കോഴിക്കോട്: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ആര്‍.എം.പി നേതാവ് കെ.കെ രമ രംഗത്ത്.
ദല്‍ഹിയില്‍ ഏകെജി ഭവനില്‍ യെച്ചൂരിക്ക് നേരെ നടന്ന സംഘപരിവാര്‍ കയ്യേറ്റം തീര്‍ച്ചയായും ഈ നാടിന്റെ ജനാധിപത്യക്രമത്തിന് നേരെയുള്ള കടന്നാക്രമണം തന്നെയാണെന്നായിരുന്നു രമയുടെ പ്രതികരണം.
ഭിന്നാഭിപ്രായങ്ങളെ കായികമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് അസഹിഷ്ണുതയ്‌ക്കെതിരെ ജനാധിപത്യവിശ്വാസികള്‍ ഒന്നടങ്കം രംഗത്തു വരണം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ആക്രമിച്ച് നിശബ്ദമാക്കാന്‍ കഴിയുമെന്ന് കരുതുന്ന ഫാസിസ്റ്റ് മൗഢ്യങ്ങള്‍ ഇവിടെ അനുവദിച്ചു കൂടായെന്നും രമ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു രമ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.
നേരത്തെ സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ തീക്കൊള്ളി കൊണ്ട് ചൊറിയുന്നു എന്നായിരുന്നു വി.എസ് അച്യുതാനന്ദന്റെ പ്രതികരണം.
ആക്രമണം നടത്തിയ സംഘടനയെ രാജ്യത്ത് നിരോധിക്കണമെന്നും ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തി തുറുങ്കിലടക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
നേരത്തെ, യെച്ചൂരിയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. യെച്ചൂരിയ്‌ക്കെതിരായ ആക്രമണം അപലപനീയമാണെന്നു പറഞ്ഞ പിണറായി വിജയന്‍ ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്നും പറഞ്ഞു.
നേരത്തെ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എ.കെ ആന്റണിയും രംഗത്തെത്തിയിരുന്നു. കയ്യേറ്റത്തെ പ്രാകൃതമാണെന്നായിരുന്നു ആന്റണി വിശേഷിപ്പിച്ചത്. തങ്ങളെ എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ പ്രതികരണവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു.
സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ഇതു കൊണ്ടൊന്നും തങ്ങള്‍ നിശബ്ദരാകില്ലെന്നും ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും പറഞ്ഞ യെച്ചൂരി അതില്‍ തങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
രമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ദില്ലിയില്‍ ഏകെജി ഭവനില്‍ സഖാവ് യെച്ചൂരിക്ക് നേരെ നടന്ന സംഘപരിവാര്‍ കയ്യേറ്റം തീര്‍ച്ചയായും ഈ നാടിന്റെ ജനാധിപത്യക്രമത്തിന് നേരെയുള്ള കടന്നാക്രമണം തന്നെയാണ്.
ഭിന്നാഭിപ്രായങ്ങളെ കായികമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് അസഹിഷ്ണുതയ്‌ക്കെതിരെ ജനാധിപത്യവിശ്വാസികള്‍ ഒന്നടങ്കം രംഗത്തു വരണം.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ആക്രമിച്ച് നിശബ്ദമാക്കാന്‍ കഴിയുമെന്ന് കരുതുന്ന ഫാസിസ്റ്റ് മൗഢ്യങ്ങള്‍ ഇവിടെ അനുവദിച്ചു കൂടാ.
ഭരണാധികാരവും ഗുണ്ടാസംഘങ്ങളും കൈയ്യിലുണ്ടായാല്‍ ജനാധിപത്യത്തിന്റെ നാവറുക്കാമെന്നും രാഷ്ട്രീയ എതിരാളികളെ ആക്രമിച്ച് അവസാനിപ്പിക്കാമെന്നും കരുതുന്നവരെ ചെറുക്കുക തീര്‍ച്ചയായും ഓരോ ജനാധിപത്യവാദിയുടേയും അടിയന്തിര കടമയാണ്.
യെച്ചൂരിക്കെതിരായ ഫാസിസ്റ്റ് ആക്രമണത്തില്‍ അമര്‍ഷം.. പ്രതിഷേധം.