| Sunday, 19th August 2018, 3:17 pm

ദുരന്തമുഖത്തെ മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കളോടാണ്.

കേരളം ഇന്നൊരു ട്രാന്‍സിറ്റ് സ്റ്റെയ്റ്റ് ആണ്. വെറും ട്രാന്‍സിറ്റ് സ്റ്റെയ്റ്റ് അല്ല, നാളെ എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ തീരുമാനമില്ലാത്ത ഒരു സ്റ്റെയ്റ്റ്. മൂന്നുലക്ഷത്തിനും നാലുലക്ഷത്തിനും ഇടയ്ക്കു മനുഷ്യര്‍ കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളില്‍ ഇപ്പോള്‍ ഉണ്ട്. ഇന്നലെ കുട്ടനാട് എന്ന് പറയുന്ന പ്രദേശം മുഴുവനായി ഒഴിപ്പിക്കേണ്ടി വന്നു. അവര്‍ക്കെന്നു തിരിച്ചു പോകാന്‍ പറ്റും എന്നറിയില്ല; കൂടുതല്‍ ക്യാംപുകള്‍, കൂടുതല്‍ ആളുകള്‍.. വരുമോ ഇല്ലയോ എന്നറിയില്ല. നമ്മെപ്പോലെ ചെറിയ ഒരു സംസ്ഥാനത്തിന് താങ്ങാന്‍ പറ്റുന്നതിലുമധികം എന്ന് ഞാന്‍ പറയും.

ദുരിതാശ്വാസത്തിന്റെ ആദ്യത്തെ ഘട്ടത്തില്‍ നമ്മള്‍ ഗംഭീരമായി കാര്യങ്ങള്‍ നടത്തി എന്നാണ് എന്റെ വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങള്‍ക്കു വേണമെങ്കില്‍ മാതൃകയാക്കാവുന്ന വിധത്തില്‍ കേരളത്തില്‍ ക്യാമ്പുകള്‍ നടന്നു. സര്‍ക്കാര്‍ മെഷീനറിയും നാട്ടുകാരും സന്നദ്ധ സംഘടനകളും മുന്‍പിലും നേരിട്ട് പങ്കെടുക്കാന്‍ പറ്റില്ലെങ്കിലും പല വിധത്തില്‍ സഹായിച്ച മനുഷ്യരുടെ വലിയ ഒരു കൂട്ടം പിറകിലും.

എന്നാല്‍ ഇനിയങ്ങോട്ട് അങ്ങിനെയാകണം എന്നില്ല. മനുഷ്യരുടെയും ക്യാമ്പുകളുടെയും എണ്ണം വല്ലാതെ കൂടി. നമ്മുടെ കയ്യില്‍ ആകെയുള്ളത് ഇച്ഛാശക്തി മാത്രമാണ്: ദുരിതകാലത്തു നമ്മള്‍ ഒരുമിച്ചു നില്‍ക്കും എന്ന ഉറപ്പ്. അതിന്റെ ബലത്തിലാണ് ഈ മനുഷ്യരെയെല്ലാം നമ്മള്‍ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നത്. ധനമന്ത്രി ഡോ. തോമസ് ഐസക് നേരിട്ടാണ് ആയിരക്കണക്കിന് മനുഷ്യരെ കുട്ടനാട്ടില്‍നിന്നു ക്യാമ്പുകളിലേക്ക് മാറ്റുന്നത്. ആ മനുഷ്യനെ, അയാള്‍ കൂടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ, നാടിനെ ഒക്കെ ഓര്‍ത്ത് കൂടിയാണ് ആളുകള്‍ ഉള്ളതെല്ലാം വിട്ടെറിഞ്ഞു ബോട്ടില്‍ കയറുന്നത്.

Also Read:പെരുന്നാളിനോ വെള്ളിയാഴ്ചയോ പള്ളിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി പണം സ്വരൂപിക്കുക: ആഹ്വാനവുമായി സമസ്ത

