തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്ബ്. ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അഭിമാനിക്കാന്‍ തക്ക കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് ഇത്. പക്ഷെ അഭിപ്രായം പറയുന്നതില്‍ നിന്നും ജയില്‍കാട്ടി പൗരനെ ഭീഷണിപ്പെടുത്തി തടയുന്ന ഒരൊറ്റ നിയമം ഒരു തട്ടില്‍ വെച്ചാല്‍ മറ്റേ തട്ടില്‍ മറ്റെന്തു വച്ചാലും ആ കരിനിയമത്തിന്റെ തട്ട് താണിരിക്കുമെന്നും കെ.ജെ ജേക്കബ്ബ് ഫേസ്ബുക്കില്‍ എഴുതി.
നിയമത്തിലില്ലാത്ത ആനുകൂല്യം ചട്ടങ്ങളില്‍ വരുമെന്ന അസംബന്ധം പറഞ്ഞുനടക്കുന്നതിനു പകരം ദുരുപയോഗം തടയാന്‍ നിയമവിദഗ്ധരുമായി ആലോചിച്ചു എസ്.ഒ.പിയില്‍ ഉള്‍ക്കൊള്ളിക്കാനിരിക്കുന്ന കാര്യങ്ങള്‍ ചേര്‍ത്ത് നിയമം പരിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണരൂപം
പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊലീസിന്റെ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്, മുഖ്യമന്ത്രിയുടെ നിലപാടാണ് മന്ത്രിസഭയുടെ നിലപാട്, അതാണ് സി.പി.ഐ.എമ്മിന്റെ നിലപാട്, അതാണ് എല്‍.ഡി.എഫിന്റെ നിലപാട്, അതാണ് ഇടതു രാഷ്ട്രീയത്തിന്റെ നിലപാട് എന്ന നിലയുണ്ട് ഇപ്പോള്‍.
ഏറ്റുമുട്ടല്‍ കൊലകള്‍ പാടില്ല എന്നത് ഇടതുപാര്‍ട്ടികളുടെ പ്രഖ്യാപിത നിലപാടാണ്. ഫാസിസ്റ്റുകള്‍ ഒഴികെയുള്ള എല്ലാ പാര്‍ട്ടികളുടെയും നിലപാടാണ്. കേരളത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എട്ടു മനുഷ്യരെ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ വെടിവച്ചുകൊന്നു.
യു.എ.പി.എ കരിനിയമാണ് എന്നത് ഇടതുപാര്‍ട്ടികളുടെ നിലപാടാണ്. മുഴുവന്‍ പാര്‍ട്ടി സംവിധാനവും എതിര്‍ത്തിട്ടും രണ്ടു ചെറുപ്പക്കാര്‍ പത്തുമാസത്തോളം യു.എ.പി.എ നിയമപ്രകാരം ജയിലില്‍കിടന്നു. ഒരു നീതിയും നടപ്പായില്ല.
ആ എട്ടുപേരുടെ കൊലപാതകങ്ങളില്‍ മുഖ്യമന്ത്രിയ്ക്ക് ഉത്തരവാദിത്തമുണ്ട് എന്നെഴുതിയാല്‍ ജയിലില്‍ പോകേണ്ടിവരുന്ന ഒരു നിയമമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ആ കുട്ടികളെ ജയിലിലടച്ചത് മുഖ്യമന്ത്രി പൊലീസുകാരുടെ ദാസനായതുകൊണ്ടാണ് എന്നു പറഞ്ഞാല്‍ കോടതി കയറേണ്ടിയും വരും.
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അഭിമാനിക്കാന്‍ തക്ക കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് ഇത്. അതുണ്ടാക്കിയ ആശുപത്രികളും കൊടുത്ത മരുന്നുകളും കെട്ടിപ്പൊക്കിയ വീടുകളും പള്ളിക്കൂടങ്ങളും നടത്തിയ പ്രതിരോധങ്ങളും ചെറുത്തുനില്‍പ്പും അതിജീവനമഹാസമരങ്ങളും വെട്ടിയ പുതുവഴികളും ഓര്‍ത്തുവെക്കേണ്ടതാണ്.
പക്ഷെ അഭിപ്രായം പറയുന്നതില്‍നിന്നും ജയില്‍കാട്ടി പൗരനെ ഭീഷണിപ്പെടുത്തി തടയുന്ന ഒരൊറ്റ നിയമം ഒരു തട്ടില്‍വെച്ചാല്‍ മറ്റേ തട്ടില്‍ മറ്റെന്തു വച്ചാലും ആ കരിനിയമത്തിന്റെ തട്ട് താണിരിക്കും. സര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സ് പിന്‍വലിക്കണം.
നിയമത്തിലില്ലാത്ത ആനുകൂല്യം ചട്ടങ്ങളില്‍ വരുമെന്ന അസംബന്ധം പറഞ്ഞുനടക്കുന്നതിനു പകരം ദുരുപയോഗം തടയാന്‍ നിയമവിദഗ്ധരുമായി ആലോചിച്ചു എസ്.ഒ.പിയില്‍ ഉള്‍ക്കൊള്ളിക്കാനിരിക്കുന്ന കാര്യങ്ങള്‍ ചേര്‍ത്തു നിയമം പരിഷ്‌കരിക്കണം.
എല്ലാ രാജ്യങ്ങള്‍ക്കും പട്ടാളമുണ്ട്; പാകിസ്താനില്‍ പട്ടാളത്തിന് ഒരു രാജ്യമുണ്ട് എന്നൊരു തമാശയുണ്ട്. പൊലീസിന് ഭരിക്കാന്‍ കേരളം എന്നൊരു നാടില്ല. അതൊരു തമാശയുമല്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: KJ Jacob On New Kerala Police Act