പേര് അടക്കമുളള വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത എക്‌സ്‌റെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതെന്നും രമ പറഞ്ഞു.
‘ഇതൊരു സംഘടിത അക്രമമാണ്. ഭര്‍ത്താവിന്റെ ശവം വിറ്റ് ജീവിക്കുന്നവള്‍, ആസ്ഥാന വിധവ ഇങ്ങനെയൊക്കെ വിളിക്കുന്നവരോട് ഒന്നും പറയാനില്ല.
നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈക്ക് പരിക്കേറ്റ് ചികിത്സതേടി പ്ലാസ്റ്ററിട്ടതിന് ശേഷം മിനിറ്റുകള്‍ക്കകം സി.പി.ഐ.എം അനുകൂല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് വ്യാപകമായി അഭിനയമെന്നും നാടകമെന്നും പറഞ്ഞുള്ള അധിക്ഷേപവര്‍ഷമായിരുന്നു. നിയമസഭയിലെ സംഭവങ്ങളുടെ ആരംഭം മുതല്‍ പ്ലാസ്റ്ററിടുന്നതു വരെയുള്ള ചിത്രങ്ങള്‍ ക്രമം തെറ്റിച്ചുണ്ടാക്കിയ പോസ്റ്ററുകള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപം.
ഇടത് കയ്യിലെ പ്ലാസ്റ്റര്‍ വലതുകൈക്ക് മാറിയെന്നും, പ്ലാസ്റ്റര്‍ ഒട്ടിച്ചത് ഷാഫി പറമ്പില്‍ എം.എല്‍.എ ആണെന്നും തുടങ്ങി നുണകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങളുടെയും ആക്ഷേപങ്ങളുടെയും ക്രൂരമായ വേട്ടയാടലുകള്‍ തുടരുകയാണിപ്പോഴും. എന്നെ സംബന്ധിച്ചു കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇത് ആദ്യത്തെ അനുഭവമൊന്നുമല്ല.എന്നാല്‍ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളിലൊരാള്‍, നിയമസഭയില്‍ നിത്യേന കാണുന്ന സഹപ്രവര്‍ത്തകരിലൊരാള്‍ തന്നെ ഈ അധിക്ഷേപ വര്‍ഷത്തിന് നേതൃത്വം നല്‍കിയത് സൃഷ്ടിച്ച ഒരു അമ്പരപ്പും നിരാശയുമുണ്ടായിരുന്നു. അത് പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. പിന്നീട് അത് മറികടന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം സി.പി.ഐഎം സംസ്ഥാന സെക്രട്ടറി ഇതേറ്റു പിടിക്കുകയും, ഇത്തരം സൈബര്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയുമായിരുന്നു.
ആക്രമിക്കുന്നത് സി.പി.ഐ.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരും അതിന്റെ ഭാഗമായ സംവിധാനങ്ങളുമാണെങ്കില്‍ പരിക്കേറ്റ ആളെ പ്രാഥമികമായ ചികിത്സതേടാന്‍ പോലും അനുവദിക്കില്ലെന്ന നിഷ്ടൂരമായ പ്രഖ്യാപനമല്ലേ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്? പരിക്കേറ്റയാളുടെ ചികിത്സയില്‍ ബോധപൂര്‍വം സംശയമുണ്ടാക്കുകയും, വ്യാജരേഖകളും നുണകഥകളുമുണ്ടാക്കി പരിക്കേറ്റയാളെ പൊതുമധ്യത്തില്‍ പരസ്യമായ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധയേമാക്കുകയും ചെയ്യുമ്പോള്‍ ശരീരത്തിനേറ്റ വേദനയെക്കാള്‍ വലിയ വേദനയും മുറിവുമാണ് അയാളില്‍ അത് ബാക്കിയാകുന്നത്,’ രമ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് തന്റെ പരാതിയില്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും രമ പറഞ്ഞു.
‘ഡി.ജി.പിക്ക് ആദ്യം പരാതി കൊടുത്തു. ഡി.ജി.പി എടുത്തില്ല. മ്യൂസിയം സ്റ്റേഷനില്‍ കൊടുത്തു. എടുത്തില്ല. വീണ്ടും കമ്മീഷണര്‍ക്ക് പരാതി കൊടുത്തിട്ടുണ്ട്. നിരവധി പ്രാവശ്യം നമ്മള്‍ വിളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇതുവരെ മൊഴിയെടുക്കാനോ ഒന്നും പൊലീസ് വന്നിട്ടില്ല. ഒരു അന്വേഷണവും അതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല,’ രമ പറഞ്ഞു.
‘ഇന്നിപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്.
അല്ല ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്.
നിങ്ങള്‍ക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാന്‍ കഴിയില്ലല്ലോ..
കയ്യിന്റെ ലിഗ്‌മെന്റിന് പരിക്കുണ്ട്. എത്രത്തോളം പരുക്ക് ഉണ്ടെന്നറിയാന്‍ എം.ആര്‍.ഐ സ്‌കാന്‍ എടുക്കണം. അതുവരെ പ്ലാസ്റ്റര്‍ തുടരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കാനിങിന് ശേഷം തുടര്‍ ചികിത്സ തീരുമാനിക്കാമെന്നാണ് ഡോക്ടര്‍ അറിയിച്ചു,’ രമ പറഞ്ഞു.