| Tuesday, 18th August 2020, 9:11 pm

ഫേസ്ബുക്കിന്റെ കച്ചവടം ഭരണകക്ഷിയോട് കണ്ണടക്കുമ്പോള്‍, ജനാധിപത്യത്തിന് സംഭവിക്കുന്നത്

കെ ജെ ജേക്കബ്

ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് സമീപകാലത്തുണ്ടായ ഏറ്റവും പ്രധാനപ്പെട്ട വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്. ബി.ജെ.പിയുമായി ബന്ധപ്പെട്ട രണ്ട് പേരും മറ്റു സംഘനടകളിലെ രണ്ട് പേരും, അതായത് നാല് പേര്‍, വര്‍ഗീയ പ്രചരണം നടത്തിയിട്ടും ഇവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ കമ്പനി തയ്യാറായില്ല എന്നതാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന പ്രധാന വസ്തുത. ഭരണകക്ഷിയുമായി ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരെയോ സംഘടനകള്‍ക്കെതിരെയോ നടപടിയെടുത്ത് കഴിഞ്ഞാല്‍, അത് ഇന്ത്യയിലെ അവരുടെ ബിസിനസിനെ ബാധിക്കും എന്ന കാരണം കൊണ്ടാണ് ഫേസ്ബുക്ക് ഈ നടപടിയെടുക്കാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരെയും മുന്‍പുണ്ടായിരുന്നവരെയും ഉദ്ധരിച്ചുക്കൊണ്ടാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വര്‍ഗീയ പ്രചരണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്ന രണ്ട് പേര്‍ കപില്‍ മിശ്രയും രാജാ സിംഗുമാണ്. ദല്‍ഹി കലാപസമയത്ത് അക്രമത്തിന് ആഹ്വാനം നല്‍കിയ വ്യക്തിയാണ് കപില്‍ മിശ്രയെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കപില്‍ മിശ്രയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എയായ രാജാ സിംഗിന്റെ അക്കൗണ്ടും തടസ്സങ്ങളൊന്നുമില്ലാതെ തന്നെ നില്‍ക്കുന്നു.

വാള്‍സ്ട്രീറ്റ്  റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് മറുപടിയുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ചക്ക് തയ്യാറാകാറില്ല, എങ്കിലും ഈ വിഷയത്തില്‍ കുറച്ചുകൂടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ഫേസ്ബുക്കിന്റെ മറുപടി. തങ്ങള്‍ അതിനുള്ള ശ്രമത്തിലാണെന്നും ഫേസ്ബുക്ക് പറയുന്നു. ഇതിന്റെ അര്‍ത്ഥം റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അവര്‍ സമ്മതിക്കുന്നു എന്നത്
തന്നെയാണ്.

ബി.ജെ.പി, കോണ്‍ഗ്രസ് അല്ലെങ്കില്‍ മറ്റൊരു ഭരണകക്ഷി…ഈ നിലയിലല്ല നമ്മള്‍ ഈ വിഷയത്തെ സമീപിക്കേണ്ടത്. നമ്മെ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമങ്ങള്‍, ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഏതെല്ലാം കണ്ടന്റ് പോകണം പോകരുത് എന്ന് ഒരു വാണിജ്യ സ്ഥാപനം അവരുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കുന്നു എന്നതാണ് നമ്മുടെ പ്രശ്‌നം.

വര്‍ഗീയ പ്രചരണവും കലാപത്തിനുള്ള ആഹ്വാനവും നിലവിലെ നിയമങ്ങള്‍ക്കനുസരിച്ച് കുറ്റകൃത്യങ്ങളാണ്. ഇവര്‍ ഈ കുറ്റകരമായ ആഹ്വാനങ്ങള്‍ നടത്തിയ പ്ലാറ്റ്‌ഫോമുകള്‍ ഈ ആളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല. ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ നടപടികളില്‍ നിന്നും പിന്‍വാങ്ങുന്നത്.

