Advertisement
FB Notification
പ്രേമചന്ദ്രന്‍ ശബരിമലയ്ക്കും ബി.ജെ.പി രാമക്ഷേത്രത്തിനും വേണ്ടി ബില്ലവതരിപ്പിക്കും; കോണ്‍ഗ്രസും ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും മാപ്പുസാക്ഷികളാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 21, 12:58 pm
Friday, 21st June 2019, 6:28 pm

പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്ന ഏ. റശീദുദ്ദീന്റെ ലേഖനത്തിന്റെ തലക്കെട്ട് ‘ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ബി.ജെ.പി.യല്ലാതെ ആര് ജയിക്കും’ എന്നാണ്. ഈ ഏറ്റുമുട്ടലിനായി ബി.ജെ.പിയും നരേന്ദ്രമോദിയും ആധാരമാക്കിയത് പാക്കിസ്ഥാന്‍ വിരുദ്ധ വികാരമായ പുല്‍വാമയിലും ബാലാക്കോട്ടിലും ചാലിച്ചെഴുതിയ ദേശസ്‌നേഹമാണ്. സംഘപരിവാറിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല.

1925-ല്‍ ആര്‍.എസ്.എസ്. രൂപീകരിക്കപ്പെടുന്നത് 1921-ലെ മലബാര്‍ കലാപത്തില്‍ മുസ്ലീങ്ങള്‍ ‘ഹിന്ദു’ക്കളെ വ്യാപകമായി അക്രമിച്ചു എന്ന ആരോപണവും ക്ഷേത്ര സംരക്ഷണവും മുന്‍നിര്‍ത്തിയാണ്. ഇതോടൊപ്പം ഏകാത്മ മാനവവാദം പോലുള്ള സങ്കല്പനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചെങ്കിലും ബി.ജെ.പി.യുടെ രൂപീകരണത്തോടെയാണ് ‘അഖണ്ഡഭാരതം’ ദേശീയതയാകുന്നത്. സംഘപരിവാറിന്റെ കൊടിയടയാളമായ മുന്‍ ചൊന്ന തീവ്രഹിന്ദു ദേശീയതയുടെ അടിവേരുകള്‍ ആഴ്ന്നുകിടക്കുന്നത് ഗാന്ധി ഘാതകനായ നാഥുറാം വിനായക ഗോഡ്‌സേക്ക് വധശിക്ഷ വിധിച്ചപ്പോള്‍ മുഴക്കിയ ‘അഖണ്ഡ ഭാരത് അമര്‍ രഹേ’ എന്ന മുദ്രാവാക്യത്തിലാണ്. ഗോഡ്‌സേയുടെ അഖണ്ഡ ഭാരതം ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റപ്പെട്ട പാക്കിസ്ഥാന്‍ അടങ്ങുന്ന ഉപഭൂഗണ്ഡമാണ്.

