| Tuesday, 13th March 2018, 2:57 pm

ചുവന്ന കൊടി പിടിച്ച് വന്നവര്‍ എത്രപേര്‍ കമ്യൂണിസ്റ്റുകാരായിരിക്കും എന്നറിയില്ല പക്ഷെ അവര്‍ക്കൊരാവശ്യം വന്നപ്പോള്‍ പിടിക്കാന്‍ ഈ കൊടിയേ ഉണ്ടായിരുന്നുള്ളൂ: കെ.ജെ ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചുവന്ന കൊടി പിടിച്ച് വന്നവര്‍ എത്രപേര്‍ കമ്യൂണിസ്റ്റുകാരായിരിക്കും എന്നറിയില്ല പക്ഷെ അവര്‍ക്കൊരാവശ്യം വന്നപ്പോള്‍ പിടിക്കാന്‍ ഈ കൊടിയേ ഉണ്ടായിരുന്നുള്ളൂ എന്ന് കര്‍ഷക സമരത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍
കെ.ജെ ജേക്കബ്. ഒരു മണിക്കൂറില്‍ ഒന്നിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടില്‍ “ഇനി ആത്മഹത്യയില്ല, ഒരുമിച്ചുനിന്നു പോരാടും” എന്ന മുദ്രാവാക്യം ഉയര്‍ത്തിയവര്‍ ആരായാലും അവരാണ് യഥാര്‍ത്ഥ രാഷ്ട്രീയം പറയുന്നവരെന്നും കെ.ജെ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.

അത് ശരിയല്ല എന്ന് ഒരു ശബ്ദം ഇന്ത്യയില്‍ കേള്‍ക്കണമെങ്കില്‍ അത് ഇടതുപക്ഷത്തിന്റേതായിരിക്കുമെന്നും ആ ശബ്ദം മുന്‍പില്ലാത്തവിധം ക്ഷീണിതമായതിന്റെ സന്തോഷത്തിലാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.


Related: ‘ഇനി യോഗിയുടെ യു.പിയില്‍’; ലോംഗ് മാര്‍ച്ചിനു പിന്നാലെ ‘ചലോ ലഖ്‌നൗ’വുമായി കിസാന്‍ സഭ; കര്‍ഷക റാലി 15 ന്


“രണ്ടു ലോക്‌സഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന ത്രിപുരയിലെ വിജയം ആശയപരമായ വിജയമാണ് എന്ന് മുന്നൂറിലധികം വരുന്ന എന്‍.ഡി.എ ലോക്‌സഭാംഗങ്ങള്‍ ഉള്ള പാര്‍ലമെന്ടറി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല. മുരത്ത വര്‍ഗീയത മാറ്റിവച്ചാല്‍ ബി ജെ പി യും കോണ്‍ഗ്രസും ആശയപരമായി എതിരാളികളല്ല. അത് ശരിയല്ല എന്ന് എപ്പോഴെങ്കിലും ഒരു ശബ്ദം ഇന്ത്യയില്‍ കേള്‍ക്കണമെങ്കില്‍ അതിടതുപക്ഷത്തിന്റേതാകണം. ആ ശബ്ദം മുന്പില്ലാത്തവിധം ക്ഷീണിതമായതിന്റെ ശരിയായ സന്തോഷമാണ് മോദിയുടെ വാക്കുകളില്‍ കേട്ടത്.” – അദ്ദേഹം കുറിച്ചു.

ഇന്നലത്തെ ഒത്തുതീര്‍പ്പുകൊണ്ട് കര്‍ഷകന്റെ പ്രശ്‌നം തീരുന്നില്ല. ശാസ്ത്രീയമായി കൃഷിചെയ്യാന്‍, അമിതചൂഷണം ഇല്ലാതാക്കാന്‍ ഒക്കെ ഭരണകൂട ഇടപെടലുകള്‍ ആവശ്യമായി വരും. മെല്ലെയെങ്കിലും കൃഷിഭൂമിയുടെ ഉടമസ്ഥതയും വിളകള്‍ക്ക് ന്യായമായ വിലയും ഉറപ്പാക്കാന്‍ ഭരണകൂടങ്ങള്‍ നിര്ബന്ധിതമാകെണ്ടാതുണ്ടെന്നും കെ.ജെ ജേക്കബ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ത്യ അത്ര പെട്ടെന്നൊന്നും കീഴടങ്ങില്ല, ജനങ്ങൾ തിരിച്ചടിക്കും എന്ന് കഴിഞ്ഞ ദിവസം സി പി എം നേതാവ് ജഗ്മതി സാങ്വൻ പറഞ്ഞത് ഞാൻ എഴുതിയിരുന്നു. ഇന്ത്യൻ ഗ്രാമങ്ങളുടെ ഏറ്റവും യാഥാസ്‌ഥിതികമായ പതിപ്പുകളായ ഹരിയാനയിൽ പുരുഷമേധാവിത്വത്തിന്റെയും ഫ്യൂഡൽ അവസ്‌ഥകളുടെയും സഹസ്രാബ്ദങ്ങൾ പഴക്കമുള്ള പതിവുരീതികളോട് എതിരിട്ടുകൊണ്ട് ജനങ്ങളുടെ ഒപ്പം പ്രവർത്തിക്കുന്ന നേതാവിന്റെ വാക്കുകളായിരുന്നു അവ.