കലാപാഹ്വാനങ്ങളും വിദ്വേഷപ്രചരണങ്ങളുമടങ്ങുന്ന നിയമവിരുദ്ധമായ കണ്ടന്റുകളെ ഏതെങ്കിലും ഒരു വിദേശ വാണിജ്യ സ്ഥാപനത്തിന് ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരാനും അതിനനുസരിച്ച് കാര്യങ്ങള്‍ നടത്താനും സാധിക്കുന്നു എന്നതാണ് ഇതില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ആപത്കരമായ വസ്തുത.

ബി.ജെ.പി ഫേസ്ബുക്കിനെ നിയന്ത്രിക്കുന്നു എന്നതാണ് ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉയര്‍ന്നുവരുന്ന ഒരു വാദം. പക്ഷെ ബി.ജെ.പി അല്ല ഇവിടുത്തെ പ്രശ്‌നം. ഭരണകക്ഷി ആരായിരുന്നാലും നമ്മുടെ നാട്ടില്‍ നിയമലംഘനത്തിന് ആഹ്വാനം കൊടുക്കുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാന്‍, ഭരണകക്ഷിയെ വെറുപ്പിക്കേണ്ട എന്നതിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ തീരുമാനമെടുക്കുന്നു എന്നതാണ് അപകടകരമായ കാര്യം.

നമ്മുടെ ജനാധിപത്യത്തില്‍ പൗരന്മാര്‍ തീരുമാനമെടുക്കുന്നത് അതത് സമയങ്ങളില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യുന്നത്. അപ്പോള്‍ നമുക്ക് ലഭിക്കുന്ന വിവരങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ പുറത്തുണ്ട് എന്നത് ഭീകരമായ കാര്യമാണ്. പൗരന് ലഭ്യമാകുന്ന വിവരങ്ങളുടെ വിഷയത്തില്‍ വ്യാപാര നേട്ടങ്ങള്‍ കടന്നുവരുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

ഇന്ത്യയിലേതുപോലെയുള്ള നിലപാടല്ല അമേരിക്കയില്‍ ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. അമേരിക്കയില്‍ വര്‍ഗീയ പ്രചരണം നടത്തിയ റേഡിയോ ജോക്കിയെയും ഇസ്ലാമിസ്റ്റ് പ്രചാരകനെയും ഫേസ്ബുക്ക് ബാന്‍ ചെയ്തിരുന്നു. അതേ രീതി ഫേസ്ബുക്ക് ഇന്ത്യയില്‍ പിന്തുടരുന്നില്ല.

ജനാധിപത്യത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വിദേശ കമ്പനികളും വിദേശ മൂലധന താല്‍പര്യങ്ങളും ഇടപെടുന്നത് കണ്ടാല്‍ അതില്‍ തുറസ്സായ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഐ.പി.സി, സി.ആര്‍.പി.സി എന്നിവ അനുസരിച്ച് വിഷയത്തില്‍ ഇടപെടേണ്ടത് അനിവാര്യമാണ്.

സംഭവത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഈ ആവശ്യം തികച്ചും ന്യായമാണ്. കാരണം ഇതൊരു ക്രിമിനല്‍ കേസിന്റെ പ്രശ്‌നമല്ല. ഒരു നയത്തിന്റെ പ്രശ്‌നമാണ്.

പുറത്ത് നിന്നുള്ള കമ്പനികളുടെ കച്ചവട താല്‍പര്യങ്ങളെ നമ്മള്‍ അംഗീകരിക്കേണ്ടതുണ്ടോ, ജനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമാകുന്ന ഗേറ്റ് വേകളില്‍ ഈ കമ്പനികളെ അനുവദിക്കാന്‍ സാധിക്കുമോ, കച്ചവട താല്‍പര്യങ്ങളാണ് തങ്ങള്‍ക്ക് വലുതെന്ന് ഇത്തരം കമ്പനികള്‍ തന്നെ പറയുന്ന സ്ഥിതിക്ക് അത്തരം ആള്‍ക്കാരെ നമ്മുടെ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കേണ്ടതുണ്ടോ എന്നീ ചോദ്യങ്ങളെല്ലാം ഈ നയരൂപീകരണത്തില്‍ ചര്‍ച്ചയാകണം.