ഇനിയങ്ങോട്ട് ക്യാമ്പുകളുടെ നടത്തിപ്പ് കേരളത്തിന് വലിയ വെല്ലുവിളിയാകും. ചരിത്രത്തിലില്ലാത്ത അളവില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വളരെ ദീര്‍ഘകാലത്തേക്ക് നടത്താന്‍ വിധിക്കപ്പെട്ട ഒരു സംവിധാനത്തെക്കുറിച്ചാണ് നമ്മള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യുക. അവിടെ തീര്‍ച്ചയായും കുറ്റങ്ങളും കുറവുകളും വരും. ഇപ്പോള്‍ത്തന്നെ വന്നു തുടങ്ങി. ആയിരക്കണക്കിന് മനുഷ്യര്‍ താമസിക്കുന്ന സ്ഥലത്തു കൃത്യമായ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്‍ സ്ട്രക്ച്ചര്‍ ഉണ്ടായേ പറ്റൂ. ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന കാര്യത്തില്‍, പരിമിതമായ വിഭവങ്ങള്‍ ഏറ്റവും ഉപയോഗപ്രദവും ഫലപ്രദവും നീതിപൂര്‍വ്വകവുമായി വിനിയോഗിക്കപ്പെടാനുള്ള മാര്‍ഗരേഖകള്‍ എന്നിവയൊക്കെ ഉണ്ടാവുകയും നടപ്പിലാക്കുകയും വേണം. ഇതില്‍ അപാകതകള്‍ വന്നു തുടങ്ങി എന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പറയുന്നുണ്ട്; അതോടൊപ്പം അത് പരിഹരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ഉടനെ അവ പ്രാബല്യത്തിലാകേണ്ടതുണ്ട്.

ഒരു പത്രപ്രവര്‍ത്തകന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു എന്നൊരു ധാരണയുണ്ടായാല്‍ അത് പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അയാളുടെ മരണമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മുടെ പണി സര്‍ക്കാരിന്റെ നടപടികളെ ഓഡിറ്റ് ചെയ്യുക, പിഴവുകള്‍ ചൂണ്ടിക്കാണിക്കുക എന്നതുതന്നെയാണ്. ഒരു പിഴവ് കണ്ടാല്‍ അത് തിരുത്താന്‍ അധികാരിയോട് പറയുക എന്നല്ല, അത് നാട്ടുകാരോട് റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് നമ്മുടെ പണി. കാരണം ആ പിഴവ് സിസ്റ്റത്തിന്റെ ഭാഗമാണ്. സിസ്റ്റം പിഴവ് തിരുത്തിയാല്‍ മാത്രമെ അടുത്ത തവണ ആ പിഴവ് ആവര്‍ത്തിക്കാതിരിക്കൂ. അതിനുള്ള നടപടിയെടുക്കേണ്ടതു ജനങ്ങളാണ്; അതൊരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനമെടുക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് നമ്മുടെ പണി.

ദുരിതാശ്വാസത്തിന്റെ വിഷയത്തില്‍ ഇതേ നയം നടപ്പാക്കുന്നത് ഗുണപരമായ ഫലം ഉണ്ടാക്കില്ല എന്നാണ് എന്റെ ബോധ്യം. ചെറിയ ചെറിയ കാര്യങ്ങള്‍ വേണമെങ്കില്‍ കണ്ടില്ലെന്നു നടിക്കാം; ചിലതു അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താം, സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താം. ഒരു സിസ്റ്റമിക് ഫെയിലര്‍–സംവിധാനത്തെ ബാധിക്കുന്ന തരത്തില്‍– ഉണ്ടായാല്‍ മാത്രമേ അത് പൊതുജനത്തെ അറിയിക്കാന്‍ പാടുള്ളൂ എന്നാണ് എന്റെ നിലപാട്. അല്ലാത്തപക്ഷം അത് നടത്തിപ്പുകാരുടെ ആത്മവിശ്വാസം കെടുത്തും. (അവരില്‍ പലരും സര്‍ക്കാരിന്റെ ഭാഗമല്ല എന്നുകൂടി ഓര്‍ക്കണം)

