|

ഭരണത്തിന്റെ തണലില്‍ സി.പി.ഐ.എം അക്രമം നടത്തുന്നു: കെ.കെ രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭരണത്തിന്റെ തണലില്‍ സി.പി.ഐ.എം ഒഞ്ചിയത്തും പരിസരപ്രദേശങ്ങളിലും അക്രമമഴിച്ചുവിടുകയാണെന്ന് ആര്‍.എം.പി.ഐ നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ. ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി വേണുവിനെ അപായപ്പെടുത്താന്‍ സി.പി.ഐ.എം നേതൃത്വം ആസൂത്രിത നീക്കം നടത്തുകയാണെന്നും രമ കൂട്ടിച്ചേര്‍ത്തു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രമയുടെ പ്രതികരണം.

“ഇന്നലെ വൈകുന്നേരം ആര്‍.എം.പി.ഐ ഏരിയാ കമ്മറ്റി ആക്രമിച്ചു, നേതാക്കളായ കെ.കെ ജയനേയും എ.കെ ഗോപാലനേയും ആക്രമിച്ച സി.പി.ഐ.എം ക്രിമിനല്‍ സ്ഥലം ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിലുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെ അപായപ്പെടുത്താന്‍ സി.പി.ഐ.എം നേതൃത്വം ആസൂത്രിത നീക്കമാണ് നടത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമെത്തിയാണ് വേണുവിനെയുള്‍പ്പെടെ രക്ഷപ്പെടുത്തിയത്. അക്രമികളെ പിടികൂടുന്നതിനും അടിച്ചമര്‍ത്തുന്നതിനും പകരം സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി എന്‍.വേണു അടക്കമുള്ള ആര്‍.എം.പി.ഐയുടെ ഉന്നത നേതാക്കളെ അടക്കം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന അതിഗുരുതരവും അസാധാരണവുമായ സ്ഥിതിവിശേഷമാണ് വടകരയില്‍ നിലനില്‍ക്കുന്നത്.”

പൊലീസിനെ നോക്കുകുത്തിയാക്കി ആശുപത്രിയിലും സി.പി.ഐ.എം അക്രമം തുടര്‍ന്നുവെന്നും രമ പറയുന്നു.

ഏറാമല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വൈകീട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ആറ് ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കും നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. അക്രമസംഭവങ്ങളില്‍ പരിക്കേറ്റ ആര്‍.എം.പി.ഐ പ്രവര്‍ത്തകരെ വടകര ജില്ലാ ആശുപത്രിയിലും സി.പി.ഐ.എം പ്രവര്‍ത്തകനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.