തിരുവനന്തപുരം: വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് സി.പി.ഐ.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ. ലതിക. പിന്നാലെ അവർ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു. സ്ക്രീൻഷോട്ട് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിട്ടും പോസ്റ്റ് നീക്കം ചെയ്യാത്തതിൽ വ്യപക വിമർശനം ഉയർന്നിരുന്നു.
ലതികയ്ക്കെതിരെ കേസെടുക്കണമെന്ന് യു.ഡി.എഫ് കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണസംഘം നേരത്തെ ലതികയെ ചോദ്യം ചെയ്തിരുന്നു.
വ്യാജ സ്ക്രീൻഷോട്ടിന് പിന്നിൽ ലീഗ് പ്രവർത്തകൻ അല്ലെന്നും ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആയിരുന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
എന്നാൽ വ്യാജ പ്രചാരണത്തിന് നേതൃത്വം നൽകിയ ഇടതു ചായ്വുള്ള ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിനുകളെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് കാര്യമായി ശ്രമിച്ചിട്ടില്ലെന്ന് നിയുക്ത എം.പി ഷാഫി പറമ്പിൽ പറഞ്ഞിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെ.കെ. ലതിക ഫേസ് ബുക്കിൽ പോസ്റ്റ് പങ്കിട്ടത്. ‘എന്തൊരു വർഗീയതയാണെടോ ഇത്, തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കേണ്ട, ഇത്ര കടുത്ത വർഗീയത പ്രചരിപ്പിക്കരുത്,’ എന്നായിരുന്നു പോസ്റ്റിലെ പരാമർശം.
യൂത്ത് ലീഗ് പ്രവർത്തകനായ കാസിമിന്റെ പേരിലായിരുന്നു പോസ്റ്റ് പുറത്തു വന്നത്. എന്നാൽ കാസിം താനല്ല പോസ്റ്റ് നിർമിച്ചതെന്ന് പറഞ്ഞ് റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ലതികയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ആ സമയത്തൊന്നും ലതിക പോസ്റ്റ് പിൻവലിച്ചിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം പോസ്റ്റ് നിർമിച്ചതിൽ കാസിമിന് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലതിക പോസ്റ്റ് പിൻവലിച്ചിരിക്കുന്നത്.
ഒരു നാടിനെ മുഴുവൻ വർഗീയമായി ചേരി തിരിക്കാൻ ശ്രമിച്ച ലതികയെ അറസ്റ്റ് ചെയ്യണമെന്ന് വടകര എം.എൽ.എ കെ.കെ. രമ പറഞ്ഞു. ‘ഇത്രയും പ്രശ്നങ്ങൾ ഇവിടെ ഉണ്ടാക്കിയിട്ട് ഇന്ന് പോസ്റ്റ് പിൻവലിച്ചു എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. പിൻവലിച്ചത് പിൻവലിച്ചു. പക്ഷെ പൊലീസ് അവരെ ഉടൻ അറസ്റ്റ് ചെയ്യണം,’ എന്നാണ് കെ.കെ. രമ പറഞ്ഞത്.
Content Highlight: KK Latika retracts controversial ‘kafir’ post