ആര്‍.എം.പിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ സി.പി.ഐ.എം വ്യാമോഹിക്കണ്ട: കെ.കെ രമ
Kerala
ആര്‍.എം.പിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ സി.പി.ഐ.എം വ്യാമോഹിക്കണ്ട: കെ.കെ രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th April 2014, 12:59 pm

[share]

[] കോഴിക്കോട്: ആര്‍.എം.പിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ സി.പി.ഐ.എം വ്യാമോഹിക്കേണ്ടെന്നു പാര്‍ട്ടി നേതാവ് കെ.കെ.രമ. വോട്ട് മറിക്കണമെങ്കില്‍ ആര്‍.എം.പിക്ക്   സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ട കാര്യമില്ലെന്നും സി.പി.ഐ.എമ്മിന്റെ ഒരു വിഭാഗം വോട്ട് മറിച്ചത് കൊണ്ടാണ് കഴിഞ്ഞ തവണ തോറ്റതെന്നും അവര്‍ പറഞ്ഞു.

ഇത്തവണയും അതുതന്നെയാണ് സി.പി.ഐ,എമ്മിന് സംഭവിക്കാന്‍ പോകുന്നതെന്നും പരാജയം മുന്നില്‍ക്കണ്ട് സി.പി.ഐ.എം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും രമ കൂറ്റപ്പെടുത്തി.

വടകരയില്‍ ആര്‍.എം.പി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുല്ലപ്പളളി രാമചന്ദ്രന് വോട്ടുകള്‍ മറിച്ച് നല്‍കിയതായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ആര്‍.എം.പി നേതാക്കള്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയിറങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

വടകരയിലെ പല ബൂത്തുകളിലും തിരഞ്ഞെടുപ്പു ദിവസം ആര്‍.എം.പി, കോണ്‍ഗ്രസുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം. ആര്‍.എം.പിക്കാരുടെ ഗോഡ് ഫാദറുടെ റോളിലായിരുന്നു മുല്ലപ്പളളി. മുല്ലപ്പളളിയെ സഹായിച്ച് സി.പി.ഐ.എമ്മിനെ തോല്‍പിക്കാമെന്ന മോഹം എന്തായാലും വിലപ്പോവില്ല- അദ്ദേഹം വ്യക്തമാക്കി.

ഇപ്രാവശ്യം മുസ്‌ലിം വോട്ടുകളുടെ ധ്രൂവീകരണമുണ്ടാവാത്തതും വടകര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീറിന് അനുഗ്രഹമാകുമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.