പറയുന്നത് അല്‍പ്പം ക്രൂഡാണ്. പക്ഷെ പറയാതിരിക്കാന്‍ വയ്യ.
മക്കളുടെയും കൂട്ടുകാരുടെയും മുമ്പിലിട്ടാണ് പെഹ്ലുഖാനെ പശുസംരക്ഷകര്‍ അടിച്ചുകൊന്നത്. പക്ഷെ ഇന്നിപ്പോള്‍ അവര്‍ സ്വതന്ത്രരാണ്. പെഹ്ലുഖാനെ ആരും കൊന്നില്ല എന്നോ പ്രതികള്‍ നിരപരാധികളാണ് എന്നോ ആല്‍വാറിലെ കോടതിയ്ക്കും വിശ്വാസമില്ല. നിരപരാധികളാണെന്ന് കണ്ടല്ല അവരെ വിട്ടയച്ചത്. പക്ഷെ ശിക്ഷിക്കാന്‍ തെളിവുകളില്ല. അവര്‍ സംശയത്തിന്റെ ആനുകൂല്യമുള്ളവരാണ്.
എവിടെപ്പോയി തെളിവുകള്‍? എന്താണ് അന്വേഷണത്തില്‍ സംഭവിച്ചത്?
1: വിഡിയോ ഫൂട്ടേജ്: തെരുവിലിട്ട് മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ. എനിക്കും നിങ്ങള്‍ക്കും അറിയാം ആര് ആരെയാണ് തല്ലുന്നതെന്ന്. പക്ഷെ കോടതിയില്‍ അതുപോര; അത് ഫോറന്‍സിക് ലാബറട്ടറി സര്‍ട്ടിഫൈ ചെയ്യണം. ചെയ്തില്ല. വിഡിയോ റെക്കോര്‍ഡ് ചെയ്ത ആള്‍ സാക്ഷി പറയണം; പറഞ്ഞില്ല.
2: മരണകാരണം: ഹൃദയസ്തംഭനം മൂലമെന്ന് ചികിത്സിച്ച ആശുപത്രി; പരുക്കുകള്‍കൊണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്;.
3. പ്രതികള്‍: പെഹ്ലുഖാന്റെ മരണ മൊഴി പ്രകാരം ആദ്യം ആറുപേരെ പ്രതി ചേര്‍ത്തു. പക്ഷെ പിന്നെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ അവര്‍ സ്ഥലത്തില്ലായിരുന്നു എന്ന് കണ്ടു. പിന്നീടാണ് ഇന്ന് വിട്ടയക്കപ്പെട്ടവരെ പ്രതി ചേര്‍ത്തത്.
4: സാക്ഷിമൊഴി: തിരിച്ചറിയല്‍ പരേഡ് സമയത്തു നടത്തിയില്ല. മക്കള്‍ക്ക് കോടതിയില്‍ പ്രതികളെ തിരിച്ചറിയാന്‍ പറ്റിയില്ല.
5: ചാര്‍ജ് ഷീറ്റ്: പെഹ്ലുഖാന്റെ മക്കളുടെ വക്കീല്‍ പറയുന്നതനുസരിച്ചാണെങ്കില്‍ പോലീസ് ചാര്‍ജ്ഷീറ്റും ക്രൈം ബ്രാഞ്ച് ചാര്‍ജ്ഷീറ്റും പരസ്പര വിരുദ്ധമാണ്.
സമൂഹത്തിനു കുറ്റവാളികളെക്കുറിച്ച് എത്രബോധ്യമുണ്ടായാലും നീതിന്യായക്കോടതിയ്ക്കു സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ച് വിധിപറയാനാകില്ല. സംശയത്തിന്റെ ആനുകൂല്യം പ്രതിയ്ക്കാണ്; അയാള്‍ അപരാധിയാണ് എന്ന് നിസംശയം തെളിയിക്കാനുള്ള ബാധ്യത സ്റ്റെയിറ്റിനാണ്.
അപ്പോള്‍ പ്രതി/കള്‍/ക്ക് സ്റ്റെയ്റ്റില്‍ പിടിപാടുണ്ടെങ്കില്‍, അല്ലെങ്കില്‍ സ്റ്റെയ്റ്റിന് പ്രതികളില്‍ താല്പര്യമുണ്ടെങ്കില്‍, ഫോറന്‍സിക് ലാബില്‍ വിഡിയോ സര്‍ട്ടിഫൈ ചെയ്യണമെന്നില്ല, രേഖകള്‍ വേണ്ടവിധത്തില്‍ കാര്യങ്ങള്‍ പറയണമെന്നില്ല, തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടപ്പോള്‍ നടക്കണമെന്നില്ല; രക്തപരിശോധന സമയത്തു നടത്തണമെന്നില്ല. സാക്ഷി പറയേണ്ടവര്‍ കോടതി മുറിയില്‍ എത്തണമെന്നില്ല.
