| Tuesday, 28th June 2022, 4:00 pm

മടിയിലുള്ളത് കള്ളക്കനം; ദേശവിരുദ്ധ ഉള്ളടക്കമുള്ള ഒരാള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത് സംസ്ഥാനത്തിന് അപമാനം: കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശവിരുദ്ധ ഉള്ളടക്കമുള്ള ഒരാള്‍ മുഖ്യമന്ത്രി കസേരയില്‍ ഇപ്പോഴുമിരിക്കുന്നത് ആ സ്ഥാനത്തിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് കെ.കെ. രമ എം.എല്‍.എ. 1969ലെ ഇ.എം.എസ് സര്‍ക്കാര്‍ രാജിവെച്ച അനുഭവം എല്‍.ഡി.എഫിനുണ്ട്. മടിയില്‍ കള്ളക്കനമുള്ളതുകൊണ്ടുള്ളപേടിച്ചോടലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞതെന്നും കെ.കെ.രമ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിയമസഭയിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രമ. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റി. മടിയില്‍ കനമില്ലെന്ന വാദം പൊള്ളയാണ്. കനത്ത കനമുള്ളതുകൊണ്ടാണ് ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ വക്കീല്‍ നോട്ടിസ് പോലും അയയ്ക്കാത്തതെന്നും രമ പറഞ്ഞു. ആരോപണങ്ങളുയരുമ്പോള്‍ വാല്‍മുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രി കാട്ടുന്നതെന്ന് രമ കൂട്ടിച്ചേര്‍ത്തു.

ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടുമെന്ന് കരുതേണ്ട. എല്ലാ സത്യങ്ങളും ഒരുനാള്‍ പുറത്തുവരും. വിദേശ രാജ്യങ്ങളില്‍ നിന്ന് വിതരണം ചെയ്യുന്ന ഇത്തപ്പഴവും ഖുര്‍ആനും എത്തിക്കുന്ന കൊറിയര്‍ സര്‍വീസാണോ കേരള സര്‍ക്കാര്‍. മന്ത്രിയായിരുന്ന ജലീല്‍ ഒരു കൊറിയര്‍ ഏജന്റായിരുന്നോ. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന ഇടപാടുകള്‍ സമഗ്രമായി അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.

സ്വപ്ന കോടതിയില്‍ നല്‍കിയ മൊഴിയില്‍ കാര്യമില്ലെങ്കില്‍ എന്തിനാണ് ഷാജ് കിരണിനെ അയച്ചതെന്ന് ലീഗ് അംഗം എന്‍. ഷംസുദീന്‍ ചോദിച്ചു. ഷാജ് കിരണിന്റെ പിണറായി അനുകൂല പോസ്റ്റ് ഉയര്‍ത്തിയായിരുന്നു ഷംസുദീന്റെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ ചെപ്പിടിവിദ്യ പ്രതിപക്ഷത്തോടുവേണ്ട. പിണറായി ഏകാധിപതിയാണ്. ധാര്‍മികതയില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവയ്ക്കാത്തതെന്നും ഷംസുദീന്‍ പറഞ്ഞു.

പ്രതിപക്ഷം ഇസ്‌ലാമോഫോബിയയുടെ വക്താക്കളാകുന്നുവെന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖുര്‍ആന്‍, ബിരിയാണിച്ചെമ്പ് എന്നിവയെല്ലാം ഇസ്‌ലാമോഫോബിയക്കായിയാണ് ഉപയോഗിക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ വിശ്വസിക്കുന്ന മുഖം പാണക്കാട് തങ്ങളുടേതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റേതാണെന്നും ഷംസീര്‍ പറഞ്ഞു.

സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടേറിയറ്റിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോയെന്നായിരുന്നു സഭയില്‍ സംസാരിച്ച
മാത്യു കുഴല്‍നാടന്റെ ചോദ്യം.

CONTENT HIGHLIGHTS: KK Rama says an insult to the state that an anti-national person is sitting in the Chief Minister’s chair

We use cookies to give you the best possible experience. Learn more