കേരളത്തിലെമ്പാടും ഇപ്പോള്‍ സി.പി.ഐ.എം ജനമുന്നേറ്റ യാത്രകള്‍ നടത്തികൊണ്ടിരിക്കുകയാണ്. നമുക്കുമുമ്പേ നടന്നുപോയ മനുഷ്യര്‍ വളരെ വലിയ പോരാട്ടങ്ങളിലൂടെ അവസാനിപ്പിച്ച മനുഷ്യത്വ വിരുദ്ധതയുടെ പഴയ ഏടുകള്‍ തിരികെപ്പിടിക്കാനുള്ള പുരോഹിതന്‍മാരുടെയും രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ശ്രമങ്ങള്‍ക്കെതിരെ ഒരുകാലത്തു അവരുടെ അതിക്രമങ്ങള്‍ക്കിരയായി നരകിച്ചൊടുങ്ങിയ മനുഷ്യരുടെ പിന്തലമുറയെ അണിനിരത്തേണ്ടതുണ്ട്. അവരെ ചരിത്രം നിരന്തരമായി ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്.
പ്രഭുത്വത്തിന്റെ കാലം കഴിഞ്ഞു എന്നും അവര്‍ക്കിനി ജയിക്കാനാകില്ല എന്ന് അവരെയും നമ്മളെത്തന്നെയും ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളില്‍ മനുഷ്യന്റെ അന്തസ്സില്‍ വിശ്വാസമുള്ള മനുഷ്യരെല്ലാം അണിചേരുന്നുണ്ട്. പാര്‍ട്ടികള്‍ ഉള്ളവരും ഇല്ലാത്തവരും അവരവരുടെ രീതിയില്‍ നാടിന്റെ നന്മകള്‍ കടലടുത്തുപോകാതിരിക്കാനുള്ള ശ്രമങ്ങളില്‍ അവിടവിടെ ഒത്തുചേരുന്നുണ്ട്.
അവയോടൊപ്പം നമ്മള്‍ പണ്ട് പാതിവഴിയിലുപേക്ഷിച്ചുപോന്ന പല പണികളും പൂര്‍ത്തിയാക്കാനുണ്ട് എന്ന് നാടിന്റെ പല കോണുകളിലും നിന്ന് മനുഷ്യര്‍ അലറിപ്പറയാന്‍ തുടങ്ങിയിട്ടുണ്ട്. നവോത്ഥാനം തങ്ങള്‍ക്കു ബാക്കിവച്ചതെന്തെന്നു ദളിതനും ആദിവാസിയും മല്‍സ്യത്തൊഴിലാളിയും തോട്ടം തൊഴിലാളിയും പകുതി ആകാശത്തിന്റെ അവകാശികളായ സ്ത്രീകളും അവിടവിടെയായി ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
അതുകൊണ്ടു ആ ചോദ്യങ്ങള്‍ക്കൊപ്പം വന്നുചേരുന്ന ഓരോ മനുഷ്യനും പ്രതീക്ഷയാണ്. അവ വിജയിക്കേണ്ടതുണ്ട്. അതിലൊരു പങ്ക് സിപിഎമ്മിനുണ്ട്. അവര്‍ നടത്തുന്ന ജാഥകള്‍ക്കുമുണ്ട്
പക്ഷെ, ആ യാത്രകളില്‍ ഒന്നിന്റെ മുന്‍പില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു മനുഷ്യനുണ്ട്.
അയാള്‍ക്കുനേരെ ഒരു പെണ്‍കുട്ടി ലൈംഗികാതിക്രമണ പരാതി സി.പി.ഐ.എമ്മിന് കൊടുത്തിട്ടുണ്ട്. ആ പരാതിയന്വേഷിക്കാന്‍ പാര്‍ട്ടി തന്നെ നിശ്ചയിച്ച നേതാക്കള്‍ തെക്കുവടക്കുനടക്കുമ്പോള്‍ പരാതിക്കാരിയായ പെണ്‍കുട്ടി മഴയത്തു നില്‍ക്കുകയാണ്. അവള്‍കൂടി അംഗമായ യുവജനസംഘടനയുടെ വൃദ്ധനേതാക്കള്‍ പണ്ടുവിളിച്ച സുതാര്യതയുടെയും സാമൂഹ്യനീതിയുടെയും യോഗ്യതയുടെയും മുദ്രാവാക്യങ്ങള്‍ മറവിരോഗം വന്നുതുടങ്ങിയ തലച്ചോറിന്റെ അടരുകളിലെവിടെയോ മറന്നുവച്ചു മറ്റേതോ ലോകത്തിലൂടെ ഒഴുകിനടക്കുന്നു; അക്കാര്യം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ നേരെ ചാടിക്കടിക്കാന്‍ വരുന്നു. സര്‍വ്വകലാശാലയിലും സര്‍ക്കാര്‍ കോര്‍പ്പറേഷനിലും നിയമവും ചട്ടങ്ങളുമെല്ലാം മാറ്റിയെഴുതി സ്വന്തക്കാര്‍ക്ക് ജോലി വീതിച്ചുകൊടുത്തിട്ടു വന്നിരുന്നു നവോത്ഥാനപ്രസംഗം നടത്തുമ്പോള്‍ ചരിത്രം വര്‍ത്തമാനത്തിനു അസൗകര്യമായി വരാം. അപ്പോള്‍ ചാടിക്കടിക്കുക തന്നെയാണ് കാമ്യമായ കാര്യം. അങ്ങനെയല്ലേ?
എങ്കിലും സഖാക്കളേ,
നിങ്ങളുടെ പാര്‍ട്ടിയുടെ നീതിബോധത്തില്‍ വിശ്വസിച്ചു നിങ്ങളോടു പരാതിപറഞ്ഞ ഒരു സഖാവിനോട് നിങ്ങള്‍ക്കൊരു ബാധ്യതയുമില്ലേ? മാടമ്പിത്തരത്തിനെതിരെ പോരാടിയ ചരിത്രം മുഴുവന്‍ വള്ളുവനാട്ടിലെ പൂഴിമണ്ണില്‍ കുഴിച്ചിട്ടു പകരം പഴയ പ്രേതങ്ങളെ കുഴിമാന്തിയെടുത്തു നിങ്ങള്‍ മുമ്പില്‍നിര്‍ത്തുന്നത് ആരെ പറ്റിക്കാനാണ്? ചുരുങ്ങിയതു ആ പെണ്‍കുട്ടി നിങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം തിരിച്ചുനല്‍കാനുള്ള കേവലമായ ഉത്തരവാദിത്തം പോലും നിങ്ങള്‍ക്കില്ലേ?
നിങ്ങളുടെ എണ്ണമറ്റ സമിതികളുടെ അന്തമറ്റ യോഗങ്ങളില്‍ നീതിയ്ക്കുവേണ്ടിയുള്ള ആ പെണ്‍കുട്ടിയുടെ യാചന പ്രതിധ്വനിക്കുന്നില്ലെങ്കില്‍ സഖാക്കളേ, നിങ്ങളെന്തു നവോത്ഥാനത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്? നിങ്ങളേതു ഭാഷയിലാണ് തുല്യനീതിയെപ്പറ്റി സംസാരിക്കുന്നത്? ലിംഗനീതിയെപ്പറ്റി നിങ്ങള്‍ സംസാരിക്കുന്നത് ആരോടാണ്?