തൃശൂര്‍: കേരളവര്‍മ്മ കോളജില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തിനു മുന്നോടിയായി ആര്‍.എസ്.എസ് ശ്രമിച്ചത് വ്യാജ സമ്മതിയുണ്ടാക്കാനെന്ന് ആക്ഷേപം. എസ്.എഫ്.ഐയുടെ അക്രമങ്ങള്‍ക്കെതിരെയെന്ന പേരില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയ്ക്ക് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരുടെ പിന്തുണയുണ്ടെന്ന് സ്ഥാപിക്കാനായി ചിലരുടെ പേരുകള്‍ ആര്‍.എസ്.എസ് ബോധപൂര്‍വ്വം തിരുകി കയറ്റുകയാണുണ്ടായതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വെള്ളിയാഴ്ച 10 മണിക്ക് നടക്കുന്ന പരിപാടിയെക്കുറിച്ച് ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയില്‍ വെള്ളിയാഴ്ച വന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പേരുകളില്‍ പലതും വ്യാജമായി തിരുകി കയറ്റുകയായിരുന്നു. കോളജ് ഗേറ്റിനു പുറത്ത് ആര്‍.എസ്.എസ് സംഘടിപ്പിച്ച ഈ പരിപാടിക്കു പിന്നാലെ കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍.എസ്.എസ് അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.
ആര്‍.എം.പി നേതാവ് കെ.കെ രമ, കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ടി.എന്‍ പ്രതാപന്‍ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വെള്ളിയാഴ്ച ജന്മഭൂമി പത്രത്തില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്. എന്നാല്‍ അങ്ങനെയൊരു പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും താന്‍ പങ്കെടുക്കുമെന്ന തരത്തിലുള്ള ജന്മഭൂമി റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നുമാണ് ആര്‍.എം.പി നേതാവ് കെ.കെ രമ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജന്മഭൂമി പത്രം റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്ത
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന തരത്തില്‍ വാര്‍ത്ത അച്ചടിച്ചുവന്നതെന്നും ഇതുസംബന്ധിച്ച് ജന്മഭൂമിയില്‍ നിന്നും വിശദീകരണം തേടുമെന്നും രമ വ്യക്തമാക്കി.
“ഞാനങ്ങനെയൊരു പരിപാടിപോലും അറിയില്ല. എന്നോടാരും അത്തരത്തിലൊരു പരിപാടിയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞാനാരോടും ആ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ഞാന്‍ അത്തരത്തിലൊരു പരിപാടിയില്‍ പങ്കെടുക്കുകയുമില്ല. ആര്‍.എസ്.എസിന്റെ ഒരു സാംസ്‌കാരിക സംഘടന നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന പ്രശ്‌നമുദിക്കുന്നില്ല. ” രമ വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികള്‍, അത് എസ്.എഫ്.ഐയായാലും എ.ബി.വി.പിയായാലും ആരായാലും, അവര്‍ക്കു സ്വാധീനമുള്ള ക്യാമ്പസുകളെ ഫാസിസം പഠിപ്പിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുന്ന രാഷ്ട്രീയ പ്രവണത ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രമ പറഞ്ഞു.
ഇന്നത്തെ ജന്മഭൂമി പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് (കഴിഞ്ഞദിവസത്തെ റിപ്പോര്‍ട്ടിലുള്ള കെ.കെ രമ, ടി.എന്‍ പ്രതാപന്‍, സി.പി ജോണ്‍ തുടങ്ങിയ പേരുകള്‍ അപ്രത്യക്ഷമായി)
“ഇതില്‍ എങ്ങനെയാണ് എന്റെ പേരു വന്നത് എന്നെനിക്കറിയില്ല. സോഷ്യല്‍ മീഡിയകളില്‍ ഇതുസംബന്ധിച്ച വാര്‍ത്ത കണ്ടപ്പോഴാണ് ഈയൊരു സംഭവത്തെക്കുറിച്ച് അറിഞ്ഞതു തന്നെ. ഞാന്‍ ജന്മഭൂമിക്കാരോട് ഇതിനെക്കുറിച്ച് വിളിച്ച് അന്വേഷിക്കും.” എന്നും അവര്‍ അറിയിച്ചു.
രമയ്ക്കു പുറമേ കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍ പ്രതാപന്‍, സി.എം.പി നേതാവ് സി.പി ജോണ്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല എന്നാണ് ഇതുസംബന്ധിച്ച് ഇന്ന് ജന്മഭൂമി പത്രം തന്നെ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്.
വെള്ളിയാഴ്ചത്തെ ജന്മഭൂമി റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശിക്കാത്ത ഡോ. കല്പറ്റ ബാലകൃഷ്ണന്‍, പ്രൊഫ. ടി.പി സുധാകരന്‍, കെ.ബി ശിവപ്രസാദ് എന്നിവരാണ് പ്രധാനമായും പരിപാടിയില്‍ പങ്കെടുത്തത്. ഇതില്‍ ഡോ. കല്പറ്റ ബാലകൃഷ്ണന്‍ എന്നത് കല്പറ്റ നാരായണന്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.