കോഴിക്കോട്: വടകരയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ജയരാജന്‍ തെരഞ്ഞെടുപ്പ് കമ്മീഷനേയും വോട്ടര്‍മാരേയും കബളിപ്പിക്കുകയാണെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ.
സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പരസ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത് പൊതുജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ വിലയിരുത്താന്‍ വേണ്ടിയാണെന്നും എന്നാല്‍ കേസ് വിവരം സംബന്ധിച്ച് പാര്‍ട്ടി ചാനലായ പീപ്പിള്‍ ടിവിയില്‍ ജയരാജന്‍ കൊടുത്തിരിക്കുന്ന കേസ് പരസ്യം ഒരാള്‍ക്കും വായിക്കാനോ മനസ്സിലാക്കാനോ കഴിയാത്തത്രയും അവ്യക്തമാം വിധമാണ് തയ്യാറാക്കിയിരിക്കുന്നതെന്നും കെ.കെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പരസ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത് പൊതുജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ വിലയിരുത്താന്‍ വേണ്ടിയാണ്.
എന്നാല്‍ കൊലപാതകഗൂഢാലോചനകള്‍ ഉള്‍പ്പെടെ നിരവധി ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കുന്ന വടകരയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ജയരാജന്‍ തെരഞ്ഞെടുപ്പ് കമ്മീഷനേയും വോട്ടര്‍മാരേയും കബളിപ്പിക്കുകയാണ്. കേസ് വിവരം സംബന്ധിച്ച് പാര്‍ട്ടി ചാനലായ പീപ്പിള്‍ ടിവിയില്‍ ജയരാജന്‍ കൊടുത്തിരിക്കുന്ന കേസ് പരസ്യം ഒരാള്‍ക്കും വായിക്കാനോ മനസ്സിലാക്കാനോ കഴിയാത്തത്രയും അവ്യക്തമാം വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ മിന്നിമായും വിധം ഒരുക്കിയിരിക്കുന്ന ഈ പരസ്യം തെരഞ്ഞെടുപ്പ് ചട്ടങ്ങളെ പരിഹസിക്കുകയാണ്.
ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച പരസ്യമാകട്ടെ ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരിക്കുന്നത്. ജയരാജന്റെ പേരിലുള്ള കൊലപാതകഗൂഢാലോചനകള്‍ അടക്കമുള്ള ഗുരുതരമായ ക്രിമിനല്‍ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനുള്ള വിലകെട്ട ശ്രമമാണിത്. കേസുകളെ കുറിച്ചുള്ള ലഘുവിവരണം കൂടി പരസ്യത്തില്‍ ഉള്‍പ്പടുത്തണമെന്ന വ്യവസ്ഥ പാലിക്കാതെ, ഈ വിവരങ്ങള്‍ ഒളിപ്പിച്ച് വെച്ചാണ് ജയരാജന്റെ കേസ്പരസ്യം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതെല്ലാം തെരഞ്ഞെടുപ്പ് ചട്ടങ്ങളേയും വോട്ടര്‍മാരേയും അപഹസിക്കുന്ന ബോധപൂര്‍വ്വമായ നടപടിയാണ്. അപമാനകരമായ തന്റെ ക്രിമിനല്‍ കേസ് പശ്ചാത്തലം തെളിയിക്കുന്ന വ്യവഹാര രേഖകള്‍ പൊതുസമക്ഷം സത്യസന്ധമായി വെളിപ്പെടുത്താന്‍ ജയരാജന്‍ ഭയപ്പെടുകയാണ്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി കൈക്കൊള്ളേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും വിധം മലയാളത്തില്‍, വായിക്കാവുന്ന വലിപ്പത്തില്‍, കേസിനെ കുറിച്ചുള്ള വിവരണം കൂടി ഉള്‍പ്പെടുത്തി പരസ്യം പുനഃ പ്രസിദ്ധീകരിക്കാന്‍ കമ്മീഷന്‍ ഇടപെടണം.
നിങ്ങളുടെ കൈയ്യില്‍ പുരണ്ട ചോരക്കറ കള്ളക്കളികള്‍ കൊണ്ട് കഴുകിക്കളയാവുന്നതല്ല.