കോഴിക്കോട്: കമ്മ്യൂണിസ്റ്റ് നേതാവും ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവുമായ എ.കെ ഗോപാലന്‍ ബാലപീഡനം നടത്തിയെന്ന ആരോപണത്തില്‍ വി.ടി ബല്‍റാം നല്‍കിയ വിശദീകരണത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ്. വി.ടി ബല്‍റാം നല്‍കിയ വിശദീകരണത്തിന്റെ ഓരോ ഭാഗങ്ങള്‍ അക്കമിട്ട് നിരത്തുനന കെ.ജെ ജേക്കബ് അദ്ദേഹത്തോട് ആരോപണത്തിന് തെളിവെവിടെയെന്നാണ് ചോദിക്കുന്നത്.
“ബാലപീഡനം നടത്തിയ കമ്മി നേതാവ് എ.കെ.ജി”യെന്ന വി.ടി ബല്‍റാമിന്റെ കമന്റ് വിവാദമായതിനെതിരെ തുടര്‍ന്ന് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഹിന്ദു പത്രത്തില്‍ വന്ന ഒരു ഫീച്ചറും എ.കെ.ജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളുമാണ് തന്റെ ആരോപണത്തെ സാധൂകരിക്കുന്നത് എന്ന തരത്തില്‍ വി.ടി ബല്‍റാം ഉയര്‍ത്തിക്കാട്ടിയത്.
“ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്” എകെ ഗോപാലന്‍ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു.” എന്നാണ് വി.ടി ബല്‍റാം വിശദീകരിച്ചത്. എന്നാല്‍ ഇക്കാര്യം എ.കെ.ജി തന്നെ പറഞ്ഞിട്ടുണ്ടെന്നും പന്ത്രണ്ടു വയസുകാരിയെ എ.കെ.ജി പ്രണയിച്ചു എന്നതല്ല അദ്ദേഹം ബാലപീഡനം നടത്തിയെന്നതാണ് താങ്കള്‍ ഉയര്‍ത്തിയ ആരോപണമെന്നാണ് കെ.ജെ ജേക്കബ് ബല്‍റാമിനോട് പറയുന്നത്. ഈ ആരോപണത്തിനാണ് തെളിവ് വേണ്ടതെന്നും ജേക്കബ് പറയുന്നു.
“എ.കെ.ജി പന്ത്രണ്ടു വയസുകാരിയെ പ്രണയിച്ചു എന്നല്ല നിങ്ങള്‍ പറഞ്ഞത്, അദ്ദേഹം ബാലപീഡനം നടത്തി എന്നാണ്. നമ്മുടെ സമൂഹം അങ്ങേയറ്റം വെറുക്കുന്ന ഒരു കുറ്റകൃത്യമാണ് ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിരുന്ന മനുഷ്യന്റെ നേരെ നിങ്ങള്‍ ഉന്നയിക്കുന്നത്. ആ ആരോപണത്തിനാണ് തെളിവ് വേണ്ടത്, അല്ലാതെ അദ്ദേഹം പ്രണയിച്ചു എന്നതിനല്ല; അതിനുള്ള തെളിവ് അദ്ദേഹം തന്നെ നല്‍കിയിട്ടുണ്ട്.” കെ.ജെ ജേക്കബ് വിശദീകരിക്കുന്നു.