ഒരുദാഹരണം പറയാം. ഇന്നലെ ആലുവ യു.സി കോളേജിലെ ക്യാമ്പില്‍ ചിക്കന്‍ പോക്‌സ് ബാധിച്ച ആളുണ്ട് എന്നൊരു വാര്‍ത്തയെത്തി. സാധാരണ ഗതിയില്‍ ഇത്തരം കാര്യങ്ങള്‍ ഏതൊരു മാധ്യമവും പ്രസിദ്ധീകരിക്കും. കാരണം അതില്‍ ഉടനെ സര്‍ക്കാര്‍ നടപടി ആവശ്യമുണ്ട്, മാത്രമല്ല ശ്രദ്ധിക്കപ്പെടാതെ പോയാല്‍ അതൊരു പകര്‍ച്ചവ്യാധി ആയി മാറും. എന്നാല്‍ ഒരു ക്യമ്പില്‍ അതിനു വേണ്ട ശ്രദ്ധ കിട്ടും; അടിയന്തിരമായി കാര്യങ്ങള്‍ ചെയ്യും. (ആലുവയില്‍ അതാണ് ഉണ്ടായത്). അതേസമയം അത് ലോകം മുഴുവന്‍ അറിഞ്ഞാല്‍ ക്യാമ്പുകളെപ്പറ്റി മോശം അഭിപ്രായം പെട്ടെന്ന് പരക്കും. അതിനു അടിസ്ഥാനമില്ല എങ്കിലും.

അതിനൊരു മറുവശം കൂടിയുണ്ട്. ഇന്നലത്തെ വാര്‍ത്ത ക്യമ്പിലുള്ളവരുടെയും നടത്തിപ്പുകാരുടെയും ഇടയില്‍ വലിയ രോഷമുണ്ടാക്കിയിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിന്റെ ഫലം മാധ്യമപ്രര്‍ത്തകരോടുള്ള അസഹിഷ്ണുതയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടും. പതുക്കെ നമ്മള്‍ അനഭിമതരാകും. ക്യമ്പുകളില്‍ മാധ്യമങ്ങള്‍ക്കു പ്രവേശനം വേണ്ട എന്നൊരു തീരുമാനത്തില്‍ എത്തിയാലും അതിശയിക്കേണ്ട.

Also Read:വിദേശത്തുനിന്നും പണമല്ലാത്ത സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്: മറ്റുസംഘടനകള്‍ വഴിയെത്തിക്കാന്‍ നിര്‍ദേശം

അങ്ങിനെ വന്നാലും കൊള്ളാം എന്ന് പറയുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളത്. ഇപ്പോള്‍ നമ്മള്‍ക്കു മിക്കവാറും കോടതികളില്‍ പ്രവേശനം ഇല്ല. അതില്‍ ആര്‍ക്കും ഒരു പ്രതിഷേധവുമുള്ളതായി ഞാന്‍ കണ്ടിട്ടില്ല. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രത്യേകിച്ച് എന്തെങ്കിലും നഷ്ടമുള്ളതായോ ആര്‍ക്കെങ്കിലും ജോലി പോയതായോ എനിക്കറിയില്ല. പക്ഷെ സമൂഹത്തിനു വലിയ നഷ്ടം ഉണ്ട് എന്നെനിക്കറിയാം. നാട്ടുകാര്‍ അറിയേണ്ട പല സുപ്രധാന വിധികളും, നമ്മുടെ നാടിന്റെ ജനാധിപത്യബോധത്തെത്തന്നെ മുന്നോട്ടുകൊണ്ടുപോകാനുള്ള പല വിധികളും നമ്മള്‍ അറിയാതെ പോകുന്നു.

പ്രണയിച്ചു എന്നതുകൊണ്ട് കോളേജില്‍ നിന്ന് പുറത്താക്കിയ രണ്ടുപേരെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടുകൊണ്ടു കഴിഞ്ഞ ജൂണില്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. പിള്ളേരെ പഠിപ്പിക്കലാണ് കോളേജിന്റെ ഉത്തരവാദിത്തം എന്നും മോറല്‍ പോലീസിംഗ് അവരുടെ പണിയല്ല എന്നുമായിരുന്നു കോടതി ഉത്തരവ്. ഒരു മാസം കഴിഞ്ഞു അതൊരു പോര്‍ട്ടലില്‍ വന്നപ്പോഴാണ് ഒന്നോ രണ്ടോ പത്രങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ സംവിധാനമുണ്ടാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയ ഉത്തരവും അത് സ്റ്റേ ചെയ്ത കാര്യവും. (ഉവ്വ്, അങ്ങിനെയും ഒരു കാര്യം നടന്നു!) അധികം മാധ്യമങ്ങള്‍ അറിഞ്ഞില്ല. ആളുകളും അറിഞ്ഞില്ല.

