| Monday, 10th October 2016, 8:09 am

മകന്റെ നിയമനം സംബന്ധിച്ച വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം; വിശദീകരണവുമായി കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബന്ധു നിയമനവിവാദത്തിലേക്ക് തന്റെ പേരും പേരും പരാമര്‍ശിക്കപ്പെട്ടതോടെയാണ് കെ.കെ ശൈലജ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.  


തിരുവനന്തപുരം:  മകന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അനധികൃത നിയമനം നല്‍കി എന്നും ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആലോചിക്കുന്നു എന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റിധാരണ ഉളവാക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ബന്ധു നിയമനവിവാദത്തിലേക്ക് തന്റെ പേരും പേരും പരാമര്‍ശിക്കപ്പെട്ടതോടെയാണ് കെ.കെ ശൈലജ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.

എം.ടെക് ബിരുദധാരിയായിട്ടുള്ള മകന്‍ ലസിത് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിനെ തുടര്‍ന്ന് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഇലക്ട്രോണിക്‌സ് ആയി നിയമനം നേടുകയായിരുന്നുവെന്ന് കെ.കെ ശൈലജ വ്യക്തമാക്കി. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് 2015 ല്‍ പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കുകയും ഐ.ബി.പി.എസ് എന്ന ഏജന്‍സി മുഖേന പരീക്ഷ നടത്തുകയും ചെയ്തു. ഈ പരീക്ഷയില്‍ ലസിത് ഒന്നാം റാങ്ക് കരസ്ഥമാക്കി.

ഇതിന്റെ റിസള്‍ട്ട് നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 സെപ്തംബര്‍ 18നാണ് നിയമനം ലഭിച്ചത്. ആ സമയത്ത് ഇടതുപക്ഷ ഭരണം ആയിരുന്നില്ല. ലസിത് എല്ലാ യോഗ്യതകളും നേടിയത് മെറിറ്റ് അടിസ്ഥാനത്തിലാണ്. ശിവപുരം എയിഡഡ് സ്‌കൂളില്‍ പത്താംക്ലാസ്സ് വിദ്യാഭ്യാസവും മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടുവും പൂര്‍ത്തിയാക്കി ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമക്കു ശേഷം കൊല്ലം ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മെറിറ്റ് സീറ്റില്‍ ബി.ടെക് ബിരുദം നേടി. പിന്നീട് കേന്ദ്ര ഗവണ്‍മെന്റിന്റെ ഗേറ്റ് സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദം(എം.ടെക്) നേടുകയും ചെയ്തുവെന്നും അവര്‍ വിശദീകരിക്കുന്നു.

ഇന്റര്‍ നാഷണല്‍ ജേര്‍ണലില്‍ എഞ്ചിനീയറിംഗ് സംബന്ധമായ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കോ ഓപ്പറേറ്റീവ് എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഒന്നര വര്‍ഷം ജോലി ചെയ്തിരുന്നു. അതിനിടയിലാണ് എയര്‍പോര്‍ട്ടിന്റെ തൊഴില്‍ സംബന്ധിച്ച് പരസ്യം ശ്രദ്ധയില്‍ പെട്ടതും അപേക്ഷിച്ചതും. ഒന്നാം റാങ്കോടെ നിയമനം നേടിയ ലസിത് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റിലെ ആദ്യത്തെ നിയമനമാണ് നേടിയത്.

ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രമോഷന്‍ സാധ്യത ഉണ്ടാകുമ്പോള്‍ പ്രഥമ പരിഗണന ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ വസ്തുത മറച്ചുവച്ചാണ് തെറ്റിധാരണാജനകമായി വാര്‍ത്ത പ്രചരിപ്പിക്കുന്നത്. എം.ബി.എ (ഫിനാന്‍സ് )പാസ്സായ മരുമകള്‍ വിവാഹത്തിനു മുന്‍പു തന്നെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ അപ്രന്റിസ് ട്രെയിനി ആയി ചേര്‍ന്നിരുന്നു. ലസിതിന്റെ ജേഷ്ഠ സഹോദരന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് (സി.ഇ.ടി) ബി.ടെക് പാസ്സായതിനു ശേഷം ഗള്‍ഫില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.

എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്ക് ലഭ്യമായാല്‍ മാത്രമേ സി.ഇ.ടി. അഡ്മിഷന്‍ ലഭിക്കുകയുള്ളൂ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് ഈ വസ്തുതകള്‍ മറച്ചുവച്ചു കൊണ്ടാണ് ചില മാധ്യമങ്ങള്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് തിരിച്ചറിയാന്‍ പൊതുസമൂഹം തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കെ.കെ ശൈലജ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more