തെരുവ് നായ്ക്കളെ മാറ്റി സംരക്ഷിക്കണമെന്നോ നിയന്ത്രിക്കണമെന്നോ പറയുന്നവര്‍ വെറും ‘അപരിഷ്‌കൃത ഭൂരിപക്ഷം’ അല്ലാത്തവര്‍ സര്‍ഗ ശേഷിയുള്ള പോസ്റ്റ് ഹ്യൂമനിസ്റ്റുകള്‍ ആണെന്ന മട്ടിലുള്ള ചിന്ത തലതിരിഞ്ഞ ഏര്‍പ്പാടാണെന്നാണ് തോന്നുന്നത്. കേരളത്തിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും മാത്രമാണ് തെരുവ് നായ്ക്കളുടെ ആധിക്യമുള്ളത്. ഗള്‍ഫ് നാടുകളിലോ ‘വികസനം കുറഞ്ഞ’ തായ്ലന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം പോലുള്ള നാടുകളിലോ ‘വികസിതമായ’ യൂറോപ്യന്‍ നാടുകളിലോ തെരുവ് നായ്ക്കളെ കണ്ടിട്ടില്ല .ഇത്തരം നായ്ക്കള്‍ ഇല്ലാത്തതു മൂലം ഈ രാജ്യങ്ങളില്‍ ഉടനെ പ്ളേഗ് പടര്‍ന്നു പിടിച്ചേക്കുമെന്നാണ് ചില നരേറ്റിവുകള്‍ കണ്ടപ്പോള്‍ തോന്നിയത്.
സത്യത്തില്‍ പട്ടി, പൂച്ച മുതലായ മൃഗങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നു എന്നു അവകാശപ്പെടുന്നവരെ തന്നെയല്ലേ കൂടുതല്‍ ബോധവല്‍ക്കരിക്കേണ്ടത്?.
കുറേ നാള്‍ സ്‌നേഹിച്ചും പരിചരിച്ചും വളര്‍ത്തിയവര്‍ തന്നെ യാതൊരു സിവിക് സെന്‍സുമില്ലാതെ അവയെ തെരുവിലേക്ക് വലിച്ചെറിയുമ്പോള്‍ അവര്‍ക്കെതിരെ നടപടികള്‍ ഒന്നുമില്ല. മറിച്ചു ഈ മൃഗങ്ങളുടെ കടിയേല്‍ക്കുന്നവര്‍ പരാതിപ്പെട്ടാല്‍ അത് മാധ്യമപ്രചാരണവും മൊബ് ലിഞ്ചിങ്ങും ആണത്രേ.
ഇന്ത്യയിലെ പരിസ്ഥിതി വാദം ഒരുപരിധി വരെ നാഗരിക സവര്‍ണരുടെ ഭൂതകാല കുളിരിന്റെയും കൗതുക കാഴ്ചകളുടേതുമാണെന്ന് പല സാമൂഹിക ചിന്തകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ആള്‍ക്കാര്‍ക്ക് ഭരണകൂടത്തിലും ബൂറോക്രസിയിലുമുള്ള സ്വാധീനം മൂലം ആദിവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കുമെതിരായ നിരവധി നിയമങ്ങളാണ് ഉണ്ടായിട്ടുള്ളത്.
അവക്കെതിരെ പറയാന്‍ ആര്‍ക്കും അവകാശമില്ല. മുത്തങ്ങ സമരത്തില്‍ ഭരണകൂട അടിച്ചമര്‍ത്തലിനുവേണ്ടി ‘നാട്ടുകാരെ’ ഇളക്കിവിട്ടത് അവിടുത്തെ പ്രകൃതി സ്‌നേഹികള്‍ ആയിരുന്നല്ലോ. ഇന്ത്യയില്‍ തെരുവ് നായകള്‍ ഇത്രമാത്രം പെരുകിയതില്‍ മേനക ഗാന്ധി പോലുള്ള ഹിന്ദുത്വ ഭരണാധികാരികളുടെ നിലപാടുകള്‍ക്കും യാഥാര്‍ഥ്യ ബോധമില്ലാത്ത കോടതിവിധികള്‍ക്കും പങ്കുണ്ട്.
മുസ്‌ലിം വിരുദ്ധത, ദളിതരോടും ആദിവാസികളോടുമുള്ള സവര്‍ണ പൊതുബോധം എന്നിവയുടെ ഒരു എക്സ്റ്റന്‍ഷന്‍ ആണ് തെരുവ് നായ്ക്കളെ നിയന്ത്രിക്കണം എന്ന വാദം എന്നു തോന്നുന്നില്ല. നേരെമറിച്ച് വെജിറ്റേറിയനിസം, പ്രകൃതി സ്‌നേഹത്തിന്റെ പേരിലുള്ള ഭൂതകാല പ്രണയം, കൃത്രിമമായ മൃഗസ്‌നേഹം എന്നിവയുടെ മറവില്‍ പലരും തങ്ങളുടെ അപര വെറുപ്പും ബഹുജനങ്ങളോടുള്ള വെറുപ്പും ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാരിലൂടെയും കൂടിയാണ് നവ ഫാസിസം പടര്‍ന്നു പിടിക്കുന്നതെന്നത് വസ്തുതയാണ്.
CONTENT HIGHLIGHTS: KK Baburaj’s write up about politics OF Dog Love