'ഒഞ്ചിയത്തുള്ള കമ്യൂണിസ്റ്റുകാരെ' കമ്യൂണിസം പഠിപ്പിക്കാന്‍ എളമരം കരീം വളര്‍ന്നിട്ടില്ല: കെ.കെ. രമ
Kerala News
'ഒഞ്ചിയത്തുള്ള കമ്യൂണിസ്റ്റുകാരെ' കമ്യൂണിസം പഠിപ്പിക്കാന്‍ എളമരം കരീം വളര്‍ന്നിട്ടില്ല: കെ.കെ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th July 2022, 9:57 pm

തിരുവനന്തപുരം: കമ്യൂണിസ്റ്റ് രാഷ്ട്രീയം തങ്ങളെ പഠിപ്പിക്കാന്‍ എളമരം കരീം വളര്‍ന്നിട്ടില്ലെന്ന് കെ.കെ. രമ എം.എല്‍.എ. കരീമിന്റെ ചരിത്രം പറയിപ്പിക്കരുതെന്നും കരാര്‍ തൊഴിലാളിയില്‍ നിന്ന് കരീം എങ്ങനെ ഇവിടെയെത്തിയെന്നും രമ ചോദിച്ചു. തനിക്കെതിരായ എളമരം കരീമിന്റെ ആരോപണങ്ങള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറില്‍ മറുപടി പറയുകയായിരുന്നു കെ.കെ. രമ.

രക്തസാക്ഷികളെയും പതാകയെയും ഒറ്റുകൊടുത്തത് സി.പി.ഐ.എമ്മാണ്. ഭീഷണി പുത്തരിയില്ല, അവസാന ശ്വാസം വരെ പോരാടും. കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സി.പിഐ.എമ്മിന്. കച്ചവട രാഷ്ട്രീയമില്ലാതെ എം.എല്‍.എ ആയതില്‍ തനിക്ക് അഭിമാനമുണ്ടെന്നു രമ പറഞ്ഞു.

എളമരം കരീമിന്റെ വലിയ നേതാവ് പിണറായി വിജയന്‍ ഒഞ്ചിയത്ത് വന്ന് ഞങ്ങളെ തീര്‍ക്കുമെന്ന് പ്രസംഗിച്ചതാണ്. ഭീഷണിയല്‍ വീണുപോകുന്നവരല്ല ഒഞ്ചിയത്തുള്ള കമ്യൂണിസ്റ്റുകാര്‍. അവസാനത്തെ ശ്വാസം വരെയും പോരാട്ടം തുടരും. രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ ഒരു ആശങ്കയുമില്ലെന്നും കെ.കെ. രമ പറഞ്ഞു.

അതേസമയം, കെ.കെ.രമയുടെ എം.എല്‍.എ സ്ഥാനം പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമെന്നായിരുന്നു എളമരം കരീമിന്റെ പ്രതികരണം. വടകര ഒഞ്ചിയത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സി.പി.ഐ.എം സംഘടിപ്പിച്ച സി.എച്ച്. അശോകന്‍ അനുസ്മരണ ചടങ്ങിലായിരുന്നു കരീമിന്റെ പരാമര്‍ശം.

വര്‍ഗശത്രുക്കളുമായി ചേര്‍ന്ന് കെ.കെ. രമ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും എം.എല്‍.എ സ്ഥാനം കിട്ടിയെന്ന് കരുതി അധികം അഹങ്കരിക്കേണ്ടെന്നും എളമരം കരീം പ്രസംഗത്തില്‍ പറയുന്നുണ്ട്.

‘വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. കുറച്ചാളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍ സമ്മേളനങ്ങള്‍. റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി, എന്താണ് റെവല്യൂഷണറി.

ഒരു എം.എല്‍.എ സ്ഥാനം കിട്ടിയെന്ന് കരുതി ആരും അഹങ്കരിക്കരുത്. എം.എല്‍.എ ആവാന്‍ അല്ലെങ്കില്‍ ഇതുപോലുള്ള സ്ഥാനം ലഭിക്കാന്‍, ഈ വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എന്നെങ്കിലും ധരിക്കണം.

ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം.എല്‍.എ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട,’ എന്നാണ് എളമരം കരീം പറഞ്ഞത്.