| Monday, 4th July 2022, 10:10 pm

ഒരു മനുഷ്യനെ കൊന്നതിനെക്കാള്‍ ഭീകരമായിരുന്നു പിണറായിയുടെ 'കുലംകുത്തി' പ്രസ്താവന, അദ്ദേഹമാണിപ്പോള്‍ അപലപിക്കാന്‍ പറയുന്നത്; കാലം ഒന്നും മായ്ക്കില്ലെന്ന് കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തത് ആശ്ചര്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി കെ.കെ. രമ എം.എല്‍.എ. ഒരു വിരല്‍ മറ്റുള്ളവര്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ നാല് വിരലുകള്‍ തനിക്ക് നേരെയാണെന്നത് മുഖ്യമന്ത്രി മനസിലാക്കണമെന്നും കാലം ഒന്നും മായ്ക്കില്ലെന്നും കെ.കെ. രമ പറഞ്ഞു.

മരിച്ചുകിടക്കുന്ന ഒരു മനുഷ്യനെ കുലംകുത്തി എന്ന് വിളിച്ച ആളാണ് പിണറായി വിജയന്‍. ഒരു സംഭവം നടക്കുമ്പോള്‍ അതിനെ അപലപിക്കാനെങ്കിലും തയാറാകണമെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ വിരോധാഭാസമുണ്ടെന്നും കെ.കെ. രമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു രമയുടെ പ്രതികരണം.

സംഭവത്തെ അപലപിക്കേണ്ട. ഖേദം പ്രകടിപ്പിക്കേണ്ട. പക്ഷേ കൊന്ന ഒരു മനുഷ്യനെ നോക്കി, ജീവിച്ചിരിപ്പില്ലാത്ത ഒരു മനുഷ്യനെ കുലംകുത്തി കുലം കുത്തി തന്നെയാണെന്ന് ഒട്ടും ആര്‍ദ്രതയില്ലാതെ, അല്‍പം പോലും മനസാക്ഷിയില്ലാതെ സംസാരിക്കാന്‍ കേരളത്തിലെ ഇപ്പോഴത്തെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുകയെന്നും രമ ചോദിച്ചു.

അന്ന് പറഞ്ഞത് ശരിയായിരുന്നോ എന്നത് മുഖ്യമന്ത്രി ആത്മപരിശോധന നടത്തണം. തന്റെ മകളെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി വികാരാധീതനായി. ആ മുഖ്യമന്ത്രി അച്ഛനെ നഷ്ടപ്പെട്ട ഒരു മകനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എനിക്ക് അത്ഭുതമായിരുന്നു അത് കേട്ടപ്പോള്‍. സത്യത്തില്‍ ഞാന്‍ ഞെട്ടിയതാണ്. ഒരു മനുഷ്യനെ കൊന്നതിനെക്കാള്‍ ഭീകരമായിരുന്ന പ്രസ്താവനയായിരുന്നില്ലെ അത്. അങ്ങനെ പറഞ്ഞയാളാണിന്ന് അപലപിക്കാന്‍ പറഞ്ഞതെന്നും രമ പരിഹസിച്ചു.

വാഴ നടുക എന്നത് മോശം കാര്യമായി താന്‍ നിയമസഭയിലെ പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടില്ല. എസ്.എഫ്.ഐയുടെ പ്രതീക്തമക സമരത്തെക്കുറിച്ചാണ് നിയമസഭയില്‍ സംസാരിച്ചത്. സി.പി.ഐ.എമ്മിനെതിരെ സംസാരിച്ചാല്‍ അവര്‍ ശത്രുപക്ഷത്തായിരിക്കും. അവരെ ഭരണം ഉപയോഗിച്ചാണ് പ്രതിരോധിക്കുക.
2006ല്‍ ആര്‍.എം.പി എന്ന ഒരു പാര്‍ട്ടി ഞങ്ങളുണ്ടാക്കിയപ്പോള്‍ ഞങ്ങളത് അനുഭവിച്ചതാണ്. ആര്‍.എം.പിക്കെതിരെ വലിയ അതിക്രമണമാണ് അന്ന് നടന്നത്. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്നുള്ള സന്ദേശം അതിലൂടെ നല്‍കും.

സഖാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് അതുകൊണ്ടാണ്. പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് സി.പി.ഐ.എമ്മിനെതിരെ തുനിയരുത് എന്നാണ് അതിലൂടെ പറുയുന്നുണ്ട്. ഒട്ടും ജനാധിപത്യപരമല്ലാതെ അങ്ങേയറ്റത്തെ ഫാസിസ്റ്റ് രൂപത്തില്‍ കാര്യങ്ങളെ കാണുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും രമ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  KK Rama MLA responded to Chief Minister Pinarayi Vijayan’s statement that it was surprising that the opposition was not ready to condemn the AKG Center attack 

We use cookies to give you the best possible experience. Learn more