തിരഞ്ഞെടുപ്പില്‍ ഭരണനേട്ടങ്ങളും വികസനവും മുന്നോട്ടു വെക്കാതെ പാക്കിസ്ഥാന്‍ വിരോധം ആളിപ്പടര്‍ത്തിയപ്പോള്‍ ‘അഖണ്ഡ ഭാരത’മായിരുന്നു മോദിയുടെ പ്രചരണത്തില്‍ നിറഞ്ഞു നിന്നത്. എങ്കിലും ആദ്യ ഘട്ടങ്ങളില്‍ ഈ പ്രചരണത്തിന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലാതെ മോദി പതറിയിരുന്നു. സ്ഥിതിഗതികളില്‍ പൊടുന്നനെ മാറ്റം സംഭവിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്തത്തോടെയാണ്.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അണിയറയില്‍ നടന്നപ്പോള്‍ ഏറെക്കുറെ നിശബ്ദത പാലിച്ച ബി.ജെ.പി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന റാലിയില്‍ നിന്നും അടര്‍ത്തിയെടുത്ത മുസ്ലീം ലീഗിന്റെ പച്ചക്കൊടിയെ ചൂണ്ടിക്കാട്ടി ഇന്ത്യക്കുള്ളിലൊരു പാക്കിസ്ഥാന്‍ രൂപം കൊണ്ടെന്ന പ്രചരണം കൊഴുപ്പിച്ചു. റശീദുദ്ദീന്‍ ചൂണ്ടിക്കാണിച്ച ഈ ഏറ്റുമുട്ടലില്‍ യു ഡി എഫ് / കോണ്‍ഗ്രസ്സ് നേതൃത്വം വഹിച്ച പങ്ക് വളരെ വലുതാണ്. ഉത്തരേന്ത്യയിലെ നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം ഗണ്യമായ സീറ്റുകള്‍ ഉറപ്പാക്കിയപ്പോള്‍ രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യത്തിലൂടെ ദക്ഷിണേന്ത്യയിലുടനീളം വിജയം കൈവരിക്കുമെന്നാണ് കണക്കുകൂട്ടിയത്. ഇതോടെ മോദി വിരുദ്ധമായൊരു കേന്ദ്ര ഭരണമുണ്ടാകുമെന്ന പ്രചാരണത്തോടെ മത ന്യൂനപക്ഷങ്ങളുടെ ഏകീകരണവും ശബരിമലയിലെ ആചാര വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ രൂപപ്പെട്ട സവര്‍ണ ജാതി ( ബ്രാഹ്മണ – ക്ഷത്രിയ – ശൂദ്ര) കൂട്ടായ്മയുമാണ് യു ഡി എഫിന്റെ വിജയത്തിന് അടിത്തറയായത്. ഈ ചരിത്ര വിജയത്തിന്റെ മറുപുറം ബി. ജെ ‘ പി.യുടെ അനായാസ മുന്നേറ്റമായിരുന്നു. ചുരുക്കത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ അതിബുദ്ധി കേരളത്തില്‍ നേട്ടമായപ്പോള്‍ ഉത്തരേന്ത്യയില്‍ അമേഠിയിലടക്കം കോണ്‍ഗ്രസ്സിന്റെ വേരറുത്തിരിക്കുകയാണ്.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ ദുര്‍ബലമായ കോണ്‍ഗ്രസ്സിനെ ആറടി മണ്ണില്‍ കുഴിച്ചുമൂടാനാണ് കേരളത്തിലെ യുഡിഎഫ് / കോണ്‍ഗ്രസ്സ് നേതൃത്വം ശ്രമിക്കുന്നത്. ഇതിനായി ഒരുക്കിയ വജ്രായുധമാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി അവതരിപ്പിക്കുന്ന സ്വകാര്യ ബില്ല്. മതേതരത്വവും സ്ത്രീ പുരുഷ സമത്വവും മൗലിക അവകാശങ്ങളും ഉറപ്പു വരുത്തുന്ന ഭരണഘടനയുടെ 14, 15, 16, 17 വകുപ്പുകള്‍ അസ്ഥിരപ്പെടുത്തി മത വിശ്വാസ സ്വാതന്ത്ര്യം പരിരക്ഷിക്കുന്ന 25, 26 വകുപ്പുകളെ മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള യു.ഡി.എഫ്. നേതാക്കള്‍ മത രാഷ്ട്രവാദത്തിന്റെ വാതിലുകളാണ് തുറന്നിടുന്നത്.

ശബരിമല യുവതീ പ്രവേശന നിയമനിര്‍മാണത്തെക്കുറിച്ച് നിശബ്ദത പുലര്‍ത്തുന്ന ബി. ജെ.പി. , പ്രേമചന്ദ്രന്റെ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ ലഭിക്കുന്ന ദേശീയ പ്രാധാന്യത്തില്‍ നിന്നായിരിക്കും നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നത്. അത് മറ്റൊരു വഴിയായിരിക്കും തുറക്കുന്നത്.

