കോഴിക്കോട്: സംവരണം എന്നത് അധികാര പങ്കാളിത്തമാണ്, ദാരിദ്ര്യ നിര്‍മാര്‍ജ്ജന മാര്‍ഗമല്ലെന്ന് ദളിത് ചിന്തകന്‍ കെ.കെ കൊച്ച്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മറ്റ് ദാരിദ്ര്യ നിര്‍മാര്‍ജ്ജന പരിപാടികളാണ് ആവിഷ്‌കരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തോട് പ്രതികരിച്ചുകൊണ്ട് ഡൂള്‍ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സംവരണത്തിന് സാമ്പത്തികം ഒരു മാനദണ്ഡമല്ല. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം അനുവദിച്ചിരിക്കുന്നത്. ഭരണഘടന, സംവരണത്തിന് സാമ്പത്തിക മാനദണ്ഡം മുന്നോട്ടുവെച്ചിട്ടില്ല. ഇത് സംവരണത്തെ ക്രമേണ ഇല്ലാതാക്കാനുള്ള നീക്കമാണ്. പലകാലങ്ങളായി ഇവിടുത്തെ സവര്‍ണ ജാതിവിഭാഗങ്ങള്‍ ആവശ്യപ്പെട്ട ഒന്നാണിത്. ജാതീയമായ പിന്നോക്കാവസ്ഥയ്ക്ക് കാരണം ജാതിയല്ല, ദാരിദ്ര്യമാണ് എന്നാണ് പലപ്പോഴും പുലര്‍ത്തിവരുന്ന ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് സംവരണം ഉണ്ടായ കാലംതൊട്ട് സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്നുണ്ട്.
ഇത് ഇവിടുത്തെ ദളിതരും പിന്നാക്ക വിഭാഗങ്ങളും ഉള്‍പ്പെടുന്ന സംവരണീയ സമുദായങ്ങളുടെ സമരത്തിലൂടെയാണ് മാറ്റിവെക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഒരുകാലത്തം ഇത്തരമൊരു സംവരണം കൊണ്ടുവരുന്നതിനെ ഇവിടുത്തെ പിന്നാക്ക വിഭാഗങ്ങള്‍ അനുവദിക്കരുത്. അതിനെതിരായി ശക്തമായ പ്രക്ഷോഭം തന്നെയാണ് നടത്തേണ്ടത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജന പരിപാടിയല്ല സംവരണം. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മറ്റ് ദാരിദ്ര്യ നിര്‍മാര്‍ജ്ജന പരിപാടികളാണ് ആവിഷ്‌കരിക്കേണ്ടത്. സംവരണമല്ല. സംവരണം എന്നു പറയുന്നത് പൂര്‍ണമായിട്ടും അധികാര പങ്കാളിത്തമാണ്. രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തമാണ്. അല്ലാതെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമായിട്ടല്ല സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. അതിനെ അട്ടിമറിക്കുകയെന്നത് ഇവിടുത്തെ സവര്‍ണ മേധാവിത്വത്തെ അരക്കിട്ടുറപ്പിക്കാനുള്ള നീക്കം മാത്രമാണ്.
ഇതിന്റെ ആരംഭം തന്നെ 1956ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇവിടുത്തെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അയച്ച കത്തുകളില്‍ സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്നുണ്ട്. 1957ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാറില്‍ ഇ.എം.എസ് ഏര്‍പ്പെടുത്തിയ ഭരണപരിഷ്‌കാര കമ്മിറ്റിയുണ്ട്. അതിന്റെ റിപ്പോര്‍ട്ടില്‍ സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിച്ചിട്ടുണ്ട്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പലപ്പോഴും സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിച്ചിട്ടുണ്ട്. അക്കാലത്തു തന്നെ ദളിതരും പിന്നോക്കക്കാരും അടങ്ങുന്ന പ്രസ്ഥാനങ്ങളും സംഘടനകളും ഇതിനെ എതിര്‍ത്തു തോല്‍പ്പിച്ചതുകൊണ്ടാണ് ഇത് നടപ്പിലാക്കാന്‍ കഴിയാതെ വന്നത്.
സംവരണം തന്നെ വേണ്ടയെന്നതാണ് സംഘപരിവാറിന്റെ നിലപാട്. സവര്‍ക്കറിനെപ്പോലെയുള്ളവരും ഗെഡ്‌ഗേവാറിനെപ്പോലുള്ളവരും സംവരണത്തെ പൂര്‍ണമായി എതിര്‍ത്തവരാണ്. അത് ജാതിവളര്‍ത്തുന്ന ഒന്നാണെന്നാണ് അവര്‍ പറഞ്ഞത്. 1950കളില്‍ ഗുജറാത്തിലടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും സംവരണ വിരുദ്ധത അക്രമത്തിനു വഴിവെച്ചിരുന്നു. അനേകം ദളിതര്‍ക്ക് ജീവഹാനിവരുത്തിയ സംവരണ വിരുദ്ധ സമരങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സംവരണം ഇല്ലാതാക്കുകയെന്നത് പൂര്‍ണമായും സംഘപരിവാറിന്റെ നയമാണ്. അതിനെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കോണ്‍ഗ്രസും പിന്താങ്ങുകയെന്നത് ഇവിടുത്തെ സവര്‍ണ ഹിന്ദുയിസത്തിന്റെ ഭാഗമാകുന്നുവെന്നുള്ളത് മാത്രമേയുള്ളൂ. ” അദ്ദേഹം പറഞ്ഞു.