ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആര്‍.എം.പി.ഐ പ്രവര്‍ത്തകനും വോട്ട് ചെയ്യില്ല; ജയരാജന് മറുപടിയുമായി രമ
D' Election 2019
ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആര്‍.എം.പി.ഐ പ്രവര്‍ത്തകനും വോട്ട് ചെയ്യില്ല; ജയരാജന് മറുപടിയുമായി രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th April 2019, 11:11 am

വടകര: വടകരയില്‍ ആര്‍.എം.പി.ഐ വോട്ടുകള്‍ സി.പി.ഐ.എമ്മിനാണ് ലഭിച്ചതെന്ന ഇടത് സ്ഥാനാര്‍ത്ഥി പി. ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ.

ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആര്‍.എം.പി പ്രവര്‍ത്തകനും വോട്ട് ചെയ്യില്ലെന്നായിരുന്നു രമ പറഞ്ഞത്. സി.പി.ഐ.എമ്മിന് ആര്‍.എം.പി വോട്ടുകള്‍ കിട്ടിയെന്ന ജയരാജന്റെ വീരവാദം പരാജയഭീതി കൊണ്ടാണെന്നും തെരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷട്രീയ വനവാസം സമ്മാനിക്കുമെന്നും കെ.കെ രമ പറഞ്ഞു.

ആര്‍.എം.പിയുടെ വോട്ടുകളൊക്കെ കൈപ്പത്തിചിഹ്നത്തില്‍ കുത്തിക്കാന്‍ കഴിയുമെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.

ആര്‍.എം.പിയിലുള്ള ചിലരെല്ലാം എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആര്‍.എം.പിയുടെ സ്ഥാപക നേതാവ് പറഞ്ഞിട്ടുള്ള അതിന്റെ ഉദ്ദേശവും ലക്ഷ്യവുമൊക്കെ തകര്‍ക്കുന്നതാണ് അവരുടെ ഈ നിലപാട് എന്ന് അവര്‍ക്കിടയില്‍ തന്നെ ശക്തമായി അഭിപ്രായമുണ്ടെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞത്.

ആര്‍.എം.പിയുടെ വനിതാ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തിട്ടുണ്ടെന്നും അതിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

യു.ഡി.എഫ് പ്രചരിപ്പിച്ച ചില നോട്ടീസുകള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് കടകവിരുദ്ധമായിട്ടുള്ള കാര്യമാണ്. അതുവെച്ച് നിയമനടപടി തുടരും

സി.പി.ഐ.എമ്മിനെതിരെ മുരളീധരന്‍ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പാക്കിയതിനാലാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.