അയോധ്യ – പ്രശ്‌നത്തില്‍ ബി.ജെ.പി.യുടെ നിലപാട് വിശ്വാസ സംരക്ഷണമാണ്. രാമക്ഷേത്ര നിര്‍മാണം മൗലിക ലക്ഷ്യമായതുകൊണ്ടാണ് പാര്‍ലമെന്റംഗങ്ങളുടെ സത്യപ്രതിജ്ഞാ വേളയിലുടനീളം ജയ് ശ്രീറാം വിളികള്‍ മുഴങ്ങിയത്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ശബരിമല പ്രശ്‌നത്തെ നിയമനിര്‍മാണത്തിലൂടെ സ്ഥാപനവത്കരിക്കുമ്പോള്‍ സുപ്രീം കോടതി വിധി പ്രതികൂലമായാല്‍ മുന്‍ചൊന്ന മാനദണ്ഡത്തിലൂടെ രാമക്ഷേത്ര നിര്‍മാണം സാധ്യമാകും. ഇപ്രകാരമൊരവസ്ഥ സംജാതമായാല്‍ കോണ്‍ഗ്രസ്സിന് / മുസ്ലീം ലീഗിന് / ആര്‍ .എസ് .പി .ക്ക് / പുത്തന്‍കൂറ്റുകാരായ വെല്‍ഫയര്‍ പാര്‍ട്ടിക്ക് / കടകമ്പള്ളി സുരേന്ദ്രന്റെ സി.പി.എം.ന് ബി ജെ പിയുടെ നീക്കത്തെ എതിര്‍ക്കാന്‍ കഴിയുമോ.

ഇക്കൂട്ടര്‍ക്ക് മാപ്പുസാക്ഷിയാകേണ്ടി വരുമെന്ന് ഉറപ്പാണ്. പ്രേമചന്ദ്രന്റെ ബില്ലിന്റെ ഗതി എന്തായിരുന്നാലും ബി.ജെ.പി.യുടെ രാമക്ഷേത്ര നിയമനിര്‍മാണത്തിന് ദേശീയാംഗീകാരമാണ് നല്കിയിരിക്കുന്നത്. ഇപ്രകാരം സംഭവിക്കുമ്പോള്‍ ഇന്ത്യക്കുമേല്‍ ഹിന്ദു രാഷ്ട്രത്തിന്റെ കാവിക്കൊടിയായിരിക്കും ഉയരുന്നത്. അതാകട്ടെ ഇപ്പോള്‍ തന്നെ അപരവത്കരിക്കപ്പെട്ട ദളിത്- മുസ്ലീം ജനതകള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത കെടുതികളാവും സൃഷ്ടിക്കുന്നത്. സംഘപരിവാറില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ല.

കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ യു.ഡി.എഫ്. നേതാക്കളൊരുക്കിയിരിക്കുന്ന വലയില്‍ കുടുങ്ങി അപമൃത്യു വിധിച്ചിരിക്കുന്നത് ഇന്ത്യന്‍ ജനതയോടൊപ്പം കോണ്‍ഗ്രസ്സിനും കൂടിയാണ്. അതായത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ജയിക്കുമ്പോള്‍ തോല്ക്കുക മാത്രമല്ല ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ്സ് തുടച്ചു മാറ്റപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രതിസന്ധിയെ മറികടക്കാര്‍ വിവേകശാലികളും ചരിത്രബോധമുള്ളവരുമായകോണ്‍ഗ്രസ്സുകാരാണ് മുന്നോട്ടു വരേണ്ടത്. വിപ്ലവ സോഷ്യലിസത്തിനുമേല്‍ ഹിന്ദുത്വത്തിന്റെ തിടമ്പേറ്റുന്ന എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.ക്ക് നഷ്ടപ്പെടാന്‍ റവല്യൂഷണറി സോഷ്യലിസ്റ്റെന്ന പേരുദോഷം മാത്രമാണുള്ളത്. കോണ്‍ഗ്രസ്സിനോ?