നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാന്‍ പരാതിക്കാരിക്ക് ആത്മവിശ്വാസം നല്‍കും; വടകര സി.പി.ഐ.എം. നേതാക്കള്‍ക്കെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് വൈകുന്നത് പ്രതിഷേധാര്‍ഹമെന്ന് കെ.കെ. രമ
Kerala News
നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാന്‍ പരാതിക്കാരിക്ക് ആത്മവിശ്വാസം നല്‍കും; വടകര സി.പി.ഐ.എം. നേതാക്കള്‍ക്കെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് വൈകുന്നത് പ്രതിഷേധാര്‍ഹമെന്ന് കെ.കെ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th June 2021, 8:28 pm

വടകരയില്‍ സി.പി.ഐ.എം. പ്രാദേശിക നേതാക്കള്‍ക്കെതിരെ ബ്രാഞ്ച് കമ്മറ്റി അംഗമായ യുവതി പീഡന പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി വടകര എം.എല്‍.എ. കെ.കെ. രമ

പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പാര്‍ട്ടി പുറത്താക്കിയെന്നുമുള്ള ഒറ്റവാചകക്കുറിപ്പുകൊണ്ട് കൈ കഴുകാവുന്ന പ്രതിസന്ധിയല്ല ഇതെന്ന് കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു,

പരാതി കിട്ടിയിട്ടും പൊലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും രമ പറഞ്ഞു.

ഏകാധിപത്യം പുലരുന്ന പാര്‍ട്ടിയുടെ ചില നേതാക്കളുടെ ഇഷ്ടക്കാരാണെങ്കില്‍ എന്ത് ചെയ്താലും പാര്‍ട്ടിയില്‍ തുടരാം എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് നേരത്തെ കണ്ണൂരിലും പാലക്കാടും നടന്ന് പീഡനാരോപണങ്ങള്‍ സി.പി.ഐ.എം. കൈകാര്യം ചെയ്ത രീതി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വടകരയില്‍ നടന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവവും അതിനെത്തുടര്‍ന്നുള്ള ബ്ലാക്ക്‌മെയിലിങ്ങുമടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവഗണിക്കുകയും ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവുമാണ് ഉണ്ടായതെന്നാണ് മനസ്സിലാക്കുന്നത്. അതേത്തുടര്‍ന്നാണവര്‍ നിയമനടപടികളിലേക്ക് സ്വന്തം നിലയില്‍ നീങ്ങിയതെന്നും കെ.കെ. രമ പറഞ്ഞു.

‘സംഘടനാധികാരമുപയോഗിച്ച് സഹപ്രവര്‍ത്തകരെ തങ്ങളുടെ ഇംഗിതത്തിന് വിധേയമാക്കുന്നു എന്ന
ആരോപണമുയര്‍ന്ന പാര്‍ട്ടി നേതാക്കളെ എങ്ങനെയാണീ പാര്‍ട്ടി കൈകാര്യം ചെയ്തത് എന്നത് നാം കണ്ടതാണ്. മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ഭരണകൂടത്തിന്റെയും പൊലീസിന്റെയും പിന്തുണയും സഹകരണവും പരാതിക്കാരിക്ക് ഉറപ്പുനല്‍കാനാവണം.

തനിക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാന്‍ അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ടത് മുഴുവന്‍ സമൂഹത്തിന്റെയും ബാധ്യതയാണ്. ഇരയായ സ്ത്രീക്കൊപ്പം നിരുപാധികം നിലയുറപ്പിക്കുന്നു,’ കെ.കെ. രമ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുമ്പ് സി.പി.ഐ.എം. പ്രാദേശിക നേതാക്കള്‍ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസില്‍ പരാതി നല്‍കിയത്.

ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: KK Rama Said the delay in arrest in the rape case against the leaders was objectionable