വിവാഹിതനായ ഒരു വിപ്ലവ നേതാവ് എന്ന വി.ടി ബല്‍റാമിന്റെ വാദത്തെയും ജേക്കബ് ചോദ്യം ചെയ്യുന്നുണ്ട്. “എ.കെ.ജി വിവാഹിതനായിരുന്നു, ആ വിവാഹം ഒഴിഞ്ഞു, ആദ്യ ഭാര്യ വീണ്ടും വിവാഹം കഴിച്ചു എന്ന് ആത്മകഥയില്‍ പറയുന്നുണ്ട്. വിവാഹം ഒഴിയുകയും ആദ്യഭാര്യ പുനര്‍വിവാഹം ചെയ്യുകയും ചെയ്ത ഒരാളെ “വിവാഹിതന്‍” എന്ന് ആ വാക്കിനു വലിയ അര്‍ത്ഥമുള്ള കോണ്ടെക്സ്റ്റില്‍ പ്രയോഗിക്കുന്നത് എന്ത് മര്യാദയാണ്?” എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
എ.കെ.ജിയുടെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍” ആവര്‍ത്തിക്കുകയാണ് താന്‍ ചെയ്തതെന്ന വി.ടി ബല്‍റാമിന്റെ അവകാശവാദത്തെയും ജേക്കബ് ചോദ്യം ചെയ്യുന്നുണ്ട്. “”ബാലപീഡനം” ഏതു പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരമാണ് എന്ന് നിങ്ങള്‍ പറഞ്ഞേ തീരൂ. സുശീലയെ പ്രണയിക്കുമ്പോള്‍ അദ്ദേഹം “വിവാഹിതനാണ്” എന്ന പരാമര്‍ശത്തിനും നിങ്ങള്‍ വിശദീകരണം നല്‍കിയേ തീരൂ.” എന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
“മരിച്ചുപോയ നേതാവിനെക്കുറിച്ച് നിങ്ങള്‍ ഉന്നയിച്ചത് അത്യന്തം ഗൗരവമായ ക്രിമിനല്‍ കുറ്റമാണ്. അതിനു തെളിവ് നല്‍കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്. ” എന്നു പറഞ്ഞാണ് കെ.ജെ ജേക്കബ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കെ.ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:
“വി ടി ബല്‍റാമിന്റെ എ കെ ജിയെപ്പറ്റിയുള്ള ഒരു ക്രിമിനല്‍ കുറ്റാരോപണവും ഒരു ദുസൂചനയും അതിലൊന്നിന് നല്‍കിയ വിശദീകരണവും കണ്ടു.
ക്രിമിനല്‍ കുറ്റാരോപണം: “ബാലപീഡനം നടത്തിയ കമ്മി നേതാവ് എ കെ ജി.”
അതിനുള്ള വിശദീകരണത്തില്‍ “ഹിന്ദു” പത്രത്തില്‍ വന്ന ഒരു ഫീച്ചര്‍ ഉദ്ധരിച്ച് ബല്‍റാം ഇങ്ങിനെ പറയുന്നു:
ഇത് ഹിന്ദു ലേഖകന്‍ പറയേണ്ട ആവശ്യമില്ല, എ.കെ.ജി തന്നെ പറഞ്ഞിട്ടുണ്ട്, ആത്മകഥയില്‍: “വളരെക്കാലമായി ഞാന്‍ ആഗ്രഹിച്ചപോലെ എന്റെ സുഖദുഃഖങ്ങളും പ്രവര്‍ത്തനവും പങ്കിടാന്‍ തയാറുള്ള ഒരാള്‍ എന്റെ ജീവിതസഖാവായിത്തീര്‍ന്നു. ഒന്‍പതുവര്‍ഷം നീണ്ട കാത്തിരിപ്പ് ഞങ്ങളുടെ ജീവിതത്തില്‍ മാധുര്യം കൂടി.”
ദശാബ്ദം എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഒന്‍പതു വര്‍ഷം എന്ന് എ കെ ജി തന്നെ പറയുന്നു. അപ്പോള്‍ അതിലെന്താണ് പുതുതായി ഉള്ളത്? നിങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്ന എന്ത് വെളിപ്പെടുത്തലാണ് “ഹിന്ദു” ലേഖനത്തില്‍ ഉള്ളത്?
