കോഴിക്കോട്: പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നതെന്ന് കാഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ വിമര്‍ശനവുമായി കെ.കെ. രമ എം.എല്‍.എ. നിയമസാക്ഷരതയുടെ പ്രാഥമിക പരിജ്ഞാനവും ഭരണഘടന മുന്നോട്ടുവെക്കുന്ന ആധുനിക ധാര്‍മിക നൈതിക മൂല്യങ്ങളെക്കുറിച്ച് പ്രാഥമിക സാക്ഷരതയുമുള്ള ഒരാള്‍ക്കും ഇങ്ങനെ ഒരുവരി പോലും എഴുതാനാവില്ലെന്ന് കെ.കെ. രമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘ന്യായാധിപന്മാരുടെ വ്യക്തിപരമായ വീക്ഷണ സങ്കുചിതത്വങ്ങള്‍ എഴുതി നിറയ്ക്കാനുള്ള കാലിക്കടലാസുകളല്ല വിധിന്യായങ്ങള്‍. ഭരണഘടനാമൂല്യങ്ങളാണതിന് കാവല്‍ നില്‍ക്കുന്നത്. ഈ വിധി തിരുത്താന്‍ കോടതി തയ്യാറാവണം.
സുപ്രീം കോടതിയുടേതടക്കമുള്ള കര്‍ശനനിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് ഭരണഘടനാപരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഈ വിധി പ്രഖ്യാപിച്ച ന്യായാധിപനെ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്യാന്‍ ഉപരികോടതികള്‍ സ്വമേധയാ തയ്യാറാവണം.
ഒരു സ്ത്രീയുടെ ചിത്രങ്ങള്‍ അങ്ങേയറ്റം സെക്‌സിസ്റ്റായ മുന്‍വിധി നിറഞ്ഞ വാദങ്ങളോടെ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച പ്രതിഭാഗം അഭിഭാഷകനും കര്‍ശന വിചാരണ നേരിടേണ്ടതുണ്ട്.
സിവിക് ചന്ദ്രനെന്ന സാംസ്‌കാരിക പ്രവര്‍ത്തകന്റെ കാപട്യവും ഇരട്ടമുഖവും പൊതുസമൂഹത്തിന് മുന്നില്‍ വെളിവാക്കുന്ന ഒരു അനുഭവം കൂടിയാണിത്.
അതിജീവിതയ്ക്ക് ഇത്തരം വിധികള്‍ സൃഷ്ടിച്ചേക്കാവുന്ന മാനസികാഘാതവും ആത്മവിശ്വാസക്കുറവും ചെറുതാവില്ല. നിയമവാഴ്ചയിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടു പോവാത്ത വിധം. അതിജീവിതക്കൊപ്പം എന്ന് ജനാധിപത്യ കേരളം ഒറ്റക്കെട്ടായി നിന്ന് ഉറക്കെപ്പറയേണ്ടിയിരിക്കുന്നു,’ കെ.കെ രമ പറഞ്ഞു.
അതേസമയം, ലൈംഗികാകര്‍ഷണമുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചതിനാല്‍ സെക്ഷ്വല്‍ ഹരാസ്മെന്റിനുള്ള ഐ.പി.സി 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് സെഷന്‍സ് കോടതി വിധിയില്‍ പറയുന്നത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ 12-8-2022ലെ ഉത്തരവിലാണ് ഈ വിചിത്ര വാദം.
കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. യുവ എഴുത്തുകാരിയായിരുന്നു പരാതിക്കാരി.
2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന്മേലാണ് യുവതി പരാതി നല്‍കിയിരുന്നത്. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. വടകര ഡി.വൈ.എസ്.പിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.
CONTENT HIGHLIGHTS: KK Rama MLA criticizes Kazhikode Sessions Court ruling that the dress of the complainant is sexually provocative