| Thursday, 25th November 2021, 3:21 pm

സി.പി.ഐ.എം വിരുദ്ധ പോസ്റ്റുകളില്‍ ലൈക്കടിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ കാണിക്കുന്ന ശുഷ്‌കാന്തി സി.ഐ സുധീറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് കാണിക്കുന്നില്ലെന്ന് കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിനെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുകയാണെന്ന് വടകര എം.എല്‍.എ കെ.കെ. രമ.

സി.ഐക്കെതിരെ ആത്മഹത്യാപ്രേരണകുറ്റത്തിന് കേസെടുക്കുകയും അടിയന്തിരമായി സസ്പെന്റ് ചെയ്യുകയുമായിരുന്നു ആഭ്യന്തരവകുപ്പ് ചെയ്യേണ്ടിയിരുന്നതെന്നും രമ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ സി.പി.ഐ.എം വിരുദ്ധ പോസ്റ്റുകളില്‍ ഒന്ന് ലൈക്കടിച്ചാല്‍പോലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ കാണിക്കുന്ന ശുഷ്‌കാന്തി എന്തുകൊണ്ടാണ് ഒരു പെണ്‍കുട്ടിയുടെ മരണമൊഴിയില്‍ കൃത്യമായി പേരുവന്ന ഉദ്യോഗസ്ഥനെതിരെ ഈ സര്‍ക്കാര്‍ കാണിക്കാത്തതെന്നും രമ ചോദിച്ചു.

ഭരണത്തണലില്‍ സ്വന്തക്കാര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇതിനുപിന്നില്‍. ഈ ഭരണത്തില്‍ ആഭ്യന്തരവകുപ്പിന്റെ കുറ്റകൃത്യങ്ങളില്‍ രക്തസാക്ഷികളായവര്‍ നിരവധിയാണെന്നും അതില്‍ ഒടുവിലത്തെ ഇരയാണ് മോഫിയ പര്‍വീണെന്നും രമ ഫേസ്ബുക്കിലെഴുതി.

” സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സ്വാഭാവികമായി ചെയ്തുകൊടുക്കേണ്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് വിശദീകരിക്കാനും, തന്റെ കലാലയജീവിതത്തിലെ വീരസാഹസങ്ങള്‍ പറയാനും മണിക്കൂറുകളോളം വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുന്ന മുഖ്യമന്ത്രി പൊലീസിന്റെയും ആഭ്യന്തരവുപ്പിന്റെയും തന്റെ മറ്റ് വകുപ്പുകളുടെയും നിരന്തരമായ പിടിപ്പുകേടുകള്‍ ഉയരുന്ന ഈ സമയത്ത് മൗനംപാലിക്കുന്നത് ചെയ്തതൊക്കെ തെറ്റാണെന്ന ഉറച്ച ബോധ്യംകൊണ്ടുതന്നെയാണ്.
മുഖ്യമന്ത്രി മൗനംവെടിഞ്ഞ് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാവണം.
സാധാരണ ജീവിതങ്ങള്‍ക്ക് നീതി ലഭിക്കാത്തിടത്തോളം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്പോവുകതന്നെ ചെയ്യും,” രമ പറഞ്ഞു.

നവംബര്‍ 23 ന് ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സി.ഐ സുധീര്‍ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മോഫിയ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: KK Rama aginst LDF government, MOfia Case

We use cookies to give you the best possible experience. Learn more