മുനയടിഞ്ഞ പേനകൊണ്ട് ഒരു വര വരച്ചാലെന്നവണ്ണം കിടക്കുന്ന കേരളത്തെ ചുവന്ന നിറത്തിൽ രേഖപ്പെടുത്തി “ഓൾ ദാറ്റ് ഈസ് ലെഫ്റ്റ്” എന്നെഴുതിയ ഇന്ത്യയുടെ ഭൂപടം നമ്മുടെയെല്ലാം വോട്ട്സ്ആപ്പുകളിൽ പലവട്ടം വന്നുപതിച്ച നാളുകളിലാണ് ഞാൻ ജഗ്മതി സാങ്വാനെ കാണുന്നത്. നമ്മുടെ നാടിനു അത്രതന്നെ പരിചിതമല്ലാത്ത രീതികളിൽ തെരഞ്ഞെടുപ്പുഫലങ്ങൾ വന്നുകൊണ്ടിരിക്കുകയും ഇനിയെന്ത് എന്ന് ഇന്ത്യൻ ഇടതുപക്ഷം മാത്രമല്ല ഈ രാജ്യം ജനാധിപത്യത്തിന്റെ മിനിമം അളവുകോലുകൾ കൊണ്ടെങ്കിലും അളക്കപ്പെടണം എന്നാഗ്രഹിച്ചവരെല്ലാം അമ്പരന്നുനിന്ന നാളുകളിലാണ് തെല്ലും കൂസാതെ നിന്ന് “അവർ തിരിച്ചടിക്കും” എന്ന് ആ സമരനായിക ജനങ്ങളുടെ മനസ് വായിച്ചത്.

ദിവസങ്ങൾക്കുശേഷം മുംബൈയിൽ കണ്ടത് അതാണ്.

ഇനി നിങ്ങൾ ആ നഗരപാതയിലൂടെ രാത്രിയിൽ നഗ്നപാദനായി നടന്നുനീങ്ങുന്ന ഒരു പോരാളിയുടെ ഉള്ളിലേയ്ക്ക് ഒന്ന് നോക്കുക. എതിരാളിയ്ക്കു വിലപറഞ്ഞില്ലാതാക്കുന്ന വിചിത്ര പ്രതിഭാസം അരങ്ങുവാഴുന്ന നാട്ടിലേക്കാണ് എതിരാളി ആരെന്നുപോലും തിരക്കാതെ സ്വന്തം ബോധ്യങ്ങളുടെ മാത്രം ഊർജ്ജത്തിൽ അവരെത്തുന്നത്. അതിനുള്ള വേദിയായി അവർ തെരഞ്ഞെടുത്തതോ അവരെന്തിനെതിരെ പോരാടുന്നുവോ ആ ചൂഷണത്തിന്റെ, അതിന്റെ വൃത്തികെട്ട രൂപങ്ങളുടെ, മുഴുവൻ ഗുണഭോക്താക്കളും ആകാശംമുട്ടെ മാളികകൾ കെട്ടിപ്പൊക്കി പുളയ്ക്കുന്ന ഒരു നഗരവും. അവർക്കൊപ്പമുള്ള കൂട്ടുകാരാകട്ടെ അവരുടെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്‌ഥയിലും.


|Related : ഐതിഹാസിക വിജയത്തിന് ശേഷം അവര്‍ മടങ്ങി; ശാന്തരായി, അച്ചടക്കത്തോടെ [ചിത്രങ്ങള്‍]


നിസ്വനായ മനുഷ്യന്റെ ശക്തി, അവന്റെ രാഷ്ട്രീയത്തിന്റെ നേര്.