സാധാരണഗതിയില്‍ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും നമുക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. കാരണം നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി കാര്യങ്ങള്‍ അറിയാനുള്ള അവകാശമുണ്ട്. ആ അവകാശത്തിന് മേല്‍ കച്ചവട താല്‍പര്യങ്ങള്‍ സ്വാധീനം ചെലുത്തുന്നത് ജനാധിപത്യ പ്രക്രിയയെ തന്നെ അട്ടിമറിക്കാന്‍ സാധ്യതയുണ്ട്.

ഈ സംഭവത്തില്‍ എങ്ങനെയാണ് പ്രായോഗികമായി നടപടിയെടുക്കാനാകുക എന്ന ചോദ്യം ഉയരുന്നുണ്ട്. ഉത്തരം വളരെ ലളിതമാണ്. ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്.

ഫേസ്ബുക്ക് നടപടിയെടുക്കുമോ ഇല്ലയോ എന്നുളളതല്ല ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഇന്ത്യന്‍ പാര്‍ലമെന്റ് എങ്ങനെയാണ് ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടത് എന്നതാണ് ഗൗരവതരമായ വിഷയം.

ഫേസ്ബുക്കില്‍ ഒരാള്‍ വര്‍ഗീയ പ്രചരണം നടത്തിയാല്‍ അയാള്‍ക്കെതിരെ കേസെടുക്കണം. ഏത് സമൂഹമാധ്യമത്തിലാണോ ഈ പ്രചാരണം നടന്നത് അവിടെ നിന്നും ഇയാളെ നീക്കം ചെയ്യുന്നതിന് ആ പ്ലാറ്റ്‌ഫോമുകളെ നിര്‍ബന്ധിതരാക്കുന്ന നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരുകള്‍ മുന്നോട്ടുവരണം. അതായത് കപില്‍ മിശ്ര ദല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് ഫേസ്ബുക്കിലിട്ടാല്‍ അയാള്‍ക്കെതിരെ കേസെടുക്കണം. കേസിന്റെ വിധി വരുന്നവരെ അയാളെ ഫേസ്ബുക്കില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള നിയമം നടപ്പില്‍ വരണം.

ഒരാള്‍ അക്രമത്തിനുള്ള ആഹ്വാനം നല്‍കിയാല്‍ അയാളെ ആ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിന്നും ഒഴിവാക്കണമെന്ന് പറയുമ്പോള്‍ നാളെ സര്‍ക്കാരിനെതിരെ സംസാരിക്കുന്ന ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടാവില്ലേ എന്ന ചോദ്യമുണ്ടായേക്കാം. മാത്രമല്ല ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കീഴില്‍ വരുന്ന വിഷയം കൂടിയാണ്. പൗരന്മാരുടെ അവകാശങ്ങള്‍കൂടി സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ ഇത്തരം സംഭവങ്ങളില്‍ ഒരു ജുഡീഷ്യല്‍ ട്രിബ്യൂണലിനെ നിയമിക്കാം. ആ ട്രിബ്യൂണലിന് 24 മണിക്കൂറിലോ 48 മണിക്കൂറിലോ നടപടി സ്വീകരിക്കാന്‍ സാധിക്കണം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പലതും നടക്കുന്നുണ്ട് എന്നത് ഇനിയും അവഗണിക്കാനാവില്ല. ഇതിനൊപ്പം കച്ചവട താല്‍പര്യങ്ങള്‍ കൂടി കടന്നുവരുമ്പോള്‍ അത് ഏറ്റവും അപകടകരമായ കോമ്പിനേഷനായി മാറുകയാണ്.

