കഴിഞ്ഞ ദിവസം ഖനിമാഫിയയുടെ ഗൂഡാലോചനയ്ക്കിരയായ ഐ.പി.എസ് ഓഫീസര്‍ നരേന്ദ്ര കുമാറിന്റെ മരണത്തെ പറ്റിയും മധ്യപ്രദേശിലെ ഖനിമാഫിയകളുടെ വിളയാട്ടത്തെ കുറിച്ചും കെ.കെ മുഹമ്മദ് ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ പി.ആര്യയുമായി സംസാരിക്കുന്നു.
ചമ്പല്‍ പ്രദേശത്ത് ഖനിമാഫിയയ്‌ക്കെതിരെ ശക്തമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് താങ്കള്‍. ഐ.പി.എസ് ഓഫീസര്‍ നരേന്ദ്രകുമാറിന്റെ മരണത്തെ എങ്ങനെ കാണുന്നു ?
അനധികൃത ഖനനത്തിനെതിരെ ശക്തമായ നടപടി എടുത്ത ഓഫീസറായിരുന്നു നരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ മരണം തികച്ചും ദാരുണമായിപ്പോയി. അദ്ദേഹം മരിച്ച് ഒരു മണിക്കൂറിനുള്ളില്‍ എന്നെ മധ്യപ്രദേശില്‍ നിന്നും സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നു. വളരെ ഞെട്ടലോടെയാണ് ഞാന്‍ ആ വാര്‍ത്ത കേട്ടത്. കാരണം ഖനിമാഫിയ നോട്ടമിട്ടിട്ടുള്ള ഒരാളായിരുന്നു ഞാന്‍. എനിയ്ക്ക് പകരമാണ് അദ്ദേഹം മരിച്ചതെന്നു പോലും അപ്പോള്‍ എനിയ്ക്ക് തോന്നി.
അവിടെ നിന്നും സ്ഥലംമാറ്റം കിട്ടിയിരുന്നെങ്കില്‍ ഞാനാകുമായിരുന്നു അവരുടെ ആദ്യത്തെ ഇര. എനിയ്‌ക്കെതിരെ അവരുടെ ഭാഗത്തുനിന്നും നിരവധി തവണ ഭീഷണി വന്നിരുന്നു. ആയുസ്സിന്റെ ബലം കൊണ്ടുമാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്. നമ്മള്‍ ഒന്നോ രണ്ടോ പേര്‍ വിചാരിച്ചാല്‍ അവിടുത്തെ ഖനന മാഫിയയ്‌ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം നമ്മളൊക്കെ ചിന്തിക്കുന്നതിന് മുകളിലാണ് അവരുടെ സ്വാധീനം. അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നവരെ കൊല്ലുക എന്നതിലപ്പുറം അവരുടെ മുന്നില്‍ മറ്റൊന്നുമില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണയുണ്ടെങ്കില്‍ പിന്നെ അവര്‍ക്ക് ഒന്നുംനോക്കാനില്ല.
ഖനിമാഫിയയ്‌ക്കെതിരയുള്ള താങ്കളുടെ പ്രവര്‍ത്തനം എങ്ങനെയായിരുന്നു ?
2007 ലാണ് ചമ്പല്‍കാട്ടിലെ തകര്‍ന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുക എന്ന ദൗത്യവുമായി ഞാന്‍ മധ്യപ്രദേശിലെത്തുന്നത്. അന്ന് അവിടെ ബി.ജെ.പി സര്‍ക്കാരാണ് ഭരിച്ചിരുന്നത്. മധ്യപ്രദേശിലെ ഭഡേശ്വറില്‍ 200 ല്‍ പരം ക്ഷേത്രങ്ങളായിരുന്നു തകര്‍ന്നു കിടക്കുന്നത്. ഇതിനെതിരെ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ മന്ത്രിയ്ക്ക് കത്തെഴുതി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ല. അതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കത്ത് കിട്ടിയില്ലെന്നായിരുന്നു അവരുട മറുപടി.
പിന്നീട് ഞാന്‍ എസ്.പിയ്ക്ക് കത്തെഴുതി അതിനും മറുപടിയൊന്നും ഉണ്ടായില്ല. അതിനുശേഷം ഖനിമാഫിയയ്‌ക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച ആര്‍.എസ്.എസ് സര്‍സംഘ ചാലക് കെ.എസ് മുഹമ്മദ് സുദര്‍ശന് കത്തെഴുതി. അതിനുശേഷമാണ് ഇവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു കളക്ടറും എസ്.പി യും വരുന്നത്. എന്നാല്‍ ഇവരുടെ നേതൃത്വത്തിലുള്ള സംഘം ഖനിമാഫിയയുടെ സംഘത്തിനടുത്തെത്തിയപ്പോള്‍ തന്നെ അവര്‍ കളക്ടര്‍ക്കും എസ്.പിയ്ക്കും നേരെ വെടിവെയ്ക്കുകയായിരുന്നു. എന്നാല്‍ അവര്‍ക്ക് ഒന്നും പറ്റിയില്ല. എന്നാല്‍ എന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും നല്ല മീഡിയ സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. അവിടെ ജനങ്ങളെല്ലാം എന്റെ കൂടെ നിന്നു.
