| Monday, 11th January 2021, 8:14 pm

യുവര്‍ ഓണര്‍... ഇതൊരു നയപ്രശ്‌നമാണ്, 'ഇടപെട്ടള'യാന്‍ ഒന്നുമില്ല; 'ഈ ആക്ടിവിസത്തില്‍ ചെറിയ സംശയമുണ്ട്'

കെ ജെ ജേക്കബ്

ക്ഷമിക്കണം, യുവര്‍ ഓണര്‍.

ഒരുനിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന് കണ്ടാല്‍ മാത്രമേ അത് സ്റ്റേ ചെയ്യാന്‍ ബഹുമാനപ്പെട്ട കോടതികള്‍ക്ക് അവകാശമുള്ളൂ.
കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ് എന്നല്ല കര്‍ഷകരുടെ വാദം. അവര്‍ക്കു അങ്ങനെയൊരു വാദമേയില്ല.
കാര്‍ഷിക വിപണി പരിഷ്‌കരണം എന്നപേരില്‍ കുത്തകകളെ അഴിച്ചുവിടാനും ആ രംഗത്തുനിന്നും സര്‍ക്കാര്‍ പിന്മാറാനും ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് കര്‍ഷകരുടെ ആരോപണം.

അതൊരു നയപ്രശ്‌നമാണ്, രാഷ്ട്രീയ പ്രശ്‌നമാണ്. അത് സര്‍ക്കാരും ജനങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു തീര്‍ക്കണം. ഒന്നുകില്‍ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണ് എന്ന് അവരെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം; അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ സമരം പൊളിക്കണം.

ഏതായാലും അതൊക്കെ രാഷ്ട്രീയമാണ്, നിയമപരമല്ല. ഞങ്ങള്‍ ‘എടപെട്ടാള’യും എന്നൊക്കെ ഭീഷണിപ്പെടുത്തുമ്പോള്‍ തോന്നും നാട്ടുകാരുടെ കാര്യത്തില്‍ ബഹുമാനപ്പെട്ട കോടതികള്‍ക്കു അങ്ങേയറ്റത്തെ ആശങ്കയുണ്ടെന്ന്.

അത്രയ്ക്ക് ആശങ്കയുണ്ടെങ്കില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു പരാതികള്‍ നിങ്ങളുടെ മുന്‍പില്‍ ഉണ്ട്. ഇന്ത്യന്‍ പൗരത്വത്തിനു മതം ഒരു ഘടകമാക്കുന്നു എന്നും അത് ഇന്ത്യ എന്ന സങ്കല്പത്തെയും അതിന്റെ സമൂര്‍ത്ത രൂപമായ ഭരണഘടനയെയും വെല്ലുവിളിക്കുന്നു എന്നാണ് പരാതിക്കാര്‍ പറയുന്നത്.

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ആം വകുപ്പ് ഇല്ലാതാക്കുന്ന ഒരു നിയമം പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു പരാതികളുണ്ട്.

ഒരെണ്ണം പോലും കേള്‍ക്കാന്‍ ഇതുവരെ സമയമുണ്ടായിട്ടില്ല. ഒരിടപെടലും കണ്ടിട്ടില്ല. പോട്ടെ, അതൊക്കെ പോട്ടെ,

ഒരു സംസ്ഥാനത്തെ ആളുകളെ മുഴുവന്‍ ബന്ദികളാക്കി നിയമം അടിച്ചേല്‍പ്പിച്ചപ്പോള്‍ അവിടന്ന് കുറെ ഇന്ത്യന്‍ പൗരന്മാരെ ഭരണകൂടം പിടിച്ചികൊണ്ടുപോയിട്ടുണ്ട്. അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍, എന്നുവച്ചാല്‍ ഒരു പൗരന്റെ രക്ഷയ്‌ക്കെത്താന്‍ കോടതിയ്ക്ക് അധികാരം നല്‍കുന്ന നിയമം ഉപയോഗിക്കാനുള്ള അപേക്ഷകള്‍, നിങ്ങളുടെ മുന്‍പില്‍ കെട്ടിക്കിടക്കുന്നുണ്ട്. നിയമവിരുദ്ധമായി സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയ തങ്ങളുടെ ആളുകള്‍ എവിടയെന്നറിയാത്ത പൗരന്മാരുടെ അപേക്ഷകളാണ്.

അതൊന്നും ഒരെണ്ണവും ഇതുവരെ കേള്‍ക്കാന്‍ നിങ്ങള്ക്ക് സമയമുണ്ടായിട്ടില്ല.
ഭരണഘടനയും പൗരന്മാരുടെ മൗലികാവകാശങ്ങളും ലംഘിക്കപ്പെട്ട, ഭരണഘടനപരവും നിയമപരവുമായ വിഷയങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍, കോടതി പരിഗണിക്കേണ്ട, കോടതിയ്ക്കു മാത്രം പരിഗണിക്കാന്‍ അവകാശമുള്ള വിഷയങ്ങള്‍, കൊട്ടയില്‍ ഇട്ടിട്ടു നയപരമായ വിഷയത്തില്‍ ‘എടപെട്ടാള’യും എന്ന് പറയുമ്പോള്‍,

യുവര്‍ ഓണര്‍, ക്ഷമിക്കണം, ആ ആക്ടിവിസത്തില്‍ ചെറിയ സംശയമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KJ Jacob writes on supreme courts interference in farmers protest and talks with centre

കെ ജെ ജേക്കബ്

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more