സ്ത്രീകളെ മനസിലാക്കാത്ത ഈ വനിത കമ്മീഷന്‍ അധ്യക്ഷയെ എന്തിന് സഹിക്കണം? ജോസഫൈനെതിരെ കെ.കെ. രമ
Kerala News
സ്ത്രീകളെ മനസിലാക്കാത്ത ഈ വനിത കമ്മീഷന്‍ അധ്യക്ഷയെ എന്തിന് സഹിക്കണം? ജോസഫൈനെതിരെ കെ.കെ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th June 2021, 12:19 pm

കോഴിക്കോട്: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ ആര്‍.എം.പി.ഐ. എം.എല്‍.എ. കെ.കെ. രമ. ജോസഫൈന്റെ പ്രതികരണം അംഗീകരിക്കാനാകില്ലെന്നും എത്രയും പെട്ടെന്ന് അവരെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രമ ആവശ്യപ്പെട്ടു.

‘ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാര്‍ഷ്ട്യവും നിര്‍ദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതല്‍ ജോസഫൈന്‍ സംസാരിക്കുന്നത്. അതിനും പുറമേയാണ് താനിരിക്കുന്ന പദവിയുടെ അന്തസ്സത്ത എന്ത് എന്ന് പോലുമറിയാത്ത ഇത്തരം തീര്‍പ്പുകള്‍,’ രമ പറഞ്ഞു.

പരാതിപ്പെടാനും പൊരുതാനുമൊക്കെ ഒരു സാധാരണ സ്ത്രീക്ക് ആരെങ്കിലുമൊക്കെ ഒപ്പമുണ്ട് എന്ന ബോധ്യവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കുക എന്നത് വനിതാ കമ്മീഷന്റെ ബാധ്യതയാണെന്നും രമ കൂട്ടിച്ചേര്‍ത്തു.

പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നായിരുന്നു ജോസഫെന്‍ പറഞ്ഞത്. മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.

എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.


എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.

വേണമെങ്കില്‍ കമ്മീഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വെച്ച് കുടുംബകോടതിയെ സമീപിക്കണമെന്നാണ് ജോസഫൈന്‍ പിന്നീട് പറയുന്നത്.

ജോസഫൈന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.

നേരത്തെയും ജോസഫൈന്റെ പല പരാമര്‍ശങ്ങളും നടപടികളും വലിയ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. നേരത്തെ 89 വയസുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈന്റെ നടപടിയും വിവാദമായിരുന്നു.

കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘ഭര്‍ത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ ?’
‘ഉണ്ട് . ‘
‘ അമ്മായിയമ്മ ? ‘
‘ഭര്‍ത്താവും അമ്മായിയമ്മയും ചേര്‍ന്നാണ്…’
‘എന്നിട്ട് നിങ്ങള്‍ എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല’
‘ഞാന്‍… ആരെയും അറിയിച്ചില്ലായിരുന്നു. ‘
‘ആ… എന്നാ അനുഭവിച്ചോ ‘

ഗാര്‍ഹിക പീഡനത്തിന്റെ ദുരനുഭവം വിവരിക്കുന്ന ഒരു സ്ത്രീയോട് കേരളത്തിലെ ബഹുമാനപ്പെട്ട വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞ മറുപടിയാണിത്.

CPM നേതാവിനെതിരായ പീഡനാരോപണത്തില്‍ പാര്‍ട്ടിക്ക് സമാന്തരമായി പോലീസും കോടതിയുമുണ്ടെന്ന് മുമ്പൊരിക്കല്‍ പറഞ്ഞ നേതാവാണ് ജോസഫൈന്‍.

ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാര്‍ഷ്ട്യവും നിര്‍ദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതല്‍ ജോസഫൈന്‍ സംസാരിക്കുന്നത്. അതിനും പുറമേയാണ് താനിരിക്കുന്ന പദവിയുടെ അന്തസ്സത്ത എന്ത് എന്ന് പോലുമറിയാത്ത ഇത്തരം തീര്‍പ്പുകള്‍. പോലീസും കോടതിയുമടക്കമുള്ള നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ ഇവിടെയുള്ളപ്പോള്‍ തന്നെയാണ് വനിതാകമ്മീഷന്‍ രൂപവല്‍ക്കരിച്ചത്.

നിരന്തരമായ അവഹേളനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയമാക്കപ്പെടുന്ന അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നീതി ലഭിക്കാന്‍ നമ്മുടെ നീതി നിര്‍വഹണ സംവിധാനങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന ബോധ്യത്തില്‍ നിന്നാണ് പട്ടികജാതി/ പട്ടികവര്‍ഗ്ഗ കമ്മീഷനുകളും വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമടക്കമുള്ള സംവിധാനങ്ങള്‍ നാം രൂപവല്‍ക്കരിച്ചത്.

നിയമക്കുരുക്കകളും നീതി നിര്‍വ്വഹണത്തിലെ സാങ്കേതിക സമ്പ്രദായങ്ങളും കോടതി വ്യവഹാരങ്ങള്‍ക്കാവശ്യമായ ഭാരിച്ച സാമ്പത്തിക ബാധ്യതയും ദുര്‍ബല ജനവിഭാഗങ്ങളില്‍ ഭയവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുന്നുണ്ട്. കുടുംബത്തില്‍ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകളില്‍ , തങ്ങളനുഭവിക്കുന്നത് ഒരു അനീതിയാണെന്ന് പോലും തിരിച്ചറിയാനാവാത്തവരുണ്ട്.

അത്ര ശക്തമാണ് കുടുംബങ്ങള്‍ക്കകത്തെ പുരുഷാധിപത്യ പൊതുബോധം. പരാതിപ്പെടാനും പൊരുതാനുമൊക്കെ ഒരു സാധാരണ സ്ത്രീക്ക് ആരെങ്കിലുമൊക്കെ ഒപ്പമുണ്ട് എന്ന ബോദ്ധ്യവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കുക എന്നത് വനിതാ കമ്മീഷന്റെ ബാദ്ധ്യതയാണ്.

ഇതിനു വിരുദ്ധമായി ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങള്‍ക്ക് മുന്നില്‍ നിസ്സാരമായി ‘അനുഭവിച്ചോ ‘ എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈന്‍ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല. ശ്രീമതി എം.സി.ജോസഫൈനെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KK Rama MC Josaphine Women Commission