| Wednesday, 23rd August 2023, 9:59 am

കേരള ജനത മണ്ടന്മാരല്ല; സര്‍ക്കാരിനെതിരായ വിലയിരുത്തലാകും പുതുപ്പള്ളി: കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ വിലയിരുത്തലാകും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.കെ. രമ എം.എല്‍.എ. വലിയ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ അവര്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്റെ പ്രചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച
കുടുംബയോഗങ്ങളില്‍ കെ.കെ. രമ പങ്കെടുത്തു. ഇനി ഇപ്പോഴുള്ള ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കാന്‍ കേരള ജനത മണ്ടന്മാരല്ലെന്നും അവര്‍ പറഞ്ഞു.

‘കേരളത്തിലെ ജനത ഇനിയൊരു ഇടതുപക്ഷത്തെ ജയിപ്പിക്കും എന്ന് പറയുന്നത് മണ്ടത്തരം ആയിരിക്കും. അത്രയേറെ അഴിമതിയും ദുര്‍ഭരണവും കാഴ്ചവെക്കുന്ന സര്‍ക്കാരിനെ എങ്ങനെയാണ് ജനങ്ങള്‍ വിജയിപ്പിക്കുക. അത്ര മണ്ടന്മാരാണ് കേരളത്തിലെ ജനത എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, പുതുപ്പള്ളിയിലെ ജനങ്ങളും.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ മുന്‍നിര്‍ത്തിയുള്ള പ്രചരണം ഒരു ഘടകമാണ്. അതിനപ്പുറത്തേക്ക് സര്‍ക്കാരിന്റെ ഭരണം ചര്‍ച്ചയാകും. ഇതൊരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണോ. കോടികള്‍ മാസപ്പടി വാങ്ങി അതിനെ ന്യായീകരിക്കുകയാണവര്‍. അതിനെ എതിര്‍ത്ത ആളുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നു. ഇവരെ ആരാണ് ഇടതുപക്ഷമെന്നും കമ്മ്യൂണിസ്റ്റുകാരെന്നും വിശേഷിപ്പിക്കുക. ഇത് ജനം കാണുന്നുണ്ട്. ആ വിലിയിരുത്തല്‍ പുതുപ്പള്ളിയില്‍ പ്രതിഫലിക്കും. ഇവര്‍ക്ക് എത് വികസനമാണ് പറയാനുള്ളത്. പടുകൂറ്റന്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതാണോ വികസനം,’ കെ.കെ. രമ പറഞ്ഞു.

അതേസമയം, സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ പുതുപ്പള്ളിയില്‍ ഇരുമുന്നണികളുടെയും പ്രചരണം കൊഴുക്കുകയാണ്. മുഖ്യമന്ത്രിയും 15 മന്ത്രിമാരും നാളെ മുതല്‍ ജെയ്ക്കിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമാകും. ചാണ്ടി ഉമ്മനായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരണം നടത്തിവരികയാണ്.

Content Highlight: KK  Rama MLA said that the result of Pudupally elections will be an assessment against the state government

We use cookies to give you the best possible experience. Learn more