വീക്ഷണം ഇത്തരം കാര്യങ്ങളിലില്ല എന്നത് നിരാശാജനകമാണ്.

കരിയര്‍ വളര്‍ച്ചയ്ക്ക് ഒപ്പം നിന്നു എന്നതോ, അടുത്ത സുഹൃത്തായിരുന്നു എന്നതോ, നിര്‍ണ്ണായക ഘട്ടത്തില്‍ വൈകാരിക പിന്തുണ നല്‍കി എന്നതോ, നേരത്തെ പങ്കാളി ആയിരുന്നു എന്നതോ, ഭാര്യ ഭര്‍ത്താക്കന്മാരാണ് എന്നതോ ഒന്നും ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധത്തിന് മുതിരാനുള്ള ന്യായമല്ല.

ബലാല്‍ക്കാരമെന്ന അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ ലൈംഗികചെയ്തിയെ നമ്മുടെ നിയമ വ്യവസ്ഥ നിര്‍വ്വചിക്കുന്നതെങ്ങനെയെന്ന് വരും തലമുറയെ വിദ്യാലയങ്ങളില്‍ നിന്നേ പഠിപ്പിച്ചു തുടങ്ങേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

സിനിമ അടക്കമുള്ള മേഖലകളിലെ കരിയര്‍ വളര്‍ച്ച ആ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ മൗലികാവകാശമാണ്. അത് ഏതെങ്കിലും പുരുഷപ്രമാണിയുടെ ഇഷ്ടദാനമാവുന്ന ദുരവസ്ഥ മാറേണ്ടതുണ്ട്. അതിന് സഹായകരമാവുന്ന വിധത്തില്‍ ഔദ്യോഗിക നിരീക്ഷണ/ നിയമ പരിരക്ഷാ സംവിധാനങ്ങള്‍ ഉയര്‍ന്നു വരണം.

സിനിമ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളേക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടും വെളിച്ചത്തു കൊണ്ടുവരാതിരിക്കുകയും അതിലെ കണ്ടെത്തലുകളില്‍ മൗനം പാലിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടുകളും ഈ ആണധികാര ഹുങ്കിന് പ്രോത്സാഹനമാവുന്നുണ്ട്.

വരും തലമുറയിലെ പെണ്‍കുട്ടികള്‍ക്കും ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ആത്മവിശ്വാസത്തോടെ, പരസഹായമില്ലാതെ തങ്ങളുടെ കരിയറിടങ്ങളില്‍ സുരക്ഷിതമായി സന്തോഷത്തോടെ ജീവിക്കാന്‍ കഴിയണം.

വിജയ് ബാബു പ്രശ്‌നത്തിലടക്കം ദുരനുഭവങ്ങള്‍ പങ്കു വയ്ക്കാനും നിയമപോരാട്ടത്തിനും സന്നദ്ധരാവുന്ന പെണ്‍കുട്ടികള്‍ അത്തരമൊരു ഭാവിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്. കേരളം അതിജീവിതകള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും കെ.കെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു വിജയ് ബാബുവില്‍ നിന്നും നേരിട്ട ലൈംഗിക പീഡനം തുറന്നുപറഞ്ഞ് യുവനടി രംഗത്തെത്തിയത്.നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്. ലൈംഗിക പീഡന പരാതി ഉന്നിയിച്ച ഇരയുടെ പേര് വെളിപ്പെടുത്തിയതിലും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more