കോടതിയ്ക്ക് ഒന്നും ചെയ്യാനാകില്ല; സംശയത്തിന്റെ ആനുകൂല്യം പ്രതിയ്ക്ക് അവകാശപ്പെട്ടതാണ്
***
സാവധാനം ആലോചിച്ചാല്‍ ഒരു കാര്യം പകല്‍പോലെ നമ്മുടെ മുന്‍പില്‍ തെളിഞ്ഞുവരും: ഭരണകൂടത്തിന് വേണ്ടപ്പെട്ടവര്‍ കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം എന്നില്ല. അവര്‍ക്കു ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ് ബാധകം ആകണമെന്നില്ല. അവര്‍ക്കുവേണ്ടി വാദിക്കാന്‍ അധികാരം കൈയാളുന്നവര്‍ പരസ്യമായി രംഗത്തുവരും :
പരിഹാസ്യമായ കുറ്റാന്വേഷണവും കണ്ടെത്തലുകളും വൈരുധ്യങ്ങള്‍ നിറഞ്ഞ പരിശോധനാഫലങ്ങളും ഇരകളുടെയും കോടതിയുടെയും മുഖത്തെക്ക് വലിച്ചെറിഞ്ഞു നിയമത്തിന്റെ മുന്നിലൂടെ യോഗ്യന്മാരായി അവര്‍ നടന്നുപോകും; നമ്മള്‍ നിസ്സഹായരായി നോക്കിനില്‍ക്കും. ഒരുവേള കോടതിയും.
പാറ്റേണ്‍ മനസിലായില്ലേ?
ഇത് നടന്നത് അങ്ങ് രാജസ്ഥാനിലാണ് എന്നത് നമുക്ക് ആശ്വസിക്കാന്‍ കാരണമല്ല. ഇതിന്റെ ലക്ഷണങ്ങള്‍ നമ്മുടെ നാട്ടില്‍ നമ്മുടെ കണ്മുന്‍പില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പെഹ്ലുഖാന്‍ കൊല്ലപ്പെട്ടതിനുശേഷവും പശുക്കടത്തില്‍ പ്രതിയായി; ഐ.എ.എസ്സുകാരന്‍ ഓടിച്ച വാഹനമിടിച്ച് മരിച്ച കെ.എം ബഷീറിന് അതുവന്നില്ല എന്നുമാത്രം.
ശരിയാണ്, ആള്‍ക്കൂട്ടക്കൊലയും അപകടമരണവും തമ്മില്‍ താരതമ്യമില്ല; നീതിയുടെ മുന്‍പിലും നിയമത്തിന്റെ മുന്‍പിലും. എനിക്കങ്ങിനെയൊരു വാദവുമില്ല. നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും പ്രതികള്‍ക്ക് അവകാശമുണ്ടെന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമില്ല. ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതില്‍ ഇളവില്ല.
പക്ഷെ,
അവിടെ ആല്‍വാറിലെ കോടതിയുടെ അവസാന വിധിയില്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം കിട്ടുന്നു; ഇവിടെ തുടക്കത്തില്‍ത്തന്നെ കോടതി ദീര്‍ഘനിശ്വാസം വിടുന്നു: പ്രതി സ്വയം തെളിവ് കൊണ്ട് തരുമെന്ന് നിങ്ങള്‍ കരുതിയോ എന്ന ചോദ്യം. അതിത്തിരി ഉറക്കെയായിരുന്നു എന്ന് മാത്രം.
അതുകൊണ്ട്, വലിയ മനുഷ്യര്‍ക്കെതിരെ പൗരന് നീതിയെത്തിച്ചുകൊടുക്കാനുള്ള നമ്മുടെ സംവിധാനത്തിന്റെയും, അതിനെ നിയന്ത്രിക്കുന്നവരുടെയും കഴിവിനെക്കുറിച്ച് എനിക്കുറപ്പില്ല. നീതിപീഠങ്ങളുടെ നിസ്സഹായാവസ്ഥയില്‍ ഒടുങ്ങിപ്പോകുന്ന പൗരാവകാശങ്ങള്‍ക്കു കൂട്ടിരിക്കാന്‍ ഇവിടാളുണ്ടെന്ന വിശ്വാസം എനിക്കിപ്പോഴില്ല. കൊടുംശിക്ഷയല്ല, നിയമത്തിന്റെ പ്രാഥമിക നടപടികള്‍ക്കെങ്കിലും അവരെ വിധേയമാക്കാന്‍, അവരില്‍ നിന്നൊരു ക്ഷമാപണമെങ്കിലും വാങ്ങിയെടുക്കാന്‍ നമുക്കാവുമെന്ന തോന്നല്‍ ഇനിയുമില്ല.
ആള്‍വാര്‍ ഒത്തിരി ദൂരത്തല്ല. ക്ഷമിക്കണം, പറയാതിരിക്കാന്‍ വയ്യ.