കൊച്ചി: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും രംഗത്ത്. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തില്‍ നേതാക്കള്‍ അതൃപ്തരാണെന്നും കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുമെന്നും ഒ.ബി.സി മോര്‍ച്ച മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ഋഷിയുടെ പ്രതികരണം. ‘ബി.ജെ.പിയിലെ ഒരുപാട് നേതാക്കള്‍ അസംതൃപ്തരാണ്. പല നേതാക്കളും ബി.ജെ.പി വിടും. ബി.ജെ.പി അല്ല. കെ.ജി.പി യാണ്. കെ.സുരേന്ദ്രന്റെ പാര്‍ട്ടിയായി ഇത് മാറി കഴിഞ്ഞു. കൊടകര സംഭവത്തില്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ എന്നെ സസ്പെന്‍ഡ് ചെയ്തു. വിശദീകരണം പോലും തേടിയില്ല. നൂറു കണക്കിന് പേര്‍ പാര്‍ട്ടി വിടും. വിശ്വാസം നഷ്ടപ്പെട്ടു. തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അവര്‍ ഇന്ന് പാര്‍ട്ടിക്ക് പുറത്താണ്. കേരളത്തിലെ നേതൃത്വത്തെ കേന്ദ്രം അംഗീകരിക്കുന്നില്ല.’ എന്നാണ് ഋഷി പറഞ്ഞത്.
നേരത്തെ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. സലാം രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ എ.കെ. നസീറിനെയും ബി.ജെ.പി. സുല്‍ത്താന്‍ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലിനേയും സംസ്ഥാന നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇരു നേതാക്കള്‍ക്കും എതിരെയുള്ള നടപടി. എ.കെ. നസീര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് നേതൃത്വത്തെ വിമര്‍ശിച്ചത്.
‘സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസ്ഥ വളരെ സങ്കടകരമാണ്. പുതിയ നേതൃത്വം ജീവിത മാര്‍ഗമായി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുകളെ ധനസമാഹരണത്തിനായി ഉപയോഗിക്കുന്നു,’ നസീര്‍ പറഞ്ഞു.
സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനെ നസീര്‍ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു.
മെഡിക്കല്‍ കോളേജ് കോഴയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചവരെയെല്ലാം ബി.ജെ.പി ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സസ്പെന്‍ഡ് നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും തന്നെ ബി.ജെ.പിയ്ക്ക് വേണ്ടെങ്കില്‍ തനിക്കും പാര്‍ട്ടിയെ വേണ്ടെന്നും നസീര്‍ പറഞ്ഞു.
സംസ്ഥാന-ദേശീയ പുനസംഘടനയില്‍ വലിയ പ്രതിഷേധമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതും പി.കെ. കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും വി. മുരളീധരന്‍- കെ. സുരേന്ദ്രന്‍ ദ്വയത്തിന്റെ നീക്കമാണെന്നാണ് ആക്ഷേപം.
സംസ്ഥാന പുനസംഘടനയിലും മുരളീധരപക്ഷത്തുള്ളവര്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചിരുന്നു. പുനസംഘടനയോടെ ബി.ജെ.പിയില്‍ കെ. സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗം ശക്തരായെന്നാണ് വിലയിരുത്തല്‍.
സംസ്ഥാന ഘടകത്തില്‍ പി.കെ. കൃഷ്ണദാസ് പക്ഷത്തിന് വലിയ തിരിച്ചടിയാണുണ്ടായത്. അഞ്ചു ജില്ലാപ്രസിഡന്റുമാര്‍ക്ക് സ്ഥാനം തെറിച്ചു.
ഗ്രൂപ്പുകള്‍ക്ക് അതീതനായ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം നിര്‍വാഹകസമിതിയില്‍ പരിഗണിച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാര്‍ട്ടിയിലെത്തിയ ഇ. ശ്രീധരനൊപ്പമാണ് മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കിയത്.