തിരൂരങ്ങാടി: മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ മൂന്നിയൂര്‍ എം.എച്ച്.എസ്.എസ് സ്‌കൂള്‍ അധ്യാപകനായിരുന്ന കെ.കെ അനീഷിന്റെ ഭാര്യയ്ക്ക് അതേ സ്‌കൂളില്‍ ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. അനീഷിന്റെ ഭാര്യ ഷൈനി രാജനെ ജീവശാസ്ത്രം അധ്യാപികയായി നിയമിക്കാനാണ് അണ്ടര്‍ സെക്രട്ടറിയുടെ ഉത്തരവ്.
മാനേജ്‌മെന്റിന്റെ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ ഷൈനിയെ മാനേജ്‌മെന്റ് താല്‍ക്കാലിക തൂപ്പുകാരിയായി നിയമിച്ചിരുന്നു.
ALSO READ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്
2014 സെപ്തംബര്‍ 2 നാണ് അനീഷ് മരിച്ചത്. സ്‌കൂളിലെ പ്യൂണിനെ മര്‍ദ്ദിച്ചെന്നാരോപിച്ച് അനീഷിനെ മാനേജ്‌മെന്റ് നിരന്തരമായി പീഡിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് അനീഷ് ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്ത ലോഡ്ജിലെ മുറിയില്‍ രക്തം കൊണ്ട് സൈതലവി എന്നും അനീഷ് എഴുതിയിരുന്നു.
മുസ്‌ലിം ലീഗ് നേതാവും മൂന്നിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന വി.പി സൈതലവി എന്ന കുഞ്ഞാപ്പുവായിരുന്നു അനീഷ് മരിക്കുന്ന സമയത്ത് സ്‌കൂള്‍ മാനേജര്‍.
അതേസമയം അനീഷിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
നേരത്തെ അനീഷിന്റെ ഒഴിവില്‍ മറ്റൊരാളെ നിയമിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷൈനി തനിക്ക് അര്‍ഹതപ്പെട്ട ജോലി നല്‍കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു.
വിഷയം ഹൈക്കോടതിയിലെത്തിയതോടെ യുക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
WATCH THIS VIDEO: