|

'ഞങ്ങളുടെ അന്നത്തിലാണ് ഭീകരന്മാര്‍ മണ്ണിട്ടതെന്ന് പറയാന്‍ കശ്മീരികള്‍ മടിച്ചില്ല; ഇന്ത്യക്കാര്‍ രാജ്യത്ത് വേണ്ടെന്ന് വെച്ചത് ഭീകരരുടെ സ്‌ക്രിപ്റ്റും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ രക്തം ഇന്ത്യയെ വിഭജനത്തിലേക്കല്ല കൂടുതല്‍ ഐക്യത്തിലേക്കും ഭീകരതയ്ക്കെതിരെയുള്ള വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളിലേക്കും എത്തിക്കണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്.

അടിസ്ഥാനപരമായി സര്‍ക്കാരിന്റെ നയം തീരുമാനിക്കപ്പെടുന്നത് മനുഷ്യരുടെ മനസിലാണെന്നും അവിടെ വെറുപ്പ് പടരാന്‍ നമ്മള്‍ അനുവദിക്കരുതെന്നും കെ.ജെ. ജേക്കബ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നിരപരാധികളായ മനുഷ്യരുടെ രക്തം ഇന്ത്യയിലെ സാധാരണ മുസല്‍മാന്റെ ദേഹത്ത് തെറിപ്പിച്ച്, അവരെയൊന്നാകെ വെറുപ്പിന്റെ കയങ്ങളിലേക്ക് എടുത്തെറിയാനും ഒരു വന്‍ വിഭജനം സാധ്യമാക്കാനുമാണ് ഭീകരര്‍ ശ്രമിച്ചത്. പക്ഷെ അതല്ല രാജ്യത്ത് നടന്നതെന്നാണ് കെ.ജെ. ജേക്കബ് കുറിച്ചത്.

‘സമുദായ സ്പര്‍ധയുണ്ടാക്കാൻ സ്ക്രിപ്റ്റ് തയ്യാറാക്കിയ ശേഷം അതിലെ തങ്ങളുടെ വേഷം ചെയ്തിട്ട് സ്ഥലം വിട്ടാല്‍, ‘ബാക്കി ഇന്ത്യക്കാര്‍ ചെയ്തുകൊള്ളും’ എന്ന പതിവ് ഭീകര ധാരണയിലാണ് അക്രമികള്‍ സാധുക്കളായ മനുഷ്യരുടെ മേല്‍ വെടിയുണ്ട പായിച്ചത്. എന്നാല്‍ ആ സ്‌ക്രിപ്റ്റിലുള്ള കളി വേണ്ട എന്ന് ഇന്ത്യക്കാര്‍ പൊതുവില്‍ തീരുമാനിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്,’ കെ.ജെ. ജേക്കബ് പറഞ്ഞു.

ഭീകരന്മാരെ എല്ലാത്തരം മനുഷ്യരും ഒരുമിച്ച് നിന്ന് എതിര്‍ത്തുവെന്നും ജമ്മു കശ്മീരില്‍ ഹര്‍ത്താല്‍ നടത്തിയെന്നും തങ്ങളുടെ പേരില്‍ ഭീകരപ്രവര്‍ത്തനം വേണ്ടായെന്നും കശ്മീരികള്‍ ഒരുമിച്ചുനിന്ന് പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ അന്നത്തിലാണ് ഭീകരന്മാര്‍ മണ്ണിട്ടതെന്ന് തുറന്നടിക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. ദൈവം അക്രമികളെ ശിക്ഷിക്കുമെന്ന് ശപിക്കാനും അവര്‍ മറന്നില്ല. ആ നാട്ടിലെ മനുഷ്യരെ പരിചയപ്പെട്ടവര്‍ ചിലരെങ്കിലും തത്ക്കാലം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞുവെന്നും കെ.ജെ. ജേക്കബ് പറഞ്ഞു.

ഭീകരന്മാരുടെ കൈയില്‍ നിന്ന് തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ച് വെടികൊണ്ടുവീണ കുതിരക്കാരന്‍ സയ്യദ് ആദില്‍ ഹുസ്സൈന്‍ ഷാ രാജ്യത്തിന്റെ ഹീറോ ആയി. അയാളുടെ കഥകള്‍ ചെറുപ്പക്കാര്‍ പാടിനടക്കുന്നുവെന്നും കെ.ജെ. ജേക്കബ് ചൂണ്ടിക്കാട്ടി.

പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച പ്രകടമായുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ ജിങ്കോയിസ്റ്റിക് വര്‍ത്തമാനം പറയുന്ന ജനറല്‍ ജി.ഡി ബക്ഷി എന്ന പഴയ പട്ടാളക്കാരന്‍ കഴിഞ്ഞ ദിവസം ചിലതൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ കണക്ക് സര്‍ക്കാര്‍ എന്നെങ്കിലും പറയേണ്ടിവരും. പക്ഷെ ഇപ്പോഴല്ല. പ്രതിപക്ഷം പോലും അതെടുത്ത് സര്‍ക്കാരിനെ ആക്രമിച്ചില്ല. സര്‍വകക്ഷി യോഗം ചേരണമെന്നാണ് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് സ്റ്റാലിന്‍ പോലും പിന്തുണ പ്രഖ്യാപിച്ചുവെന്നും കെ.ജെ. ജേക്കബ് പറഞ്ഞു.

സര്‍ക്കാര്‍ എടുത്തുചാടി ഒരു പ്രതികരണവും നടത്തിയില്ലെന്നും പാകിസ്ഥാനോട് പഴയ ലോഹ്യത്തിനില്ല എന്ന മട്ടില്‍ ചില നടപടികള്‍ എടുത്തു എന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ നില്‍ക്കുമെന്ന് കരുതേണ്ടതില്ല. പക്ഷെ ഗ്വാഗ്വാ വിളിക്കില്ല എന്നത് ആശ്വാസകരമാണെന്നും കെ.ജെ. ജേക്കബ് പറഞ്ഞു.

അര്‍ണബ് ഗോസ്വാമിയെപ്പോലുള്ള വായാടികളും മലയാളം എഴുതുന്ന ഊള സംഘികളും പതിവുപോലെ വെറുപ്പുചീറ്റിക്കാന്‍ നോക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസംഘികള്‍ അക്കാര്യത്തില്‍ സംഘികള്‍ക്കും മുന്‍പേ ഓടുന്നുണ്ട്. മൗദൂദികളും സുഡാപ്പികളും പറ്റുന്ന രൂപത്തിലൊക്കെ വെള്ളപൂശാന്‍ നോക്കുന്നുണ്ട്. സംഘികളും ക്രിസംഘികളും ചില വിചിത്ര വാദങ്ങളും നുണകളുമായി കോടതികള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ആ കണക്കും നമുക്ക് സൗകര്യം പോലെ എടുക്കാമെന്നും കെ.ജെ. ജേക്കബ് പറഞ്ഞു.

അപ്പോഴും മലയാളം പറയുന്ന മനുഷ്യര്‍ പൊതുവെ സമനില വിടാതെ നില്‍ക്കുന്നു. കൊള്ളാവുന്ന വര്‍ത്തമാനം അധികമൊന്നും പറഞ്ഞ് കേട്ടിട്ടില്ലാത്ത മേജര്‍ രവി, കശ്മീരില്‍ ജോലിചെയ്തിട്ടുള്ള പഴയ പട്ടാള ഓഫീസറായി നിന്ന് അങ്ങേയറ്റം ഉത്തരവാദിത്തത്തോടുകൂടി സംസാരിക്കുന്നു. എന്താണ് ഭീകരന്മാരുടെ ഉദ്ദേശമെന്ന് ആര്‍ക്കും മനസിലാകുന്ന ഭാഷയില്‍ പറയുന്നു. അത് മനസിലാകാതിരിക്കണമെങ്കില്‍ ഒരാള്‍ സംഘി-ക്രിസംഘി-മൗദൂദി സഖ്യത്തിലെ അംഗമായിരിക്കണമെന്നും കെ.ജെ. ജേക്കബ് പറയുന്നു.

ആ വര്‍ത്തമാനങ്ങളൊക്കെ ആളുകള്‍ സമയത്ത് പറയുകയും സമയത്തുതന്നെ കേള്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിങ്കോയിസവും മപ്പടിച്ചുള്ള നില്‍പ്പുമൊക്കെ ഇനിയും സംഭവിക്കാവുന്നതേയുള്ളൂ. അത് സംഭവിക്കണമെങ്കില്‍ പക്ഷെ സര്‍ക്കാര്‍ വിചാരിക്കണമെന്നും കെ.ജെ. ജേക്കബ് പ്രതികരിച്ചു.

വെടിവെച്ച ഭീകരന്മാരെ പിടികൂടണം. അവര്‍ക്ക് പിന്നിലുള്ള ശക്തികളെ വെട്ടത്തുനിര്‍ത്തണം. പാകിസ്ഥാന്‍ പട്ടാളത്തിന്റെ/ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന ഇപ്പോഴത്തെ സംശയം സ്ഥാപിക്കാനുള്ള തെളിവുകള്‍ കിട്ടിയാല്‍ ഈ കളി നിര്‍ത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടണം. എന്തുതരം വ്യാപാര-നയതന്ത്ര നടപടികള്‍ എടുത്തും അതിന്റെ വില ഉദ്ദേശിച്ചതിലും കൂടുതലാണ് എന്ന് അയല്‍രാജ്യത്തെ ബോധ്യപ്പെടുത്തണമെന്നും കെ.ജെ. ജേക്കബ് പറഞ്ഞു.

Content Highlight: kj jacob react to pahalgam terror attack