പക്ഷെ വിഷയം അതല്ലല്ലോ, ബല്‍റാം. എ.കെ.ജി പന്ത്രണ്ടു വയസുകാരിയെ പ്രണയിച്ചു എന്നല്ല നിങ്ങള്‍ പറഞ്ഞത്, അദ്ദേഹം ബാലപീഡനം നടത്തി എന്നാണ്. നമ്മുടെ സമൂഹം അങ്ങേയറ്റം വെറുക്കുന്ന ഒരു കുറ്റകൃത്യമാണ് ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിരുന്ന മനുഷ്യന്റെ നേരെ നിങ്ങള്‍ ഉന്നയിക്കുന്നത്. ആ ആരോപണത്തിനാണ് തെളിവ് വേണ്ടത്, അല്ലാതെ അദ്ദേഹം പ്രണയിച്ചു എന്നതിനല്ല; അതിനുള്ള തെളിവ് അദ്ദേഹം തന്നെ നല്‍കിയിട്ടുണ്ട്.
രണ്ട്:
“പത്തുനാല്‍പതു വയസ്സുള്ള, വിവാഹിതനായ ഒരു വിപ്ലവ നേതാവ് ഒളിവുകാലത്തു അഭയം നല്‍കിയ വീട്ടിലെ പന്ത്രണ്ടു വയസ്സുകാരിയെക്കുറിച്ച് പറഞ്ഞതാണ്”
“വിവാഹിതനായ വിപ്ലവനേതാവ്” എന്ന് നിങ്ങള്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? എ.കെ.ജി വിവാഹിതനായിരുന്നു, ആ വിവാഹം ഒഴിഞ്ഞു, ആദ്യ ഭാര്യ വീണ്ടും വിവാഹം കഴിച്ചു എന്ന് ആത്മകഥയില്‍ പറയുന്നുണ്ട്. വിവാഹം ഒഴിയുകയും ആദ്യഭാര്യ പുനര്‍വിവാഹം ചെയ്യുകയും ചെയ്ത ഒരാളെ “വിവാഹിതന്‍” എന്ന് ആ വാക്കിനു വലിയ അര്‍ത്ഥമുള്ള കോണ്ടെക്സ്റ്റില്‍ പ്രയോഗിക്കുന്നത് എന്ത് മര്യാദയാണ്?
നിങ്ങള്‍ പറയുന്നതുപോലെ “അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍” ആവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കവകാശമുണ്ട്. പക്ഷെ “ബാലപീഡനം” ഏതു പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരമാണ് എന്ന് നിങ്ങള്‍ പറഞ്ഞേ തീരൂ. സുശീലയെ പ്രണയിക്കുമ്പോള്‍ അദ്ദേഹം “വിവാഹിതനാണ്” എന്ന പരാമര്‍ശത്തിനും നിങ്ങള്‍ വിശദീകരണം നല്‍കിയേ തീരൂ.
അതിനു കഴിവില്ലെങ്കില്‍ ഇല്ലാത്ത ന്യായീകരണങ്ങള്‍ പറഞ്ഞു നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. നിങ്ങള്‍ ആ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യരോട്–അവരില്‍ കോണ്‍ഗ്രസുകാരും ഉണ്ട്–ക്ഷമ ചോദിക്കുക തന്നെ വേണം.
കേരളത്തിലെ ഒരു നിയമസഭംഗം സാധാരണ പുലര്‍ത്തുന്ന മാന്യത പുലര്‍ത്താന്‍ നിങ്ങള്‍ക്കും ബാധ്യതയുണ്ട്.
ഒരിക്കല്‍ക്കൂടി:
മരിച്ചുപോയ നേതാവിനെക്കുറിച്ച് നിങ്ങള്‍ ഉന്നയിച്ചത് അത്യന്തം ഗൗരവമായ ക്രിമിനല്‍ കുറ്റമാണ്. അതിനു തെളിവ് നല്‍കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്. ഇനി അതല്ല വഴിയേ പോകുമ്പോള്‍ മാവിന് കല്ലെറിയുന്ന കുട്ടിയാണ് താന്‍ എന്ന് സ്വയം കരുതാന്‍ രണ്ടാം പ്രാവശ്യം എം.എല്‍.എ ആയ ആള്‍ക്കു അവകാശമുണ്ട്, മാവിന്റെ ഉടമകള്‍ അതംഗീകരിച്ചാലും ഇല്ലെങ്കിലും.”