ഫേസ്ബുക്കിനെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പിയോട് ആവശ്യപ്പെടുമ്പോള്‍

ബി.ജെ.പി സര്‍ക്കാരിനോട് ഫേസ്ബുക്കിനെതിരെ നടപടിയെടുക്കണം എന്നു പറയുന്നതില്‍ ഒരു അസ്വാഭാവികതയുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ പൊതുജനാഭിപ്രായത്തിന് എത്രമാത്രം പ്രാധാന്യം കൊടുക്കും എന്നതില്‍ ഇപ്പോഴും സംശയങ്ങളുണ്ട്. ബി.ജെ.പിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളിടത്തോളം കാലം അവര്‍ അത് ചെയ്യണമെന്നില്ല.

ഈ ഒരു വിഷയത്തില്‍ ബി.ജെ.പിയായാലും കോണ്‍ഗ്രസ് ആയാലും വലിയ വ്യത്യാസങ്ങളൊന്നുമുണ്ടാകില്ല. കാരണം അവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ട്. ഫേസ്ബുക്ക് ആണെങ്കില്‍ തങ്ങളുടെ കച്ചവട താല്‍പര്യങ്ങള്‍ക്കായാണ് നിലകൊള്ളുന്നതെന്ന് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.

പക്ഷെ നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണ്. പൊതുജനാഭിപ്രായത്തിന് വിരുദ്ധമായി സര്‍ക്കാരുകള്‍ക്ക് അധികകാലമൊന്നും നില്‍ക്കാനാകില്ല. അങ്ങനെ സാധിക്കണമെങ്കില്‍ അത് ഒരു സമ്പൂര്‍ണ്ണ ഫാഷിസ്റ്റ് സമൂഹമായിരിക്കണം. ഇന്ത്യ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. ജനാധിപത്യത്തിന്റെ പല രൂപങ്ങളും ദുര്‍ബലമായിരിക്കുകയാണ് എന്നത് സത്യമാണ്. സുപ്രീം കോടതിയുടെ പല വിധികളും നമുക്ക് തന്നെ മനസ്സിലാകുന്നില്ല. പാര്‍ലമെന്റ് പലപ്പോഴും റബ്ബര്‍ സ്റ്റാമ്പായി മാറിക്കഴിഞ്ഞു, ഒറ്റ ദിവസം കൊണ്ടാണ് തീരുമാനങ്ങളെടുക്കുന്നത്. കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത് വെറും 24 മണിക്കൂറിനുള്ളിലാണ്.

മാധ്യമങ്ങളില്‍ പലരും സര്‍ക്കാരിന്റെ ഉച്ചഭാഷിണികളും സര്‍ക്കാരിന് വേണ്ടി കുരക്കുന്ന പട്ടികളുമായി മാറിക്കഴിഞ്ഞു. അങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന പല ഘടകങ്ങളും ദുര്‍ബലമായിരിക്കുകയാണ്. ഇനി വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ട കാര്യങ്ങള്‍ കൂടി കടന്നുവന്നാല്‍ ജനാധിപത്യം ഒന്നുകൂടെ ദുര്‍ബലമാകുകയാണ് ചെയ്യുക.

അതുകൊണ്ട് കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ഇതില്‍ തെറ്റുണ്ട് എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കണം. അറിയാനും അതിനനുസരിച്ച് തീരുമാനങ്ങളെടുക്കാനുമുള്ള തങ്ങളുടെ അടിസ്ഥാനാവകാശത്തിനുമേല്‍ കച്ചവടതാല്‍പര്യങ്ങള്‍ നടത്തുന്ന കടന്നുകയറ്റത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇത്തരം ശ്രമങ്ങളെ ജനാധിപത്യത്തിന്റെ എല്ലാ വേദികളും ഉപയോഗിച്ചുക്കൊണ്ട് എതിര്‍ക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കും പൗരന്മാര്‍ക്കുണ്ട്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ ജനാധിപത്യവിരുദ്ധ ശക്തികളെ തോല്‍പ്പിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇതില്‍ നിന്നും ഒരാള്‍ക്കും മാറിനില്‍ക്കാനുമാകില്ല. ഈ അതിക്രമത്തിനെതിരെ സജീവമായി സംസാരിക്കേണ്ട പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ ജെ ജേക്കബ്

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more