| Friday, 4th August 2017, 8:36 pm

'ഇതുവരെ കിട്ടാത്ത ഒരു അവസരം സി.പി.ഐ.എമ്മിന് സ്വര്‍ണ്ണത്തളികളയില്‍ വെച്ച് നീട്ടുകയാണ് ബി.ജെ.പി'; രാഷ്ട്രപതി ഭരണത്തിന് ആര്‍.എസ്.എസ് കോപ്പു കൂട്ടുമ്പോള്‍ സി.പി.ഐ.എം ചെയ്യേണ്ടതെന്തെന്ന് കെ.ജെ. ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തെ കലുഷിത ഭൂമിയായി ചിത്രീകരിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടു വരാനുള്ള തങ്ങളുടെ ലക്ഷ്യം ഇന്ന് ആര്‍.എസ്.എസ് ദേശീയ സഹ കാര്യവാഹക് ദത്താത്രേയ ഹൊസബോളെ തുറന്നു കാട്ടിയിരിക്കുകയാണ്.

കേരളത്തില്‍ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുകയാണന്നും സര്‍ക്കാര്‍ നിഷ്‌ക്രിയരാണെന്നുമുള്ള വാദങ്ങള്‍ കഴിഞ്ഞ ദിവസം ലോകസഭയില്‍ ബി.ജെ.പി എം.പിമാര്‍ ആരോപിച്ചിരുന്നു. സുബ്രമണ്യന്‍സ്വാമിയും കേരളത്തിലെ ചില നേതാക്കളും കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന വാദം മുന്നോട്ട് വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസ് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ സഹായത്തോടെയാണ് ആക്രമണങ്ങള്‍ നടക്കുന്നതെന്നും ആര്‍.എസ്.എസ് ആരോപിക്കുന്നു.

തങ്ങള്‍ക്ക് വേരോട്ടമില്ലാത്ത ഇടങ്ങളില്‍ അധികാരം നേടിയെടുക്കാനുള്ള സംഘപരിവാറിന്റെ കുടില ശ്രമങ്ങള്‍ ചെറുക്കാന്‍ ബാധ്യസ്ഥര്‍ സംസ്ഥാന സര്‍ക്കാരും സി.പി.ഐ.എമ്മുമാണ്. സംഘ്പാരിപാറിന്റെ ഈ നീക്കത്തെ ചെറുക്കേണ്ടതെങ്ങനെയാണെന്ന് പറഞ്ഞ് വെക്കുകയാണ് മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനും കൂടിയായ കെ.ജെ ജേക്കബ്.


Also Read:  ‘ങ്ങള് ദയവ് ചെയ്ത് മെഡിക്കല്‍ സയന്‍സില്‍ മാത്രം തള്ളിയാല്‍മതി; കണക്ക് പറയരുത്’; വായിച്ച തിരക്കഥകളുടെ എണ്ണം ‘തള്ളിയ’ ശ്രീനിവാസനെ കണക്കു നിരത്തി പൊളിച്ച് അധ്യാപകന്‍


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സത്യത്തില്‍ ഇതുവരെ കിട്ടാത്ത ഒരു സുവര്‍ണ്ണാവസരം സി പി എമ്മിന് കിട്ടുകയാണ്. അത് സ്വര്‍ണ്ണത്തളികളയില്‍ കൊണ്ടുവന്നു വെച്ചുതരുന്നത് ബി ജേ പി യാണ് എന്നത് അതിന്റെ വൈരുധ്യം.

കേരളം എന്നാല്‍ ടൂറിസം, ആയുര്‍വേദം, സാക്ഷരതാ ഇതൊക്കെയായിരുന്നു പുറത്തുള്ളവര്‍ക്ക് ഇതുവരെ പെട്ടെന്നു വന്നിരുന്ന ഇമേജുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് അത് കൊലയാളികളുടെ, അതും കമ്യൂണിസ്റ്റ്റ് കൊലയാളികളുടെ, നാടാക്കാന്‍ പരിവാര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയിട്ടുണ്ട്. ലോക്കല്‍ ബി ജേ പി നേതാക്കന്മാര്‍ അവരെക്കൊണ്ടു പറ്റുന്ന സഹായം ചെയ്തട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത നാട് എന്നാണ് ഇപ്പോള്‍ കേരളത്തെക്കുറിച്ച് അവര്‍ ഏകദേശം പ്രചരിപ്പിക്കുന്ന ചിത്രം.

രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ എടുത്തു അറിയിക്കണം എന്ന് ഇന്നലെ നാഷണല്‍ ഹ്യൂമന്‍ റൈറ്സ് കംമീഷന്‍ ഇണ്ടാസ് ഇറക്കിയിട്ടുണ്ട്. ഞായറാഴ്ച്ച അരുണ്‍ ജെയ്റ്റ്ലി തിരുവനതപുരത്ത് വരുന്നുണ്ട്. മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന കേരളം ബിജെപിയുടെ മുഖം മിനുക്കുക എന്നതാണ് ലക്ഷ്യം. തിരുവനതപുരത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവിന്റെ വീട് സന്ദര്‍ശിക്കുകയായിരിയ്ക്കും പ്രധാന പരിപാടി. നാഷണല്‍ മീഡിയയില്‍ അന്ന് ആഘോഷമായിരിക്കും. കമ്യൂണിസ്റ്റു കാപാലികര്‍ ആര്‍എസ്എസ്സുകാരെ ജീവിക്കാന്‍ അനുവദിക്കാത്ത നാട് എന്ന പ്രചാരണം ഒന്നുകൂടി കൊഴുക്കും.
എന്നുപറഞ്ഞാല്‍ ഇതിലധികം താഴേക്കു പോകാന്‍ പറ്റാത്ത അവസ്ഥയില്‍ കേരളത്തിന്റെ ഇമേജ് ബി ജേ പി എത്തിക്കും.

അത്രയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ സി പി എമ്മിന്റെ ജോലിയാണ്. മൂന്നു കാര്യങ്ങളാണ് പറയേണ്ടത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതക കണക്ക്. അത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ളത് ആകാം. തുടക്കം മുതലാകാം. അതിന്റെ നാള്‍വഴികണക്ക് എടുക്കാം.
മറ്റു സംസ്ഥാനങ്ങളിലെ ക്രമസമാധാനക്കണക്ക് ആകാം. നാഷണല്‍ ്രൈകം റിക്കോര്‍ഡ്സ് ബിയൂറോയിലെ കണക്കെടുത്തുവെക്കാം. എന്നിട്ടു കേരളവുമായി ഒരു താരതമ്യം ആകാം.
ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്ഡക്സ് എടുത്തുവെക്കാം. ഇടതും വലതും സര്‍ക്കാരുകള്‍ “ഭരിച്ചുമുടിച്ച” കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള നിസാരമായ ചില വ്യത്യാസങ്ങള്‍…ശിശുമരണം, സാക്ഷരത, സെക്സ് റേഷ്യോ, ഏതു വേണമെങ്കിലും എടുക്കാം.
യെച്ചൂരിയെപ്പോലെ ദേശീയ ശ്രദ്ധയാകര്ഷിക്കാനാകുന്ന, ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനാകുന്ന, സാമാന്യ മര്യാദയോടെ പെരുമാറാനറിയാവുന്ന ഒരാള്‍ക്ക് ചയ്യാവുന്ന കാര്യമാണ് അത്. നുണ പ്രചാരണത്തെ നേരിടേണ്ടത് കണക്കു വച്ചിട്ടാണ്. അത് ഫലപ്രദമായി അവതരിപ്പിച്ചിട്ടാണ്.

ഇത്രകാലം പറഞ്ഞതുപോലെയല്ല, ഇനി പറഞ്ഞാല്‍ കേള്‍ക്കും. പറഞ്ഞില്ലെങ്കില്‍ കേള്‍ക്കുകയുമില്ല.
ഇതൊരു മെയ്ക്ക് ഓര്‍ ബ്രെയ്ക്ക് ഗെയിമാണ്.

We use cookies to give you the best possible experience. Learn more