കൊച്ചി: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തെരുവുകളില്‍ നടന്ന നാമജപ ഘോഷയാത്രകളുടെ പിന്നിലുണ്ടായിരുന്ന ബ്രാഹ്മണരും പന്തളം കൊട്ടാരവും എന്‍.എസ്.എസും സമൂഹിക നീതി നിഷേധിക്കുക മാത്രമല്ല ജനാധിപത്യാശയങ്ങള്‍ക്ക് പകരം ചാതുര്‍വര്‍ണ്യ മൂല്യങ്ങളെയും ജാതി വ്യവസ്ഥയെയും സ്ഥാപനവല്‍ക്കരിക്കുകയാണെന്നും ദളിത് ചിന്തകന്‍ കെ.കെ കൊച്ച്. അതിന്റെ ഇരകളള്‍ ദലിത്- പിന്നാക്ക ജനതകളും സ്ത്രീകളുമാണെന്നും അദ്ദേഹം ന്യൂസ് റെപ്റ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തെരുവുകളില്‍ വിമോചന സമരകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന, സ്ത്രീകളടക്കമുള്ളവരുടെ നാമജപഘോഷയാത്രകള്‍ കണ്ടപ്പോള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പിന്തുണയില്ലാതെ ഇത്രയും വലിയൊരു ജന (സ്ത്രീ) മുന്നേറ്റമോ എന്ന് ആദ്യം തോന്നിയെന്നും എന്നാല്‍ വസ്തുതകളെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചപ്പോഴാണ് ഘോഷയാത്രയുടെ പിന്നിലുണ്ടായിരുന്നവര്‍ തന്ത്രികള്‍ (ബ്രാഹ്മണര്‍), പന്തളം കൊട്ടാരം (വര്‍മ്മമാര്‍), സമുദായ സംഘടനയായ എന്‍എസ്എസ് (നായന്മാര്‍) എന്നിവരാണെന്ന് മനസിലായതെന്നും കെ.കെ കൊച്ച് ലേഖനത്തില്‍ പറയുന്നു.
നവ ബ്രാഹ്മണ്യത്തിന്റെ അവതാരങ്ങളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താനുള്‍ക്കൊള്ളുന്ന സമുദായം പുറന്തള്ളപ്പെടുക മാത്രമല്ല, അന്തസും ആത്മാഭിമാനവും ഇല്ലാത്തവരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
തന്റേതുപോലുള്ള സ്വകാര്യാനുഭവം ഉള്‍ക്കൊണ്ടതിനാലാകും പുന്നല ശ്രീകുമാറും വെള്ളാപ്പള്ളി നടേശനും മാത്രമല്ല, വ്യക്തികളെന്ന നിലയില്‍ നിരവധി ദലിതരും പിന്നാക്കക്കാരും പുരോഗമനവാദികളും രംഗത്തെത്തിയത്.
ഇതോടെയാണ് നവ ബ്രാഹ്മണ്യത്തിന്റെ ആശയാഭിലാഷമായ സവര്‍ണ ജാതി മേധാവിത്വത്തിനെതിരെ മുഖ്യ ഇരകളായ ദലിത്- പിന്നാക്ക വിഭാഗങ്ങളുടെ ഒരു നിര രൂപംകൊള്ളുന്നത്. എതിരാളികള്‍ തന്ത്രിയും കൊട്ടാരവും നായര്‍ സമുദായവുമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ഉറക്കെ പറഞ്ഞതോടെ സാമൂഹിക വിഭജനത്തിന് മറുവാക്കില്ലാതായെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സംഘടനകള്‍ക്കുപരി സവര്‍ണ സമുദായങ്ങളും മുന്നില്‍ സംഘപരിവാറും പിന്നില്‍ കോണ്‍ഗ്രസും ഒന്നാകെയാണ് തെരുവുകള്‍ പിടിച്ചെടുത്തത്. അതുകൊണ്ട് തന്നെ തങ്ങളുടെ സമുദായങ്ങളെ തെരുവിലിറക്കി പ്രതിരോധം സൃഷ്ടിക്കാന്‍ പുന്നല ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിര്‍ബ്ബന്ധിതരായിത്തീര്‍ന്നു.
