കൊച്ചി: മാതൃഭൂമിയുടെ സംഘപരിവാര്‍ അനുകൂല നിലപാടുകളില്‍ പ്രതിഷേധിച്ച് പത്രം ബഹിഷ്‌കരിക്കുന്നുവെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ. കൊച്ച്.
ജനകീയമല്ലെങ്കിലും ഏറെക്കുറെ സ്വീകാര്യമായ ജനാധിപത്യസ്വഭാവവും വിവിധ സമുദായങ്ങള്‍ക്ക് നല്‍കിയ പ്രാതിനിധ്യവുമാണ് പത്രത്തിനോടുള്ള ഇഷ്ടത്തിനടിസ്ഥാനമായത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി മാതൃഭൂമി സംഘപരിവാറിന്റെയും നായര്‍ സമുദായത്തിന്റെയും മുഖപത്രമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സംഘപരിവാറിന്റെ വംശീയവെറിയും കോര്‍പ്പറേറ്റ് സേവയും ദളിത് – പിന്നോക്ക – മുസ്‌ലിം വിദ്വേഷവും നായന്മാരുടെ മാടമ്പിത്തവും തറവാടിത്തവും ജനാധിപത്യത്തിനും ഞാനുള്‍ക്കൊള്ളുന്ന കീഴാളസമുദായങ്ങളുടെ താല്‍പ്പര്യത്തിനും വിരുദ്ധമായതിനാല്‍ ഞാന്‍ മാതൃഭൂമി ദിനപത്രം നിര്‍ത്തുകയാണ്’- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മാതൃഭൂമി ദിനപത്രം ഞാന്‍ നിര്‍ത്തുന്നു.
വര്‍ഷങ്ങളായി ഞാന്‍ മാതൃഭൂമി ദിനപത്രത്തിന്റെ വായനക്കാരനാണ്. വായന സൗജന്യമല്ലാത്തതിനാല്‍ എന്റെ അദ്ധ്വാനത്തില്‍ നിന്നും 8 രൂപ വീതം മാസം 240 രൂപയാണ് ചിലവാക്കുന്നത്. ജനകീയമല്ലെങ്കിലും ഏറെക്കുറെ സ്വീകാര്യമായ ജനാധിപത്യസ്വഭാവവും വിവിധ സമുദായങ്ങള്‍ക്ക് നല്‍കിയ പ്രാതിനിധ്യവുമാണ് പത്രത്തിനോടുള്ള ഇഷ്ടത്തിനടിസ്ഥാനമായത്. എന്നാല്‍ കുറച്ചു നാളായി രാഷ്ട്രീയമായി സംഘപരിവാറിന്റെയും ജാതീയ (സാമുദായിക) മായി നായന്മാരുടേയും മുഖപത്രമായി മാതൃഭൂമി മാറിയിരിക്കുകയാണ്. സംഘപരിവാറിന്റെ വംശീയവെറിയും കോര്‍പ്പറേറ്റ് സേവയും ദലിത് – പിന്നോക്ക – മുസ്ലീം വിദ്വേഷവും നായന്മാരുടെ മാടമ്പിത്തവും തറവാടിത്തവും ജനാധിപത്യത്തിനും ഞാനുള്‍ക്കൊള്ളുന്ന കീഴാളസമുദായങ്ങളുടെ താല്‍പ്പര്യത്തിനും വിരുദ്ധമായതിനാല്‍ ഞാന്‍ മാതൃഭൂമി ദിനപത്രം നിര്‍ത്തുകയാണ്. വ്യക്തിയെന്ന നിലയ്ക്കുള്ള എന്റെ നിലപാട് സാമൂഹ്യമെന്ന പോലെ രാഷ്ട്രീയവുമാണ്.
നേരത്തേ സാമൂഹ്യ പ്രവര്‍ത്തക കെ.കെ അജിത, എഴുത്തുകാരനും കവിയുമായ അന്‍വര്‍ അലി എന്നിവര്‍ മാതൃഭൂമി ദിനപത്രം ബഹിഷ്‌കരിച്ചതായി പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായിരുന്ന സെപ്റ്റംബര്‍ 17 ന് മാതൃഭൂമി മോദിയെക്കുറിച്ച് ചെയ്ത പ്രത്യേക വാര്‍ത്തകളും ഫീച്ചറുകളും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തോടെയാണ് പത്രം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് കെ.കെ അജിത പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക