ഇടതുപക്ഷമെന്ന് ഇവരിനിയും മേനിനടിക്കരുത്; ഗ്രോ വാസുവിന്റെ അറസ്റ്റ് ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളി: കെ.കെ. രമ
Kerala News
ഇടതുപക്ഷമെന്ന് ഇവരിനിയും മേനിനടിക്കരുത്; ഗ്രോ വാസുവിന്റെ അറസ്റ്റ് ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളി: കെ.കെ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th July 2023, 11:34 am

കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ(എ. വാസു) അറസ്റ്റില്‍ പ്രതിഷേധവുമായി കെ.കെ. രമ എം.എല്‍.എ. ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്
ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

ഇടതുപക്ഷമെന്നും കമ്മ്യൂണിസ്റ്റെന്നും ഇനിയുമെന്തിനാണ് കേരളാ സര്‍ക്കാര്‍ മേനി നടിക്കുന്നതെന്നു രമ ചോദിച്ചു.

‘ഗ്രോ വാസുവേട്ടന്റെ അറസ്റ്റ് ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളിയാണ്.
ഇടതുപക്ഷമെന്നും കമ്മ്യൂണിസ്റ്റെന്നും ഇനിയുമെന്തിനാണ് ഇവര്‍ മേനി നടിക്കുന്നത്?
നീതിയെ കുഴിവെട്ടി മൂടിടുന്നിടത്ത് തീയായ് മാറണം,’ കെ.കെ. രമ പറഞ്ഞു.

ഗ്രോ വാസു

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കഴിഞ്ഞ ദിവസം ഗ്രോ വാസുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്‍പില്‍ സംഘം ചേര്‍ന്നു, മാര്‍ഗതടസം സൃഷ്ടിച്ചു എന്നാണ് കേസ്.

കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ജാമ്യം അംഗീകരിക്കാന്‍ തയാറാകാത്തതിനാല്‍ കോടതി ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പു വയ്ക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയ്യാറായില്ല.

ഭരണ കൂടത്തോടുള്ള പ്രതിഷേധമായതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവെക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് എല്‍.പി വാറണ്ട് നിലവിലുണ്ടായിരുന്നു. ഇതോടൊയാണ് റിമാന്‍ഡിലായത്.