തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ ജാതി വിവേചനത്തിനെതിരെയുള്ള ദീപ പി. മോഹന്റെ സമരം വിജയിച്ചതോടെ അഭിവാദ്യങ്ങളുമായി വടകര എം.എല്‍.എ കെ.കെ. രമ.
ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്ക് പകരം ജാതിവെറിയും സ്ത്രീവിരുദ്ധതയും അരങ്ങുവാഴുന്ന അധികാര ഗോപുരങ്ങളോട് പൊരുതിയാണ് ദീപ വിജയം നേടിയതെന്ന് അവര്‍ പറഞ്ഞു.
‘അധിനിവേശങ്ങളുടെ കെട്ട കാലത്ത് നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ജനതയ്ക്ക് , ഒത്തുതീര്‍പ്പുകള്‍ കൊണ്ടും കണ്ണടച്ചിരുട്ടാക്കലുകള്‍ കൊണ്ടും ഒറ്റുകൊടുക്കപ്പെടുന്ന ജനതയ്ക്ക് ഇതുപോലുള്ള ഉജ്ജ്വല വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ചെറുതല്ല.
ദീപയുടെ വിജയം ദീപയുടെ മാത്രം വിജയമല്ല. ദീപയുടെ സമര വെളിച്ചത്തിന്റെ ഊര്‍ജ്ജത്തില്‍ നടന്ന കുറെയേറെ തുറന്നുപറച്ചിലുകളുണ്ട്,’ കെ.കെ രമ പറഞ്ഞു.
ഗവേഷണം പൂര്‍ത്തിയാക്കിയും മുടങ്ങിയും മുറിവേറ്റ മനസ്സുമായി സര്‍വ്വകലാശാലയുടെ പടിയിറങ്ങിപ്പോയ കുട്ടികളുണ്ട്. ഇനിയും ആത്മവിശ്വാസത്തോടെ കടന്നുവരേണ്ട പുതിയ തലമുറകളുണ്ട്. അവര്‍ക്കൊക്കെ വേണ്ടിയാണ് ദീപ ഈ വിജയം നേടിയത്. ദീപയ്ക്കും സമരസമിതിക്കും സഖാക്കള്‍ക്കും ഭീം ആര്‍മിക്കും ഹൃദയാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദീപയുടെ ആവശ്യം എം.ജി സര്‍വകലാശാല അംഗീകരിച്ചതോടെയാണ് അവര്‍ സമരം അവസാനിപ്പിച്ചത്. ദീപക്ക് 2024 വരെ ഗവേഷണത്തിനുള്ള സമയം നീട്ടിനല്‍കാനും മുടങ്ങിയ ഫെലോഷിപ്പ് നല്‍കാനും തീരുമാനമായി. വി.സി. സാബു തോമസുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
നന്ദകുമാര്‍ കളരിക്കലിനെ നാനോ സയന്‍സ് വകുപ്പില്‍ നിന്ന് മാറ്റാനും തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ ഡ്രാഫ്റ്റ് തനിക്ക് ലഭിച്ചതായി ദീപ പറഞ്ഞു.