പബ്ലിക് ഹിയറിങ് എന്ന വിശാല ജനാധിപത്യ തത്വം നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ട കോടതികളില്‍ നടക്കുന്ന കാര്യമാണ് പറയുന്നത്. അങ്ങിനെയല്ലാത്ത ക്യാമ്പുകളില്‍ അപ്പോള്‍ മാധ്യമങ്ങള്‍ക്കു പ്രവേശനം നിഷേധിക്കുക എന്നത് സര്‍ക്കാരിന് പൂ പറിക്കുന്നതുപോലെ എളുപ്പമാണ്; ആരും ചോദിയ്ക്കാന്‍ വഴിയില്ല. (അന്താരാഷ്ട്ര ശ്രദ്ധ വരും എന്നത് മാത്രമാണ് ഒരേയൊരു തടസ്സം).

പക്ഷെ മാധ്യമ ശ്രദ്ധ ക്യാമ്പുകളില്‍മേല്‍ ഇല്ലാതെ വരിക എന്നത് അതിലും വലിയ ദുരന്തമാകും എന്നാണ് എന്റെ ബോധ്യം. പ്രത്യേകിച്ചു ഇത് നീണ്ടുപോയാല്‍. മുന്‍പ് പറഞ്ഞ സിസ്റ്റമിക് ഫെയിലര്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. ആദിവാസികളും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ആവറേജ് മലയാളി കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കൈവരിച്ച പുരോഗതിയുടെ നൂറിലൊരംശം പോലും പോലും കൈവരിച്ചിട്ടില്ലെങ്കിലും പ്രത്യേകിച്ചു പ്രശ്‌നമൊന്നുമില്ലാത്ത ഒരു സമൂഹമാണ് നമ്മുടേത്. അതിനാല്‍ സമൂഹത്തിന്റെ പൊതു നീതിബോധത്തെ മാത്രം ആശ്രയിച്ചു കഴിയുക പത്രപ്രവര്‍ത്തകന് പറ്റില്ല. പരാജയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും തിരുത്തിക്കാനും നമുക്ക് പറ്റേണ്ടതുണ്ട്.

അതുകൊണ്ട് ക്യാമ്പുകളിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുറച്ചു അവധാനത ആകാം എന്നാണ് എന്റെ പക്ഷം. സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലെ കുറവോ മനഃപൂര്‍വ്വമായ അലംഭാവമോ മുന്‍പ് പറഞ്ഞ സിസ്റ്റമിക് ഫെയിലരോ ഒക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടണം; പൊതു കാര്യങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടണം. എന്നാല്‍ ഒരു നടപടി കൊണ്ട് തിരുത്തിക്കാവുന്ന കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നൊരു ഓപ്ഷന്‍ ഈ വിഷയത്തില്‍ നമ്മുടെ മുമ്പിലുണ്ട് എന്നാണ് എന്റെ പക്ഷം.

എന്നുവച്ചാല്‍ ചിക്കന്‍ പോക്‌സ് അല്ലെങ്കില്‍ ഡയറിയ ഉണ്ടെന്നു അറിഞ്ഞാല്‍ അതിനെന്തു നടപടിയെടുത്തു എന്നന്വേഷിക്കുക; അത് പരിഹരിക്കപ്പെടാതെ പോവുകയോ ആവര്‍ത്തിക്കപ്പെടുകയോ ചെയ്താല്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരിക്കും ബുദ്ധി. അതൊരു ബ്രെയ്ക്കിങ് ന്യൂസ് ആക്കുക എന്നത് ഏറ്റവും നല്ല ഓപ്ഷനല്ല.

ഇവരെല്ലാം തിരിച്ചുപോകണം. അവര്‍ക്കു ജീവിതം തിരികെപ്പിടിക്കണം. അതിനുള്ള ശ്രമത്തില്‍ വലിയ പങ്ക് മാധ്യമങ്ങള്‍ക്കുണ്ട്. അത് ചെയ്യാന്‍ നമുക്ക് അവസരം ഉണ്ടാകേണ്ടതുണ്ട്.

എന്നോട് ഇക്കാര്യത്തില്‍ വിയോജിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടാകാം. അവര്‍ക്കു സ്വാഗതം. ലോജിക്കിനോട് ഞാന്‍ ഒരിക്കലും യുദ്ധം ചെയ്യില്ല. കൂടെ കൂടുക എന്നതാണ് എന്റെ നയം.

(രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും രണ്ടു കാര്യങ്ങളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ എനിക്ക് മറ്റൊരഭിപ്രായമുണ്ട്. അത് പിന്നെ പറയാം.)

We use cookies to give you the best possible experience. Learn more