തിരുവനന്തപുരം: ദേശവിരുദ്ധ ഉള്ളടക്കമുള്ള ഒരാള്‍ മുഖ്യമന്ത്രി കസേരയില്‍ ഇപ്പോഴുമിരിക്കുന്നത് ആ സ്ഥാനത്തിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് കെ.കെ. രമ എം.എല്‍.എ. 1969ലെ ഇ.എം.എസ് സര്‍ക്കാര്‍ രാജിവെച്ച അനുഭവം എല്‍.ഡി.എഫിനുണ്ട്. മടിയില്‍ കള്ളക്കനമുള്ളതുകൊണ്ടുള്ളപേടിച്ചോടലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞതെന്നും കെ.കെ.രമ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിയമസഭയിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രമ. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റി. മടിയില്‍ കനമില്ലെന്ന വാദം പൊള്ളയാണ്. കനത്ത കനമുള്ളതുകൊണ്ടാണ് ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ വക്കീല്‍ നോട്ടിസ് പോലും അയയ്ക്കാത്തതെന്നും രമ പറഞ്ഞു. ആരോപണങ്ങളുയരുമ്പോള്‍ വാല്‍മുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രി കാട്ടുന്നതെന്ന് രമ കൂട്ടിച്ചേര്‍ത്തു.
ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടുമെന്ന് കരുതേണ്ട. എല്ലാ സത്യങ്ങളും ഒരുനാള്‍ പുറത്തുവരും. വിദേശ രാജ്യങ്ങളില്‍ നിന്ന് വിതരണം ചെയ്യുന്ന ഇത്തപ്പഴവും ഖുര്‍ആനും എത്തിക്കുന്ന കൊറിയര്‍ സര്‍വീസാണോ കേരള സര്‍ക്കാര്‍. മന്ത്രിയായിരുന്ന ജലീല്‍ ഒരു കൊറിയര്‍ ഏജന്റായിരുന്നോ. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന ഇടപാടുകള്‍ സമഗ്രമായി അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.
സ്വപ്ന കോടതിയില്‍ നല്‍കിയ മൊഴിയില്‍ കാര്യമില്ലെങ്കില്‍ എന്തിനാണ് ഷാജ് കിരണിനെ അയച്ചതെന്ന് ലീഗ് അംഗം എന്‍. ഷംസുദീന്‍ ചോദിച്ചു. ഷാജ് കിരണിന്റെ പിണറായി അനുകൂല പോസ്റ്റ് ഉയര്‍ത്തിയായിരുന്നു ഷംസുദീന്റെ പരാമര്‍ശം.