ന്യൂദല്‍ഹി: ദേശീയ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗായകന്‍ യേശുദാസ്. ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതില്‍ താത്പര്യമില്ലെന്നും എന്നാല്‍
നിവേദനം നല്‍കിയതിനെ താന്‍ പിന്തുണയ്ക്കുന്നെന്നും യേശുദാസ് പറഞ്ഞു.
സാധാരണയായി രാഷ്ട്രപതി വിതരണം ചെയ്യുന്ന അവാര്‍ഡുകളില്‍ ഇത്തവണ മാറ്റം കൊണ്ടുവന്നുള്ള സര്‍ക്കാര്‍ നയത്തിനെതിരെയാണ് പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യത്തെ 11 അവാര്‍ഡുകള്‍ മാത്രം വിതരണം ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ബാക്കിയുള്ള അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.
കേന്ദ്രത്തിന്റെ ഈ നയത്തിനെതിരെ അവാര്‍ഡ് ജേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. ഇത്രയും കാലം തുടര്‍ന്നതുപോലെ എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി തന്നെ നല്‍കണമെന്നാണ് പുരസ്‌കാര ജേതാക്കളുടെ പ്രധാന ആവശ്യം.
സാധാരണനിലയില്‍ ഇന്ത്യയില്‍ ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇതാദ്യമായാണ് കേന്ദ്രമന്ത്രി അവാര്‍ഡ് വിതരണം ചെയ്യണമെന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടെത്തിയിരിക്കുന്നത്.
രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാനായി എത്തിയവരെ അവഹേളിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.
കലാകാരന്‍മാരെ അപമാനിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ ഇതിനെതിരെ ഞങ്ങള്‍ രംഗത്തെത്തിയിരുന്നു.
പരിപാടി ബഹിഷ്‌ക്കരിക്കുമെന്നും സര്‍ക്കാരിന്റെ തീരുമാനത്തില്‍ അങ്ങേയറ്റത്തെ ദു:ഖമുണ്ടെന്നും വൈകിട്ടത്തെ പുരസ്‌കാര ദാന ചടങ്ങില്‍ തങ്ങളാരും പങ്കെടുക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നടി പാര്‍വ്വതിയും പ്രതികരിച്ചു.