ഇത്തരമൊരു ഘട്ടത്തില്‍ നവോത്ഥാനത്തിന്റെ വീണ്ടെടുപ്പിന് ഈഴവ ശിവന്റെ പ്രതിഷ്ഠയും വില്ലുവണ്ടി യാത്രയും പ്രത്യക്ഷ രക്ഷാ ദൈവ പ്രഖ്യാപനവും പ്രസക്തമല്ലാതായിത്തീര്‍ന്നു. കാരണം സവര്‍ണ ബ്രാഹ്മണ്യത്തിനെതിരായ സംഘര്‍ഷത്തിലൂടെ അവകാശങ്ങളും അധികാരവും സ്ഥാപിക്കലാണ് പ്രസക്തമായത്. ഈ ദിശയിലൊരു മുന്നേറ്റമായാണ് വനിത മതിലെന്നാണ് വായിക്കേണ്ടത്. ഇത്തരം സമരരൂപങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ സ്വന്തം സമുദായങ്ങളെ നവ ബ്രാഹ്മണ്യത്തിന് എറിഞ്ഞുകൊടുക്കുന്നവരായി നേതാക്കള്‍, സമുദായാംഗങ്ങളാല്‍ വിലയിരുത്തപ്പെടുമായിരുന്നെന്നും കെ. കെ കൊച്ച് പറയുന്നു.
കാര്യങ്ങള്‍ ഇപ്രകാരം മനസിലാക്കാതെയാണ് വെള്ളാപ്പള്ളിയെയും പുന്നലയെയും ഇതര സമുദായ നേതാക്കളെയും ബി രാജീവന്‍, ഡോ. ആസാദ്, എംഎന്‍ കാരശ്ശേരി, ഡോ. പി ഗീത എന്നിവര്‍ വിമര്‍ശിക്കുന്നത്.
വര്‍ഗ സമരത്തിന്റെ പാര്‍ട്ടി സ്പിരിറ്റിലാണെന്ന് സ്വയം വിശ്വസിക്കുന്നവരും മതേതര വാദികളും ശുദ്ധ ആദര്‍ശവാദികള്‍ക്കും ജനലക്ഷങ്ങള്‍ക്ക് പകരം പത്ത് പേരെയെങ്കിലും തെരുവിലിറക്കാനാകുമോയെന്നും ഇവരുടെ ആദര്‍ശ പ്രസംഗങ്ങള്‍ പത്രങ്ങള്‍ പോലും വായിക്കില്ലെന്ന് നിര്‍ബ്ബന്ധമുള്ള നായര്‍ മേധാവികളും തന്ത്രിമാരും വര്‍മ്മമാരും കണക്കിലെടുക്കുമെന്നാണോ കരുതേണ്ടതെന്നും ലേഖനത്തില്‍ കെ. കെ കൊച്ച് ചോദിക്കുന്നു.
രമേശ് ചെന്നിത്തലയും ജ്യോതികുമാര്‍ ചാമക്കാലയും രാജ്മോഹന്‍ ഉണ്ണിത്താനും ആരോപിക്കുന്നത് ഇവര്‍ വര്‍ഗീയത വളര്‍ത്തുകയാണെന്നാണ്. ബ്രാഹ്മണനും വര്‍മ്മയും നായരുമായ ജാതിക്കൂട്ടങ്ങള്‍ രംഗത്തുവന്നപ്പോള്‍ വര്‍ഗീയത കണ്ടെത്താത്തവര്‍, പിന്നാക്കക്കാരനും ദലിതനും പ്രതിരോധം സൃഷ്ടിച്ചപ്പോള്‍ മാത്രമാണ് വര്‍ഗീയത കണ്ടെത്തുന്നത്. ഇത് കണ്ണാടിയില്‍ തെളിയുന്ന സ്വന്തം ജാതി കാണുന്നതിനാലാണെന്നും കെ. കെ കൊച്ച് പറയുന്നു.
ദളിത്-പിന്നാക്ക സംഘടനകളുടെ കൂട്ടായ്മയില്‍ പങ്കെടുത്ത നിരവധിപേര്‍ മുസ്‌ലീം വിരുദ്ധരല്ല. കോണ്‍ഗ്രസ് നേതാവായിരിക്കേ തന്നെ, എ വാസു ചെയര്‍മാനായിരുന്ന മഅ്ദനി മോചന കര്‍മ്മസമിതിയില്‍ എന്നോടൊപ്പം രാമഭദ്രനും അംഗമായിരുന്നു. പുന്നല ശ്രീകുമാര്‍ മുസ്‌ലിം വിരുദ്ധനല്ല. വ്യത്യസ്ത സംഘടനകളിലെ ചിലരൊക്കെയായിരിക്കാം. – കെ.കെ കൊച്ച് പറയുന്നു.