നരേന്ദ്രകുമാറിന്റെ മരണത്തിലൂടെ ഖനിമാഫിയയുടെ പ്രവര്‍ത്തനം അവസാനിക്കുമെന്ന് തോന്നുന്നുണ്ടോ?
ഒരിക്കലുമില്ല. നരേന്ദ്രകുമാറിന്റെ മരണം ഖനമാഫിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള സൂചനയാണ്. ഇപ്പോള്‍ തന്നെ പോലീസിന്റെ ഭാഗത്തുനിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും ശരിയായ നടപടിയുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ മരണം തെളിയിക്കപ്പെടാനോ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനോ തയ്യാറാകുമെന്ന് കരുതാനാവില്ല.
അനധികൃതമായി കയറ്റിക്കൊണ്ടുപോകുന്ന വാഹനം കൈകാട്ടി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വാഹനം നിര്‍ത്തിയില്ല. അപ്പോള്‍ അതിന് പിറകെ പോലീസ് വാഹനത്തിലാണ് അദ്ദേഹം പോയത്. കല്ലുകയറ്റിയ വാഹനത്തിന് മുന്നിലെത്തിയ നരേന്ദ്രകുമാറിനെ ട്രാക്ടര്‍ ഇടിച്ചുകൊല്ലുകയായിരുന്നു. എന്നാല്‍ ഇത് ഇങ്ങനെയൊന്നുമല്ല ഇനി തെളിയിക്കപ്പെടുക. അലസമായി ഡ്രൈവ് ചെയ്ത് ആക്‌സിഡന്റ് പറ്റിയെന്നൊക്കെയാവും ഇനി പുറത്തുവരുന്ന കഥകള്‍. അതിനായി അവര്‍ എത്ര സാക്ഷികളെ വേണമെങ്കിലും നിരത്തും, എത്ര തെളിവുകള്‍ വേണമെങ്കിലും ഉണ്ടാക്കും.
എങ്ങനെയാണ് അവിടുത്തെ ഖനി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ?
കോടിക്കണക്കിന് രൂപ വരുന്ന പാറക്കെട്ടുകളാണ് ഖനിമാഫിയയുടെ പ്രധാന ലക്ഷ്യം. അവരെ സംബന്ധിച്ച് ഏറ്റവും എളുപ്പത്തില്‍ പണം സമ്പാദിക്കാവുന്ന ഒരു ബിസിനസ് ആണ് അത്. പാറകള്‍ പൊട്ടിച്ചെടുത്ത് പോളിഷ് ചെയ്യേണ്ട പണിമാത്രമേ ഉള്ളു. പിന്നെ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യുകയാണ്. കോടികളാണ് ഇതിലൂടെ ഇവര്‍ക്ക് ലഭിക്കുന്നത്. ഇവര്‍ക്ക് മാത്രമല്ല സര്‍ക്കാരിനും. അതുകൊണ്ട് തന്നെ ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കും. അപ്പോള്‍ പരിസ്ഥിതി സംരക്ഷണവും വനസംരക്ഷണവുമെല്ലാം അവര്‍ മറക്കും. കോടിക്കണക്കിന് രൂപയുടെ ഖനനമാണ് അവിടെ നിത്യേന നടക്കുന്നത്. അവിടുത്തെ ഖനി രാജാക്കന്‍മാരെ എതിര്‍ക്കാന്‍ ധൈര്യമുള്ള ഒരാള്‍പോലും ഇല്ല.
ചമ്പല്‍ക്കാട്ടിലെ ക്ഷേത്രസംരക്ഷണത്തിനായുള്ള താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്, ആ ഘട്ടത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ?