ഇത്തരമൊരു ചിത്രം ഇതിനുമുൻപ് ഇന്ത്യ ചരിത്രത്തിൽ ഉണ്ടെങ്കിൽ അത് ബക്കിങ്ഹാം കൊട്ടാരത്തിൽ അന്ന് സൂര്യനസ്തമിക്കാത്ത സാമ്രജ്യത്തിന്റെ അധിപൻറെ കാണാൻ അർദ്ധനഗ്നനായി കയറിച്ചെന്ന ഗാന്ധിയാണ്. പറഞ്ഞതെന്തോ ആവട്ടെ, അപ്പുറത്തുനിൽക്കുന്നവന്റെ ആയുധങ്ങളുടെ ശക്തിയിലല്ല, തന്റെ ആവശ്യത്തിന്റെ നേരിലാണ് തന്റെ വിജയം എന്നുറപ്പുള്ള പോരാളിയ്ക്കുമാത്രമാണ് അത്തരം ഒരു കൂടിക്കാഴ്ചയ്ക്കു ധൈര്യമുണ്ടാകുക. തനിക്കുവേണ്ടിക്കൂടി ചക്രവർത്തി വസ്ത്രം ധരിച്ചിട്ടുണ്ടായിരുന്നല്ലോ എന്ന ഗാന്ധിയുടെ പരിഹാസം കേട്ടറിഞ്ഞു ചൂളിപ്പോയിട്ടുണ്ടാകുമായിരിക്കുന്ന മാഞ്ചസ്റ്ററിലെ തുണിമില്ലുകളുടെയും കൂടി സാമ്രാട്ടായിരുന്ന ചക്രവർത്തിയുടെ കഥ ദേവേന്ദ്ര ഫഡ്നാവിസിനും അറിയുമായിരിക്കും; അതുകൊണ്ടുതന്നെ ഒരു കൈയിൽ കൊള്ളുന്ന ഉപ്പുകുറുക്കാൻ ഒരു നാടിനെ മുഴുവൻ ഇളക്കിമറിച്ചു ഗാന്ധിയെത്തിയതിന്റെ വാർഷികത്തിൽ അയാൾ വിവേകമതിയാകാൻ തീരുമാനിച്ചു.

ഇതൊരു ചെറിയ വിജയമല്ല.

രണ്ടു ലോക്സഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന ത്രിപുരയിലെ വിജയം ആശയപരമായ വിജയമാണ് എന്ന് മുന്നൂറിലധികം വരുന്ന എൻ ഡി എ ലോക്സഭാംഗങ്ങൾ ഉള്ള പാർലമെന്ടറി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല. മുരത്ത വർഗീയത മാറ്റിവച്ചാൽ ബി ജെ പി യും കോൺഗ്രസും ആശയപരമായി എതിരാളികളല്ല. അത് ശരിയല്ല എന്ന് എപ്പോഴെങ്കിലും ഒരു ശബ്ദം ഇന്ത്യയിൽ കേൾക്കണമെങ്കിൽ അതിടതുപക്ഷത്തിന്റേതാകണം. ആ ശബ്ദം മുന്പില്ലാത്തവിധം ക്ഷീണിതമായതിന്റെ ശരിയായ സന്തോഷമാണ് മോദിയുടെ വാക്കുകളിൽ കേട്ടത്.

മോദിയുടെ അതെ ലോജിക്ക് തിരിച്ചിട്ടാൽ ത്രിപുരയിലെ ഒരു വിജയം നല്കുമായിരുന്നതിനേക്കാൾ വലിയ ഊർജ്ജം സി പി എമ്മിന്, ഇന്ത്യൻ ഇടതുപക്ഷത്തിനു, സത്യത്തിൽ ഇന്ത്യൻ പ്രതിരോധത്തിന് മുംബൈയിലെ വിജയം നൽകിയിട്ടുണ്ട്. മുംബൈയിലേത് ഒരു തുടർവിജയമല്ല, പ്രഥമ വിജയമാണ്. സകലതും കാൽക്കീഴിലൊതുങ്ങി എന്ന ധാർഷ്ട്യത്തിൽ പ്രതിപക്ഷ മുക്ത ഭാരതത്തിനുവേണ്ടി കരുക്കൾ നീക്കിയവരുടെ കണ്ണുപുകയ്ക്കുന്ന പ്രഹരമാണ് നഖങ്ങളുടെയിടയിൽ മണ്ണുപുരണ്ട കൈകളുമായി വന്ന മനുഷ്യർ നൽകിയത്. അതിന്റെ ആഘാതത്തിൽനിന്നു ഉണരാൻ അവരിത്തിരി സമയമെടുത്തേക്കും. അതുകൊണ്ടു ആ ഇടവേള ആഘോഷത്തിന്റേതാണ്. കൂടുതൽ പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളുടേതും.

