| Wednesday, 3rd November 2021, 8:41 am

മറ്റുള്ളവര്‍ക്കെല്ലാം ഉത്തരം നല്‍കി, എന്റെ ചോദ്യത്തിന് മാത്രം മറുപടിയില്ല; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയില്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി വടകര എം.എല്‍.എ കെ.കെ. രമ.

യു.എ.പി.എ കേസ് സംബന്ധിച്ച തന്റെ ചോദ്യത്തിന് മാത്രം മറുപടി നല്‍കിയില്ലെന്നും, മറ്റ് പല എം.എല്‍.എമാര്‍ക്കും പല ഘട്ടങ്ങളിലും മറുപടി നല്‍കി എന്നുമാരോപിച്ചാണ് രമ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

>കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്കെതിരെ യു.എ.പി.എ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്? പേരുവിവരങ്ങളും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും നല്‍കാമോ?

> യു.എ.പി.എ കേസില്‍ വിചാരണത്തടവുകാരായി കഴിയുന്നവരുടെ എണ്ണം, കേസിന്റെ വിശദാംശം?

> ഇവര്‍ ഇതിനോടകം അനുഭവിച്ച ജയില്‍വാസത്തിന്റെ കാലാവധി?

> ഈ കാലയളവില്‍ യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ ശിക്ഷ വിധിച്ചതും പിന്‍വലിച്ചതുമായ കേസുകളുടെ വിശദാംശങ്ങള്‍?, തുടങ്ങിയ ചോദ്യങ്ങളാണ് രമ നിയമസഭയില്‍ ഉന്നയിച്ചത്.

ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടുന്നതും പ്രത്യേക കോടതിയുടെ പരിഗണയിലിരിക്കുന്ന പ്രതികളുടെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യത്തെ മൂന്ന് ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയായി നല്‍കിയത്.

പിന്‍വലിച്ച കേസുകളുടെ ക്രൈം നമ്പറുകള്‍ നാലാമത്തെ ചോദ്യത്തിനുള്ള ഉത്തരമായും മുഖ്യമന്ത്രി നല്‍കി.

എന്നാല്‍, ഇതേ ചോദ്യമുന്നയിച്ച മറ്റ് പല എം.എല്‍.എമാര്‍ക്കും ജില്ല തിരിച്ചുള്ള കണക്കുകളടക്കം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്നാണ് രമയുടെ ആരോപണം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ചുമത്തിയ യു.എ.പി.എ കേസുകളുടെ വിശദാംശങ്ങള്‍ 2017 ഫെബ്രുവരിയില്‍ പി.ടി.എ റഹീമിനും, 2017 മെയില്‍ ഇ.പി. ജയരാജനും നല്‍കി.

2017ല്‍ മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിനും എന്‍.എ. നെല്ലിക്കുന്നത്തിന്റെ ചോദ്യത്തിനും യു.എ.പി.എ വിചാരണ തടവുകാരുടെ എണ്ണവും സര്‍ക്കാര്‍ നല്‍കിയെന്നും രമ ആരോപിക്കുന്നു.

2017 മെയില്‍ പി.കെ ബഷീറിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ യു.എ.പി.എ കേസുകളുടെ എണ്ണം ജില്ല തിരിച്ചും, 2019 ജൂണില്‍ പി.ടി.എ റഹീമിന്റെ ചോദ്യത്തിന് പഴയ കാല സര്‍ക്കാര്‍ ചുമത്തിയ യു.എ.പി.എ കേസുകള്‍ വേണ്ടന്നു വെച്ചതിന്റെ വിശദാംശങ്ങളും നല്‍കിയെന്നും കെ.കെ. രമ പറയുന്നു.

2020 മാര്‍ച്ചില്‍ മുസ്‌ലിം ലീഗ് എം.എല്‍.എമാരുടെ ചോദ്യത്തിന് പന്തീരങ്കാവ് യു.എ.പി.എ കേസിനെ കുറിച്ചും, 2021 മാര്‍ച്ചില്‍ എ.പി. അനില്‍ കുമാറിന്റെ ചോദ്യത്തിന് 2016ലെ പിണറായി സര്‍ക്കാരിന്റെ കാലത്ത് യു.എ.പി.എ ചുമത്തിയ കേസുകളുടെ എണ്ണം സംബന്ധിച്ചുള്ള മറുപടിയും നല്‍കിയതായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KK Rama against Pinarayi Vijayan

We use cookies to give you the best possible experience. Learn more