കെ.കെ രമക്ക് കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വീകരണം
Kerala
കെ.കെ രമക്ക് കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2014, 4:42 pm

[]കോഴിക്കോട്: റെവലൂഷ്യനറി മാര്‍ക്‌സിസ്റ്റ് നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമക്ക് കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വീകരണം.

“സഖാവ് ടി.പി മരിക്കുന്നില്ല,ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന മുദ്രാവാക്യം വിളികളുമായി നിരവധി ആര്‍.എം.പി പ്രവര്‍ത്തകരാണ് രമയെ സ്വീകരിക്കാനായി കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നത്.

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമയുടെ ആവശ്യം മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതോടെയാണ് വെള്ളിയാഴ്ച നിരാഹാര സമരം അവസാനിപ്പിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിനേയും സംഘപരിവാറിനേയും സി.പി.ഐ.എമ്മിലുള്‍പ്പെടുത്തിയത് പാര്‍ട്ടിയുടെ അപചയത്തെയാണ് കാണിക്കുന്നത്. സി.പി.ഐ.എമ്മില്‍ ഇനി സാധാരണക്കാര്‍ക്ക് തുടരാനാവില്ലെന്നും കെ.കെ രമ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സമരം വിജയിച്ചത് വി.എസിന്റെ കത്തിനാല്ലെന്നും ആര്‍.എം.പിയുടെ സമരത്തിന്റെ ഫലമായിട്ടാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.

ടി.പി കേസുള്‍പ്പടെയുള്ള കേസുകളില്‍ സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നതോടെ സി.പി.ഐ.എമ്മിന്റെ നേതാക്കളിലേക്കെത്താനാവുമെന്നും കെ.കെ രമ പ്രത്യാശപ്രകടിപ്പിച്ചു.

സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്നു കെ.കെ രമ.

നൂറു മണിക്കൂറോളം നീണ്ട നിരാഹാര സമരം വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രണ്ട് ദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വിശ്രമത്തിലിരുന്ന ശേഷമാണ് ഇന്ന് കെ.കെ രമ കോഴിക്കോട്ടേക്ക് തിരിച്ചത്.