കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനു കീഴിലുള്ള മഹിളാമാള്‍ കാരണം സാമ്പത്തിക ബാധ്യതയില്‍പ്പെട്ടവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് കെ.കെ. രമ എം.എല്‍.എയുടെ നിവേദനം. മോഹന വാഗ്ദാനങ്ങള്‍ വിശ്വസിച്ച് വ്യാപാരസ്ഥാപനത്തില്‍ കടമുറികള്‍ വാടകയ്‌ക്കെടുത്ത വനിതാ സംരംഭകരുടെ ജീവിതം കടക്കെണിയില്‍പ്പെട്ട് ദുരിതപൂര്‍ണമായിരിക്കുകയാണെന്ന് രമ പറഞ്ഞു.
‘ ‘അതിജീവനത്തിന്റെ ചിറകുകള്‍’ എന്ന പരസ്യവാചകത്തില്‍ തുടങ്ങിയ ഈ സംരംഭം സ്ത്രീകളുടെ ഉള്ള ചിറകുകള്‍ കൂടെ അരിഞ്ഞു കളയുകയാണ് സത്യത്തില്‍ ചെയ്തിരിക്കുന്നത്. പറക്കുകയല്ല… കിടന്ന് പിടയുകയാണിവര്‍,’ രമ പറഞ്ഞു.
ഇവരെ സംരക്ഷിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനോ, കുടുംബശ്രീയുടെ മാള്‍ നടത്തിപ്പ് ഏജന്‍സിയായ യൂനിറ്റിയോ ഒന്നും ചെയ്യുന്നില്ലെന്നും രമ പറഞ്ഞു. വനിതാ ക്ഷേമം വലിയ വായില്‍ പറഞ്ഞവരൊന്നും കടക്കെണിയിലായ സ്ത്രീകളെ കാണുന്നില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മൊത്തം സ്ത്രീകളുടെയും അഭിമാനമായി മാറേണ്ട ഈ സ്ഥാപനത്തില്‍ മുതല്‍ മുടക്കി ജീവനോപാധി നേടുന്നതിന് പകരം വലിയ കടക്കാരായി മാറിയിരിക്കുകയാണ് സ്ത്രീകളെന്നും രമ പറഞ്ഞു.
സ്ത്രീകളുടെ മാത്രം ഉടമസ്ഥതയിലുള്ള ലോകത്തെ ആദ്യത്തെ മാള്‍ എന്ന പ്രഖ്യാപനത്തോടെയാണ് കോഴിക്കോട് കോര്‍പ്പറേഷനു കീഴിലുള്ള മഹിളാമാള്‍ ആരംഭിച്ചത്.
2018 നവംബര്‍ 24 ന് ആയിരുന്നു മഹിളാമാള്‍ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ തന്നെ വനിതകളുടെ ആദ്യ മാള്‍ എന്ന നിലയില്‍ മഹിളാമാള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആറുനിലകളിലായി 79 കടമുറികളാണ് മാളിലുള്ളത്.
യൂനിറ്റി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പത്ത് സ്ത്രീകള്‍ ചേര്‍ന്ന് തുടങ്ങിയ മാളിന് കുടുംബശ്രീ ജില്ലാ മിഷന്റേയും കോര്‍പ്പറേഷന്റേയും സഹകരണമുണ്ടായിരുന്നു. മാള്‍ തുടങ്ങി നാലോ അഞ്ചോ മാസം എല്ലാ കടകളിലും മെച്ചപ്പെട്ട കച്ചവടമുണ്ടായിരുന്നെങ്കിലും പിന്നീട് ക്രമേണ കുറഞ്ഞു.
ലോക്ഡൗണിന് ശേഷം പിന്നീട് കടകള്‍ തുറന്നിട്ടില്ല.
കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്
സ്ത്രീകളുടെ മാത്രം ഉടമസ്ഥതയിലുള്ള ലോകത്തെ ആദ്യത്തെ മാള്‍ എന്ന പ്രഖ്യാപനത്തോടെയാണ് കോഴിക്കോട് കോര്‍പ്പറേഷനു കീഴിലുള്ള മഹിളാമാള്‍ ആരംഭിച്ചത്. മോഹന വാഗ്ദാനങ്ങള്‍ വിശ്വസിച്ച് വ്യാപാരസ്ഥാപനത്തില്‍ കടമുറികള്‍ വാടകയ്‌ക്കെടുത്ത വനിതാ സംരംഭകരുടെ ജീവിതം കടക്കെണിയില്‍ പെട്ട് ദുരിതപൂര്‍ണമായിരിക്കുകയാണ്.
ഉദ്ഘാടനവേളയില്‍ വാഗ്ദാനം ചെയ്തിരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ ഒരുക്കിയിരുന്നില്ല. ജീവിതം കരുപ്പിടിപ്പിക്കാന്‍ ലക്ഷക്കണക്കിനു രൂപ ചെലവാക്കി സംരംഭങ്ങള്‍ ആരംഭിച്ച സ്തീകളെ വഞ്ചിക്കുന്ന നടപടിയാണ് പിന്നീട് ഉടമകളില്‍ നിന്നുമുണ്ടായത്.
‘അതിജീവനത്തിന്റെ ചിറകുകള്‍’ എന്ന പരസ്യവാചകത്തില്‍ തുടങ്ങിയ ഈ സംരംഭം സ്ത്രീകളുടെ ഉള്ള ചിറകുകള്‍ കൂടെ അരിഞ്ഞു കളയുകയാണ് സത്യത്തില്‍ ചെയ്തിരിക്കുന്നത്. പറക്കുകയല്ല… കിടന്ന് പിടയുകയാണിവര്‍.
ഇവരെ സംരക്ഷിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനോ, കുടുംബശ്രീയുടെ മാള്‍ നടത്തിപ്പ് ഏജന്‍സിയായ യൂനിറ്റിയോ ഒന്നും ചെയ്യുന്നില്ലെന്നതാണ് ദു:ഖകരം. വനിതാ ക്ഷേമം വലിയ വായില്‍ പറഞ്ഞവരൊന്നും കടക്കെണിയിലായ സത്രീകളെ കാണുന്നില്ല.
കടക്കെണിയില്‍ പെട്ട ഈ വനിതാ സംരഭകരുടെ പ്രശ്‌നത്തിന് ഒരു അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബഹു: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയെ നേരില്‍ കാണുകയുണ്ടായി.
കേരളത്തിലെ മൊത്തം സ്ത്രീകളുടെയും അഭിമാനമായി മാറേണ്ട ഈ സ്ഥാപനത്തില്‍ മുതല്‍ മുടക്കി ജീവനോപാധി നേടുന്നതിന് പകരം വലിയ കടക്കാരായി മാറിയ സ്ത്രീകളെ സാമ്പത്തിക ബാധ്യതകളില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
Content Highlight: KK Rama Mahila Mall MV Govindan