ഈ അടുത്ത നാളുകളില്‍ നടന്ന സംവരണാവകാശ സമരങ്ങള്‍ നയിച്ചത് ദളിത്-പിന്നാക്ക ന്യൂനപക്ഷങ്ങള്‍ സംയുക്തമായാണ്. വസ്തുതകള്‍ ഇപ്രകാരമായിരിക്കെ, മാസങ്ങളായി നവോത്ഥാനത്തെക്കുറിച്ച് നടന്ന ചര്‍ച്ചകളില്‍, പോര്‍ച്ചുഗീസ് കാലം മുതലുള്ള മുസ്‌ലിം നവോത്ഥാനം മുന്നോട്ടുവെച്ച് ദളിത്-പിന്നാക്ക കൂട്ടായ്മയില്‍ ഇടംനേടാന്‍ കഴിയുമായിരുന്നു.
സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കുന്ന സുപ്രീംകോടതി വിധിയെ മാറ്റിവെച്ച്, എന്നെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്ന മുസ്‌ലിം സംഘടനകള്‍ ദളിതരുടേയും പിന്നാക്കക്കാരുടെയും പക്ഷം ചേര്‍ന്നിരുന്നെങ്കില്‍, പുതിയ കാലത്തെ ജനാധിപത്യം പുനര്‍നിര്‍വചിക്കപ്പെടുമായിരുന്നു. ഇപ്രകാരം സംഭവിക്കാതിരുന്നത് ദുഃഖകരമാണെന്നും കെ.കെ കൊച്ച് ലേഖനത്തില്‍ പറയുന്നു.
ക്രൈസ്തവരുടെ പ്രശ്‌നം മറ്റൊരു വിധത്തിലാണ് കാണേണ്ടതെന്നും ലേഖനത്തില്‍ കെ. കെ കൊച്ച് പറയുന്നു. ക്രൈസ്തവര്‍ക്കും പ്രവേശനമുള്ള ശബരിമലയില്‍ സുപ്രീം കോടതി വിധിക്കൊപ്പം നില്‍ക്കാന്‍ കന്യാസ്ത്രീ സമരത്തിന് നേതൃത്വം കൊടുത്തവര്‍ക്ക് കഴിയേണ്ടതായിരുന്നെന്നും ആ കടമ അവര്‍ എന്തുകൊണ്ടാണ് നിര്‍വ്വഹിക്കാതിരുന്നതെന്നും ലേഖനത്തില്‍ കെ.കെ കൊച്ച് ചോദിക്കുന്നു.
ക്രൈസ്തവ സഭയിലെ നിരാലംബരെ തടവറയിലിട്ട് കൈവരിച്ച സമ്പത്തും അധികാരവുമുള്ള കെ.സി.ബി.സിയുടെ അരമനകളില്‍ നിന്നും പൗരാവകാശങ്ങളും സ്ത്രീ-പുരുഷ സമത്വവും ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും, വനിതാ മതില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന കെ.സി.ബിസിയുടെ പ്രസ്താവനയുടെ അന്തരാര്‍ത്ഥമാണെന്നും കെ.കെ കൊച്ച് പറയുന്നു.
പെരുന്നയില്‍ നിന്നുമുയരുന്നത് വിലാപമാണെന്നും വിമോചന സമരാനന്തരം ഉയര്‍ന്നുവന്ന ദളിതരുടേയും പിന്നാക്കക്കാരുടേയും ചോദ്യം ചെയ്യലുകളിലൂടെയും, നിസ്സാരവല്‍ക്കരണത്തിലൂടെയും സവര്‍ണ പദവി അഴിഞ്ഞു വീണ ജി സുകുമാരന്‍ നായര്‍, മറ്റൊരു മന്നമാണെന്ന് വിശ്വസിപ്പിക്കാനാണ് അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റേയും ആചാരസംരക്ഷണത്തിന്റേയും നാവായി മാറിയിരിക്കുന്നതെന്നും കെ.കെ കൊച്ച് പറയുന്നു.
ദളിത് പിന്നാക്ക ജനതകളുടെ അവകാശങ്ങളും അധികാര പങ്കാളിത്തവും ദാനമായി ലഭിച്ചതല്ലെന്ന് വിമര്‍ശകര്‍ മനസിലാക്കണം. അത് പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്.
ഈ അവകാശാധികാരങ്ങള്‍ നിലനിര്‍ത്താനും വികസിപ്പിക്കാനും പ്രത്യയശാസ്ത്ര- രാഷ്ട്രീയ സമരങ്ങള്‍ തുടരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മിനോടും കോണ്‍ഗ്രസിനോടും ഒത്തുതീര്‍പ്പില്ലെന്നും ലേഖനത്തില്‍ കെ. കെ കൊച്ച് പറയുന്നു.