*****
സമരത്തിന്റെ സംഘാടകരെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു മണിക്കൂറിൽ ഒന്നിലധികം കർഷകർ ആത്മഹത്യ ചെയ്യുന്ന നാട്ടിൽ “ഇനി ആത്മഹത്യയില്ല, ഒരുമിച്ചുനിന്നു പോരാടും” എന്ന മുദ്രാവാക്യം ഉയർത്തിയവർ ആരായാലും അവരാണ് യഥാർത്ഥ രാഷ്ട്രീയം പറയുന്നവർ. ചുവന്ന തൊപ്പിയും അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചുവന്ന കൊടിയും പിടിച്ചുവന്നവർ എത്രപേർ കമ്യൂണിസ്റ്റുകാരായിരിക്കും എന്നറിയില്ല. അവർ ജീവിതകാലം മുഴുവൻ ആ കൊടി പിടിച്ചുനടക്കുമോ എന്നും അറിയില്ല. ഇതൊക്കെ തെരെഞ്ഞെടുപ്പുവരുമ്പോൾ വോട്ടായി മാറുമോ എന്നും അറിയില്ല. പക്ഷെ അവർക്കൊരാവശ്യം വന്നപ്പോൾ പിടിക്കാൻ ഈ കൊടിയേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് ബാക്കിപത്രം. ആ കോടിയുമായി അവരെത്തി എന്നതും.

സമരച്ചൂടിൽ നിൽക്കുമ്പോഴും ബഹുജനങ്ങളെ വിശ്വാസത്തിലെടുക്കാനും അവരുടെ പിന്തുണയുറപ്പാക്കാനും സമരനേതൃത്വം കാണിച്ച വിവേകം നമ്മൾ അധികമൊന്നും നമ്മുടെ നാട്ടിൽ കാണാറില്ല. സമരത്തിന് പുറത്തുനിൽക്കുന്നവരെക്കൂടി തങ്ങളുടെ ആവശ്യങ്ങളുടെ ന്യായം ബോധ്യപ്പെടുത്താനും അവരുടെ നീതിബോധത്തെക്കൂടി തങ്ങളുടെ സമരത്തിന് ഊർജ്ജമാക്കാനും കാണിച്ച പ്രത്യുത്പന്നമതിത്വം അഭിനന്ദിക്കപ്പടേണ്ടതുണ്ട്. നഗരജീവിതത്തെ ഇവർ അസ്വസ്‌ഥതപ്പെടുത്തും എന്നൊരു പതിവ് നിലവിളി ഉന്നയിക്കാൻ എതിരാളികൾക്ക് അവസരം നൽകിയും, എന്നാൽ അതൊരു വ്യാജ മുദ്രാവാക്യമായിരുന്നു എന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തിയും നടത്തിയ ഉജ്വലമായ ഒരു നീക്കമായിരുന്നു അത്. യാത്രികാർക്കൊപ്പം നിന്ന് അവരുടെ സമരം തങ്ങളുടേതുകൂടിയുമായിരുന്നു എന്നുവിളിച്ചുപറഞ്ഞ മുംബൈയിലെ മനുഷ്യരും ഈ വിജയത്തിന്റെ അവകാശികളാണ്; അവർക്കു അഭിവാദ്യങ്ങൾ.

പലരും ചൂണ്ടിക്കാണിച്ചതുപോലെ ഇന്നലത്തെ ഒത്തുതീർപ്പുകൊണ്ട് കർഷകന്റെ പ്രശ്നം തീരുന്നില്ല. ശാസ്ത്രീയമായി കൃഷിചെയ്യാൻ, അമിതചൂഷണം ഇല്ലാതാക്കാൻ ഒക്കെ ഭരണകൂട ഇടപെടലുകൾ ആവശ്യമായി വരും. മെല്ലെയെങ്കിലും കൃഷിഭൂമിയുടെ ഉടമസ്‌ഥതയും വിളകൾക്ക് ന്യായമായ വിലയും ഉറപ്പാക്കാൻ ഭരണകൂടങ്ങൾ നിര്ബന്ധിതമാകെണ്ടാതുണ്ട്. ചെറിയൊരു സ്വപ്നമല്ല അത്. അതിനുള്ള തുടർസമരങ്ങളാകണം ഇനിയുണ്ടാവുക, അതിനാവും കിസാൻ സഭ നേതൃത്വം കൊടുക്കുക എന്നാണ് ഞാൻ ആഗ്രഹിക്കുക.

ഏതിനും യഥാർത്ഥ മനുഷ്യരുടെ രാഷ്ട്രീയത്തിന് പകരംവയ്ക്കാനാവുന്നതൊന്നും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല എന്നാശ്വസിക്കുക. ചാണക്യന്മാരുടെ സമയം ആ മനുഷ്യർ എണീറ്റ് വരുന്നതുവരെ മാത്രം.

We use cookies to give you the best possible experience. Learn more