ഞാന്‍ പറഞ്ഞല്ലോ മധ്യപ്രദേശിലെ ചമ്പല്‍ക്കാടുകളിലെ തകര്‍ന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുക എന്നതായിരുന്നു എന്നിലുള്ള ദൗത്യം. ഭഡേശ്വര്‍ എന്ന സ്ഥലത്ത് ഏതാണ്ട് 200 ല്‍ അധികം ക്ഷേത്രങ്ങളാണ് തകര്‍ന്നുകിടന്നിരുന്നു. അവിടുത്തെ ചമ്പല്‍ക്കൊള്ളക്കാരെ ഭയന്ന് ആരും അങ്ങോട്ട് അടുക്കാന്‍ പോലും തയ്യാറായിരുന്നില്ല. അവിടുത്തെ ക്ഷേത്രങ്ങള്‍ പലതും ശിവക്ഷേത്രങ്ങളാണ്. കര്‍ണാടക, ഉത്തരാഖണ്ഡ് തുടങ്ങിയിയ സ്ഥലങ്ങളിലൊക്കെ ഇത്തരത്തിലുള്ള ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ഇവിടെയാണ് കൂടുതല്‍ ക്ഷേത്രങ്ങള്‍ ഉള്ളത്.
ചില ഇടനിലക്കാര്‍ വഴിയാണ് ഞാന്‍ ചമ്പല്‍ക്കൊള്ളക്കാരുമായി ബന്ധപ്പെടുന്നത്. ക്ഷേത്രം പുനരുദ്ധരിക്കേണ്ടതിനെ കുറിച്ച് അവരുടെ അടുത്ത് സംസാരിച്ചപ്പോള്‍ ആദ്യമൊന്നും അവര്‍ അതിനോടടുക്കുകയേ ചെയ്തില്ല. എന്നാല്‍ നിരന്തരമായ എന്റെ ഇടപെടലുകളിലൂടെ അവര്‍ 4 ക്ഷേത്രങ്ങള്‍ എനിയ്ക്ക് വിട്ടുതന്നു. അങ്ങനെയാണ് അവിടുത്തെ ആദ്യത്തെ ദൗത്യം നടക്കുന്നത്. പിന്നീട് ഇവിടുത്തെ 70 ഓളം ക്ഷേത്രങ്ങളും പുനരുദ്ധരിക്കാന്‍ കഴിഞ്ഞു.
നിര്‍ഭയ് ഗുജയ്, രാം ബാബു തുടങ്ങിയ ചമ്പല്‍ക്കൊള്ളക്കാരുമായി സംസാരിച്ചതില്‍ നിന്നും എനിയ്ക്ക് ഒരു കാര്യം മനസ്സിലായി ഇവരെയൊക്കെ ഖനിമാഫിയകള്‍ കൊല്ലുമെന്ന് അവര്‍ക്ക് നേരത്തെ അറിയാമായിരുന്നു. ഇത്തരത്തില്‍ മധ്യപ്രദേശിലെ ചമ്പല്‍ മേഖലയിലെ നൂറുകണക്കിന് ആളുകളെയാണ് ഇവര്‍ കൊന്നുതള്ളിയിട്ടുള്ളത്. ഞാനുമായി സംസാരിച്ച ചമ്പലുകളൊക്കെ പിന്നീട് കൊല്ലപ്പെട്ടു.
ഇത്തരത്തിലുള്ള താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രചോദനം ലഭിച്ചിട്ടുണ്ടോ ?
ചമ്പല്‍ മേഖലയിലെ അനധികൃത ഖനികള്‍ നിര്‍ത്തിച്ചു പരിസ്ഥിതി സംരക്ഷിച്ചതിനും ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിച്ചതിനും സാര്‍ക് ഇന്റര്‍നാഷനല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നെ കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും ചിലഗ്രൂപ്പുകളുടെ സപ്പോര്‍ട്ടും എനിയ്ക്ക് ലഭിച്ചിരുന്നു. അവരുടെയൊക്കെ സപ്പോര്‍ട്ട് കൊണ്ടാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ ഖനി മാഫിയകളെ അവിടെനിന്നും തുടച്ചുനീക്കാന്‍ കഴിയുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ ?
ഇത് മധ്യപ്രദേശിലെ മാത്രം സംഭവമാണെന്ന് നിങ്ങള്‍ കരുതരുത്. രാജ്യത്തിന്റെ പലയിടങ്ങളിലും ഇത്തരത്തിലുള്ള ലോബികളും മാഫിയകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവരൊയൊക്കെ ഒരു സുപ്രഭാതത്തില്‍ തുടച്ചുനീക്കാം എന്ന വിശ്വാസമൊന്നും ഇല്ല. അതിന് കഴിയണമെങ്കില്‍ എന്നെ പോലുള്ള വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ട് കാര്യമില്ല. മറ്റെല്ലാത്തിനുമുപരി സര്‍ക്കാരിന്റെ പിന്തുണയാണ് വേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത്തരം മാഫിയകളെ വേരോടെ പിഴുത് മാറ്റാം.